‘യുദ്ധമെത്തുന്നു’ നമ്മുടെ നാട്ടിലേക്കും
text_fieldsപ്രതീകാത്മക ചിത്രം
കൊച്ചി: ഇറാനെതിരായ യു.എസ്-ഇസ്രായോൽ ആക്രമണം ഒരാഴ്ച തികയുമ്പോൾ യുദ്ധത്തിന്‍റെ അനന്തര ഫലങ്ങൾ സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളെയും ബാധിച്ച് തുടങ്ങി. എൽ.എൻ.ജി ലഭ്യത മുതൽ കടത്തുകൂലി വർധന വരെ മലയാളിയുടെ നിത്യ ജീവിതത്തിലേക്കും യുദ്ധക്കെടുതിയുടെ അനുരണനങ്ങൾ നീളുകയാണ്. പഴം, പച്ചക്കറി, സമുദ്രോൽപന്ന കയറ്റുമതി രംഗത്തുള്ളവരും വൻ പ്രതിസന്ധിയിലാണ്. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ഗൾഫ് രാജ്യങ്ങളിലേക്കാണ്. അതുകൊണ്ടുതന്നെ, പശ്ചിമേഷ്യയിലെ യുദ്ധഭീതി കൂടുതൽ ഗുരുതരമായി ബാധിക്കുന്നതും കേരളത്തിന്‍റെ കയറ്റുമതി മേഖലയെ ആയിരിക്കും. യുദ്ധം ആരംഭിച്ചതോടെ കേരളത്തിൽ നിന്ന് അരിയുടെയും പലവ്യഞ്ജനങ്ങളുടെയും കയറ്റുമതി ഏറെക്കുറെ നിലച്ചു. അരിയും പലവ്യഞ്ജനങ്ങളുടമടങ്ങിയ നിരവധി കണ്ടെയ്നറുകൾ വിമാനത്തവളങ്ങളിലും തുറമുഖത്തും കെട്ടിക്കിടക്കുന്നതിനാൽ കമ്പനികൾക്ക് വാടകയിനത്തിൽ ദിവസവും ലക്ഷങ്ങൾ ചെലവിടേണ്ട സ്ഥിതിയാണ്.
ഗൾഫ് അടക്കം 25ഓളം രാജ്യങ്ങളിലേക്ക് കേരളത്തിൽ നിന്നുള്ള അരി കയറ്റുമതി താളം തെറ്റിയതായി കമ്പനി ഉടമകൾ പറയുന്നു. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതടക്കം യുദ്ധകാല നടപടികൾ സംസ്ഥാനത്തെ വിമാനത്താവളങ്ങളും കൊച്ചി തുറമുഖവും വഴിയുള്ള പഴം, പച്ചക്കറി, പലവ്യഞ്ജനങ്ങൾ, അരി എന്നിവയുടെ കയറ്റുമതിക്ക് കനത്ത തിരിച്ചടിയായി. ഹോർമുസ് കടലിടുക്ക് അടച്ചതും ജീവനക്കാരുടെ സുരക്ഷയും കണക്കിലെടുത്ത് കേരളത്തിൽ നിന്നടക്കം പശ്ചിമേഷ്യയിലേക്കുള്ള കാർഗോ ബുക്കിങ് എം.എസ്.സി മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി പൂർണമായും നിർത്തിവെച്ചു.
ഗൾഫ് രാജ്യങ്ങളിലേക്ക് വിമാനമർഗമുള്ള പച്ചക്കറി കയറ്റുമതി നാലിലൊന്നായി കുറഞ്ഞെന്നാണ് കണക്ക്. യുദ്ധം തുടർന്നാൽ ഇത് പൂർണമായി സ്തംഭിക്കും. റമദാൻ സീസൺ കടന്നു പോകവെ എളുപ്പത്തിൽ കേടാവുന്ന പച്ചക്കറികളും പഴങ്ങളും യഥാസമയം കയറ്റിയയക്കാനാകാതെ വരുന്നത് കമ്പനികൾക്ക് കോടികളുടെ നഷ്ടമുണ്ടാക്കും. കേരളത്തിൽ നിന്നുള്ള സമുദ്രോൽപന്ന കയറ്റുമതിയുടെ പത്ത് മുതൽ പതിനഞ്ച് ശതമാനം വരെ ഗൾഫ് രാജ്യങ്ങളിലേക്കാണ്. യുദ്ധത്തെ തുടർന്ന് കയറ്റുമതി മേഖലയിലുണ്ടായ പ്രതിസന്ധി മൂലം ഇതിനകം 300 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. രാസവളം നിർമാണത്തിനാവശ്യമായ പ്രകൃതിവാതകത്തിന്‍റെ ലഭ്യത മുടങ്ങിയത് വളം നിർമാണത്തെയും ബാധിച്ചു. ഇതിനിടെ, ഷിപ്പിങ് കമ്പനികൾ സുരക്ഷയുടെ പേരിൽ കണ്ടെയ്നറുകൾക്ക് 2000 മുതൽ 4000 ഡോളർ വരെ അടിയന്തര സർചാർജ് ഏർപ്പെടുത്തിയതും കയറ്റുമതി മേഖലക്ക് ഇരുട്ടടിയായെന്ന് കേരള എക്സ്പോർട്ടേഴ്സ് ഫോറം സെക്രട്ടറി മുൻഷിദ് അലി പറഞ്ഞു.
നെടുമ്പാശ്ശേരിയിൽ നിന്ന് കയറ്റുമതി ഇടിഞ്ഞു
നെടുമ്പാശ്ശേരി: പശ്ചിമേഷ്യയിലെ സംഘർഷം മൂലം നെടുമ്പാശ്ശേയിൽ നിന്നുള്ള ചരക്ക് കയറ്റുമതി പകുതിയായി കുറഞ്ഞു. വിമാന സർവിസുകൾ പലതും പുനഃരാരംഭിച്ച് തുടങ്ങിയെങ്കിലും നിറയെ യാത്രക്കാരായതിനാൽ കൂടുതൽ ചരക്ക് കയറ്റുവാൻ കഴിയുന്നില്ല. പ്രതിദിനം 150 ടൺ ചരക്ക് കയറ്റിയയച്ചിരുന്നിടത്ത് ഇപ്പോൾ 80 ടൺ ചരക്കു പോലും പല ദിവസങ്ങളിലും അയക്കാനാവുന്നില്ല. തുടർന്ന് കയറ്റുമതി ഏജൻസികളോട് ചരക്കുകൾ പരമാവധി കുറക്കാൻ നിർദേശിച്ചിരിക്കുകയാണ്. നെടുമ്പാശ്ശേരിയിൽ നിന്ന് ചരക്കുവിമാന സർവിസില്ല. കെട്ടിക്കിടക്കുന്ന ചരക്ക് വെള്ളിയാഴ്ച പ്രത്യേക വിമാനത്തിൽ അയക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

