Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഞ്ചസാര ഉത്പാദനത്തിൽ ഇടിവ്; എഥനോൾ നിർമാണത്തിന് കരിമ്പ് ഉപയോഗിക്കുന്നത് കേന്ദ്രം വിലക്കും

text_fields
bookmark_border
sugarcane
cancel
camera_alt

കരിമ്പുമായി തൊഴിലാളികൾ

ന്യൂഡൽഹി: രാജ്യത്ത് പഞ്ചസാര ഉത്പാദനത്തിൽ വൻ ഇടിവ് നേരിട്ടതോടെ കേന്ദ്രസർക്കാർ നിർണായക തീരുമാനത്തിന് ഒരുങ്ങുന്നു. 2026-27 എഥനോൾ വിതരണ വർഷം മുതൽ കരിമ്പ് ജ്യൂസ്, സിറപ്പ്, ബി-ഹെവി മൊളാസസ് (പഞ്ചസാര നീക്കം ചെയ്ത ശേഷമുള്ള കട്ടിയുള്ള കരിമ്പ് സിറപ്പ്) എന്നിവ എഥനോൾ ഉത്പാദനത്തിനായി ഉപയോഗിക്കുന്നത് കേന്ദ്രം വിലക്കും. നവംബർ മുതൽ ആരംഭിക്കുന്ന പുതിയ എഥനോൾ വർഷം മുതൽ ഈ വിലക്ക് പ്രാബല്യത്തിൽ വരും എന്നാണ് വിവരം. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.

2025-26 പഞ്ചസാര സീസണിൽ പ്രാരംഭ കണക്കുകളേക്കാൾ ഏകദേശം 11% കുറവാണ് ഉത്പാദനത്തിൽ ഉണ്ടായിരിക്കുന്നത്. ഇതിന് പുറമെ കരിമ്പ് കൃഷിയിൽ മുൻപന്തിയിൽ നിൽക്കുന്ന മഹാരാഷ്ട്രയിലും കർണാടകയിലും രൂക്ഷമായ വരൾച്ച അനുഭവപ്പെടുന്നതിനാൽ ഈ വർഷവും ഉത്പാദനം ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് സൂചന.

ആഭ്യന്തര വിപണിയിൽ പഞ്ചസാരയുടെ ലഭ്യത ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. സെപ്റ്റംബർ 30 ന് അവസാനിച്ച പഞ്ചസാര സീസണിൽ മില്ലുകൾ ഏകദേശം 30 ലക്ഷം ടൺ പഞ്ചസാര, അതായത് മൊത്തം ഉത്പാദനത്തിന്റെ 10% എത്തനോൾ നിർമാണത്തിനായി ഉപയോഗിച്ചിരുന്നു. എന്നാൽ ഇത്തവണ അത് അനുവദിക്കാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാട്.

ഒക്ടോബർ 1ന് ആരംഭിച്ച പുതിയ പഞ്ചസാര സീസണിൽ വെറും 37.5 ലക്ഷം ടൺ ശേഖരവുമായാണ് തുടക്കം. കഴിഞ്ഞ വർഷം ഇതേ സമയം 50 ലക്ഷം ടൺ ആയിരുന്നു ശേഖരം. ഈ കുറവ് തന്നെയാണ് സർക്കാരിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിക്കുന്നത്.

പെട്രോളിൽ നിർബന്ധമായും കലർത്തേണ്ട ഹരിത ഇന്ധനമായ എഥനോളിന്റെ ലക്ഷ്യം കൈവരിക്കാൻ എത്ര അളവിൽ കരിമ്പ് ജ്യൂസും മൊളാസസും ഉപയോഗിക്കാം എന്ന് സർക്കാർ ഓരോ വർഷവും നിശ്ചയിക്കാറുണ്ട്. എഥനോൾ വിതരണ വർഷം നവംബർ 1 മുതൽ ഒക്ടോബർ 31 വരെയാണ്, എന്നാൽ പഞ്ചസാര സീസൺ ഒക്ടോബർ 1 മുതൽ സെപ്റ്റംബർ 30 വരെയാണ്.

കരിമ്പ് ജ്യൂസിന്റെയും ബി-ഹെവി മൊളാസസിന്റെയും ഉപയോഗം വിലക്കിയാൽ മില്ലുകൾക്ക് ലഭ്യമായ കരിമ്പിൽ നിന്ന് കൂടുതൽ പഞ്ചസാര ഉത്പാദിപ്പിക്കാൻ കഴിയും. ഇത് ആഭ്യന്തര ആവശ്യം നിറവേറ്റാൻ സഹായിക്കും. എന്നാൽ ഈ നീക്കം എഥനോൾ ഉത്പാദനത്തെ കാര്യമായി ബാധിക്കില്ലെന്നാണ് സർക്കാർ വിലയിരുത്തൽ.

സർക്കാർ കണക്കുകൾ പ്രകാരം എഥനോളിനായി ഉപയോഗിക്കുന്ന പഞ്ചസാരയുടെ അളവ് 2022-23 ൽ 12% ആയിരുന്നത് 2025-26 ൽ 9% ആയി കുറഞ്ഞിട്ടുണ്ട്. കൂടാതെ രാജ്യത്ത് ഉത്പാദിപ്പിക്കുന്ന എഥനോളിന്റെ നാലിൽ മൂന്ന് ഭാഗവും ഇപ്പോൾ ധാന്യങ്ങളിൽ നിന്നാണ്, പ്രത്യേകിച്ച് ചോളത്തിൽ നിന്ന്. അതിനാൽ പഞ്ചസാരയെ അടിസ്ഥാനമാക്കിയുള്ള അസംസ്കൃത വസ്തുക്കളെ ആശ്രയിക്കുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Centre Bans Sugarcane Juice For Ethanol
Next Story