രാജ്യത്ത് പഞ്ചസാരയുടെ വില കുറഞ്ഞു; വിപണിയിൽ കർശന നിരീക്ഷണവുമായി കേന്ദ്ര സർക്കാർ
text_fieldsന്യൂഡൽഹി: രാജ്യത്ത് പഞ്ചസാരയുടെ വിലയിൽ കുറവുണ്ടായിട്ടും വിപണിയിൽ ജാഗ്രത കൈവിടാതെ കേന്ദ്ര സർക്കാർ. കഴിഞ്ഞ ഓഗസ്റ്റിൽ കിലോഗ്രാമിന് 65 രൂപ വരെയായി ഉയർന്ന ചില്ലറ വിൽപ്പന വില, നിലവിൽ 53 രൂപയായാണ് കുറഞ്ഞിരിക്കുന്നത്. എങ്കിലും വിപണിയിലെ വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനം.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഏകദേശം 46 രൂപയായിരുന്നു ഒരു കിലോഗ്രാം പഞ്ചസാരയുടെ വില. ഈ വർഷം ജൂലൈയിൽ ഇത് 47 രൂപയായിരുന്നെങ്കിലും പിന്നീട് കുതിച്ചുയർന്ന് 65 രൂപയിലെത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ വിപണിയിൽ ലഭ്യത ഉറപ്പാക്കാനായി കഴിഞ്ഞ ഓഗസ്റ്റിൽ പത്ത് ലക്ഷം ടൺ അസംസ്കൃത പഞ്ചസാര തീരുവ രഹിതമായി ഇറക്കുമതി ചെയ്യാൻ സർക്കാർ അനുമതി നൽകിയിരുന്നു. കൂടാതെ കൃത്രിമക്ഷാമവും പൂഴ്ത്തിവെപ്പും കണ്ടെത്താൻ കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥർ പഞ്ചസാരമില്ലുകളിൽ നേരിട്ട് പരിശോധനകളും നടത്തിവരുന്നുണ്ട്.
വിലയിൽ അൽപ്പം ആശ്വാസം ലഭിച്ചെങ്കിലും സെപ്റ്റംബർ 15-ന് സർക്കാർ ഡീലർമാരുടെ സ്റ്റോക്ക് പരിധി 4,000 ക്വിന്റലിൽ നിന്ന് 2,000 ക്വിന്റലായി വെട്ടിക്കുറച്ചിരുന്നു. വിപണിയിലെ ഊഹക്കച്ചവടവും പൂഴ്ത്തിവെപ്പും തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നടപടി. ഇതിനുപുറമേ വൻകിട ഉപഭോക്താക്കൾ തങ്ങളുടെ കൈവശമുള്ള സ്റ്റോക്കിന്റെ വിവരങ്ങൾ എല്ലാ വെള്ളിയാഴ്ചയും ഭക്ഷ്യ വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ വഴി അറിയിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
തുടർന്ന് ഒക്ടോബർ 1-ന് സർക്കാർ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചു. ഒക്ടോബർ 15 മുതൽ നവംബർ 30 വരെയുള്ള ഉത്സവകാലത്ത് ഡീലർമാർക്ക് പരമാവധി 1,000 ക്വിന്റൽ പഞ്ചസാര മാത്രമേ കൈവശം വെക്കാൻ പാടൂ എന്ന് പുതിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഇത് പരമാവധി 15 ദിവസത്തേക്ക് മാത്രമേ സൂക്ഷിക്കാൻ അനുവാദമുള്ളൂ. ഉത്സവകാലത്ത് സാധനങ്ങൾ സുലഭമായി ലഭ്യമാക്കാനും പൂഴ്ത്തിവെപ്പുകൾ പൂർണ്ണമായി ഒഴിവാക്കാനുമാണ് ഈ മുൻകരുതലുകളെന്ന് സർക്കാർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

