രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്റ്റാർട്ട്അപ് ഓഹരി വിപണിയിലേക്ക്
text_fieldsമുംബൈ: ഉത്പന്നങ്ങൾ അതിവേഗം വിതരണം ചെയ്യുന്ന സെപ്റ്റോ പ്രഥമ ഓഹരി വിൽപന (ഐ.പി.ഒ) ക്ക് ഒരുങ്ങുന്നു. 1.3 ബില്ല്യൻ ഡോളർ അതായത് 11,000 കോടി രൂപ സമാഹരിക്കാനുള്ള ഐ.പി.ഒക്കാണ് തയാറെടുക്കുന്നത്. നാല് വർഷം മുമ്പ് സ്ഥാപിച്ച സെപ്റ്റോയുടെ ഐ.പി.ഒ പൂർത്തിയാകുന്നതോടെ ഓഹരി വിപണിയിലെത്തുന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്റ്റാർട്ട് അപ് ആകും.
സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡിനും സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്കും സെപ്റ്റോ രഹസ്യമായി ഐ.പി.ഒ അപേക്ഷ സമർപ്പിച്ചതായാണ് റിപ്പോർട്ട്. നേരത്തെ, സ്വിഗ്ഗി, മീഷോ, ഗ്രോ തുടങ്ങിയ കമ്പനികളും അപേക്ഷ സമർപ്പിച്ചിരുന്നത് രഹസ്യമായാണ്. അടുത്ത വർഷം ജൂലൈ-സെപ്റ്റംബർ കാലയളവിൽ ഐ.പി.ഒ ഓഹരി വിപണിയിലെത്തുമെന്നാണ് സൂചന. അപേക്ഷ സമർപ്പിച്ചതിനെ കുറിച്ച് സെപ്റ്റോ നേതൃത്വം പ്രതികരിച്ചിട്ടില്ല.
കൈവല്യ വോഹ്റയും ആദിത് പാലിച്ചയും ചേർന്ന് സ്ഥാപിച്ച ക്വിക് കൊമേഴ്സ് രംഗത്തെ പ്രധാന കമ്പനിയാണ് സെപ്റ്റോ. പത്ത് മിനിട്ടിനുള്ളിൽ പലചരക്ക് അടക്കമുള്ള ഉത്പന്നങ്ങൾ ഡെലിവറി ചെയ്യുന്ന കമ്പനിയുടെ ഐ.പി.ഒക്ക് ഡിസംബർ 23നാണ് ഓഹരി ഉടമകൾ അനുമതി നൽകിയത്.
ഒല ഇലക്ട്രിക്, ഹൊനാസ കൺസ്യൂമർ തുടങ്ങിയ സ്റ്റാർട്ട്അപുകൾ നിലവിൽവന്ന് ആറ് വർഷങ്ങൾക്ക് ശേഷമാണ് ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങിയത്. ഫ്ലിപ്കാർട്ട്, ഫോൺപേ, ഷാഡോഫാക്സ്, ഷിപ്റോക്കറ്റ്, ക്യുയർഫുഡ്സ് തുടങ്ങിയ കമ്പനികളും അടുത്ത വർഷം ഐ.പി.ഒക്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. ചെറുകിട നിക്ഷേപകരുടെ പിന്തുണയിൽ കുതിച്ചുയർന്ന ഐ.പി.ഒ വിപണി അടുത്ത വർഷവും തകർപ്പൻ നേട്ടം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.
സിങ്കപ്പൂരിൽ സ്ഥാപിതമായ സെപ്റ്റോ ജനുവരിയിലാണ് ഇന്ത്യയിലേക്ക് പറിച്ചുനട്ടത്. നിലവിൽ ഓഹരി വിപണിയിൽ വ്യാപാരം ചെയ്യപ്പെടുന്ന സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ കമ്പനികളുമായാണ് ബംഗളൂരു ആസ്ഥാനമായ സെപ്റ്റോ മത്സരിക്കുക. സ്വിഗ്ഗിയുടെ ഇൻസ്റ്റമാർട്ട്, സൊമാറ്റോയുടെ ബ്ലിങ്കിറ്റ്, ഫ്ലിപ്കാർട്ടിന്റെ മിനുട്ട്സ്, ആമസോൺ നൗ തുടങ്ങിയവയാണ് ക്വിക്ക് കൊമേഴ്സ് രംഗത്തെ മുൻനിര കമ്പനികൾ.
കഴിഞ്ഞ ആഴ്ച കമ്പനി റജിസ്ട്രാർക്ക് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം 9669 കോടി രൂപയാണ് സെപ്റ്റോയുടെ വരുമാനം. മുൻ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 129 ശതമാനത്തിന്റെ വർധനവുണ്ടായെങ്കിലും നഷ്ടം ഇരട്ടിയാകുകയാണുണ്ടായത്. 1214 കോടി രൂപയായിരുന്ന നഷ്ടം 3367 കോടി രൂപയായാണ് ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

