മത്സരം നഷ്ടം ഇരട്ടിയാക്കി; സൗജന്യ ഡെലിവറി വെട്ടിക്കുറച്ച് കമ്പനികൾ
text_fieldsമുംബൈ: പലചരക്ക് സാധനങ്ങൾ പത്ത് മിനിട്ടിൽ വിതരണം ചെയ്യുമെന്ന് വാഗ്ദാനം ചെയ്യുന്ന കമ്പനികൾ തമ്മിലുള്ള മത്സരം കടുക്കുന്നതായി റിപ്പോർട്ട്. മത്സരം ശക്തമായത് കാരണം നഷ്ടം കൂടിയതോടെ സൗജന്യ വിതരണ പരിധി വെട്ടിക്കുറച്ചിരിക്കുകയാണ് സെപ്റ്റോ. നേരത്തെ 99 രൂപ വരെയുള്ള ഉത്പന്നങ്ങൾ വാങ്ങിയാൽ സൗജന്യമായി വിതരണം ചെയ്തിരുന്നത് കമ്പനി നിർത്തി. ഇനി സൗജന്യ ഡെലിവറി വേണമെങ്കിൽ ചുരുങ്ങിയത് 149 രൂപക്കെങ്കിലും ഓർഡർ ചെയ്യണം. ഇതിൽ കുറഞ്ഞ തുകയുടെ ഉത്പന്നങ്ങളുടെ വിതരണത്തിന് 20 രൂപയാണ് ചാർജ് ഈടാക്കുക. അതേസമയം, ഹാൻഡ്‍ലിങ്, കൺവീനിയൻസ് ഫീസുകളും തിരക്കുള്ള സമയങ്ങളിലെ ഓർഡറുകൾക്കുള്ള സർജ് ചാർജും രാത്രി വൈകി വിതരണത്തിനുള്ള ലേറ്റ് നൈറ്റ് ചാർജും ഈടാക്കില്ല.
സൊമാറ്റോയും സ്വിഗ്ഗിയും അരങ്ങുവാഴുന്ന വിപണി പിടിച്ചെടുക്കുകയെന്ന ലക്ഷ്യമിട്ടാണ് നവംബറിൽ സെപ്റ്റോ സൗജന്യ വിതരണ പരിധി കൂട്ടിയത്. 99 രൂപ വരെയുള്ള ഓർഡറുകൾക്ക് സെപ്റ്റോ മാത്രമാണ് സൗജന്യ വിതരണം നൽകിയിരുന്നത്. അതോടെ രാജ്യത്തെ ഏറ്റവും ജനപ്രിയ ഡെലിവറി ആപ് ആയി സെപ്റ്റോ മാറിയിരുന്നു. ഈ വർഷം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള പദ്ധതിയും ഈ നീക്കത്തിന് പിന്നിലുണ്ടായിരുന്നു. ജൂലൈയിൽ സെപ്റ്റോയുടെ ഐ.പി.ഒ ഓഹരി വിപണിയിലെത്തുമെന്നാണ് സൂചന. കമ്പനി റജിസ്ട്രാർക്ക് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം സെപ്റ്റോയുടെ വരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് 2024-25 കാലയളവിൽ 129 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, നഷ്ടം 1214 കോടി രൂപയിൽനിന്ന് 3367 കോടി രൂപയിലേക്ക് കൂപ്പുകുത്തി.
നേരത്തെ സെപ്റ്റോയുടെ പ്രഖ്യാപനത്തിന് പിന്നാലെ സ്വിഗ്ഗിയുടെ ഇൻസ്റ്റമാർട്ടും കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. 299 രൂപക്ക് മുകളിലുള്ള ഓർഡറുകൾക്ക് സൗജന്യ ഡെലിവറിയും ഹാൻഡ്‌ലിങ്, സർജ് ചാർജുകൾ ഒഴിവാക്കാനുമായിരുന്നു സ്വിഗ്ഗിയുടെ തീരുമാനം. എങ്കിലും 99 രൂപയിൽ കുറഞ്ഞ ഓർഡറുകൾക്ക് 30 രൂപയുടെ ഡെലിവറി ചാർജും 15 രൂപയുടെ സ്മാൾ കാർട്ട് ചാർജും 9.80 രൂപയുടെ ഹാൻഡ്‍ലിങ് ഫീസും 18 ശതമാനം ജി.എസ്.ടിയും അടക്കം മൊത്തം 65 രൂപ ഈടാക്കുന്നുണ്ട്.
അതേസമയം, മത്സരം കടുത്തിട്ടും സൗജന്യ വിതരണ പരിധി വർധിപ്പിക്കാനോ മറ്റു ചാർജുകൾ ഒഴിവാക്കാനോ എറ്റേണലിന്റെ (സൊമാറ്റോ) ബ്ലിങ്കിറ്റ് തയാറായിട്ടില്ല. നിലവിൽ 199 രൂപക്ക് മുകളിലുള്ള ഓർഡറുകൾ സൗജന്യമായാണ് ബ്ലിങ്കിറ്റ് നൽകുന്നത്. എല്ലാ ഓർഡറുകൾക്കും അഞ്ച് രൂപ ഹാൻഡ്‍ലിങ് ചാർജും ഈടാക്കുന്നുണ്ട്. 199 രൂപയിൽ കുറഞ്ഞ ഓർഡറുകൾക്ക് 30 രൂപയാണ് ഡെലിവറി ചാർജ്. 99 രൂപയിൽ കുറഞ്ഞ ഓർഡറുകൾക്ക് 30 രൂപയുടെ ഡെലിവറി ചാർജും 20 രൂപയുടെ സ്മാൾ കാർട്ട് ചാർജും അഞ്ച് രൂപ ഹാൻഡ്‍ലിങ് ചാർജും അടക്കം 55 രൂപ നൽകണം.
ആമസോണിന്റെ ക്വിക് ഡെലിവറി ആപ് ആമസോൺ നൗ 99 രൂപയുടെ ഡെലിവറിക്ക് 30 ചാർജ് ഈടാക്കുന്നുണ്ട്. ആമസോൺ പ്രൈം അംഗങ്ങൾ ഒഴികെ എല്ലാവരും 10 രൂപ ഹാൻഡ്‍ലിങ് ചാർജും നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

