ഷീ ശക്തനായ നേതാവ്; ചൈനക്കെതിരായ താരിഫ് കുറച്ച് ട്രംപ്
text_fieldsബുസാൻ: ചൈനയുടെ ഇറക്കുമതിക്ക് ചുമത്തിയ നികുതി പത്ത് ശതമാനം വെട്ടിക്കുറച്ച് യു.എസ്. ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങുമായി ദക്ഷിണ കൊറിയയിലെ ബുസാനിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് തീരുമാനം. ഇതോടെ ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ് ചുമത്തിയ നികുതി 57 ശതമാനത്തിൽനിന്ന് 47 ശതമാനമായി കുറഞ്ഞു.
2019ന് ശേഷം ആദ്യമായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടു. ഷീയുമായുള്ള കൂടിക്കാഴ്ച മഹാവിജയമാണെന്ന് പറഞ്ഞ ട്രംപ്, അടുത്ത വർഷം ഏപ്രിലിൽ ചൈന സന്ദർശിക്കുമെന്നും പ്രഖ്യാപിച്ചു. തുടർന്ന് വ്യാപാര ചർച്ചകൾക്ക് ഷീ യു.എസിലെത്തും. ഫ്ലോറിഡയിലോ പാം ബീച്ചിലോ വാഷിങ്ടൺ ഡി.സിയോ ആയിരിക്കും ഷീയുമായുള്ള കൂടിക്കാഴ്ചയുടെ വേദിയെന്നും യു.എസിലേക്കുള്ള മടക്കയാത്രക്കിടെ എയർഫോഴ്സ് വൺ വിമാനത്തിൽ ട്രംപ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
വലിയൊരു രാജ്യത്തിന്റെ ശക്തനായ നേതാവെന്ന് ഷീയെ വിശേഷിപ്പിച്ച ട്രംപ്, യു.എസ് സോയബീൻ ഇറക്കുമതി ചൈന പുനരാരംഭിക്കുകയും അപൂർവ ധാതുക്കളുടെ കയറ്റുമതി നിരോധനം നീക്കുമെന്നും പറഞ്ഞു. അതേസമയം, ചൈനയും തായ്‍വാനും തമ്മിലുള്ള തർക്കം ചർച്ചയിൽ ഉയർന്നു വന്നില്ല. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കും.
യു.എസിലെ വൻകിട ടെക് കമ്പനിയായ എൻവിഡിയയിൽനിന്ന് ചിപ്പുകൾ വാങ്ങുന്നത് ചൈന പുനരാരംഭിക്കുമെന്ന് വ്യക്തമാക്കിയ ട്രംപ്, എൻവിഡിയയുടെ ബ്ലാക് വെൽ എ.ഐ ചിപ്പുകളെ കുറിച്ചല്ല സംസാരിച്ചതെന്നും കൂട്ടിച്ചേർത്തു. ചൈനക്ക് എ.ഐ ചിപ്പുകൾ നൽകുന്നതിനെതിരെ സ്വന്തം റിപബ്ലിക്കൻ പാർട്ടിയിൽനിന്ന് ശക്തമായ എതിർപ്പ് ഉയരുന്നതിനിടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
ചൈനീസ് കയറ്റുമതിക്ക് ട്രംപ് കനത്ത നികുതി പ്രഖ്യാപിച്ചതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും വ്യാപാരം നിലക്കുകയും ചെയ്തിരുന്നു. തുടർന്ന്, ചൈനയും യു.എസിനെതിരെ പ്രതികാര ചുങ്കം ചുമത്തി. ലോകത്ത് ഏറ്റവും കൂടുതൽ അപൂർവ ധാതുക്കളുടെ നിക്ഷേപമുള്ള ചൈന ഇവയുടെ കയറ്റുമതി അവസാനിപ്പിച്ചത് യു.എസിന്റെ ഇലക്ട്രിക് വാഹന, ഇലക്ട്രോണിക്സ് ഉത്പാദന മേഖലയെ ഗുരുതരമായി ബാധിച്ചു. അതുപോലെ, ഏറ്റവും വലിയ ഉപഭോക്താവായ ചൈന സോയാബീൻ ഇറക്കുമതി നിർത്തിയതും യു.എസ് കർഷകർക്ക് തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

