സ്വർണത്തിന്റെ കുതിപ്പിന് പിന്നിൽ ചൈന; ജാഗ്രത മുന്നറിയിപ്പുമായി യു.എസ്
text_fieldsവാഷിങ്ടൺ: ആഗോള വിപണിയിൽ സ്വർണ വില ഓരോ ദിവസവും കുത്തനെ കുതിച്ചുയരുമ്പോൾ നിക്ഷേപകർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റാണ് ഇങ്ങനെയൊരു നിർദേശം നൽകിയത്. സ്വർണ വിലയിലെ ‘അനിയന്ത്രിത’ കുതിപ്പിന് കാരണം ചൈനയാണെന്ന് അദ്ദേഹം ആരോപിച്ചു. സ്വർണ വില കുത്തനെ ഉയരുന്നതിന്റെ പിന്നിലെ ചൈനയുടെ ‘കളികൾ’ യു.എസ് നിരീക്ഷിക്കാൻ തുടങ്ങിയതിന് പിന്നാലെയാണ് ബെസന്റിന്റെ പ്രസ്താവന. ജനുവരി 29ന് ഒരു ഔൺസ് സ്വർണത്തിന് 5,594 ഡോളറായിരുന്നു വില. ഒരു ദിവസത്തിന് ശേഷം വില പത്ത് ശതമാനം ഇടിഞ്ഞു. ഏത് രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതാവസ്ഥയുടെ കാലത്തും സുരക്ഷിത നിക്ഷേപമായി കണക്കാക്കിയിരുന്ന സ്വർണത്തിന്റെ പദവി ചൈനയിലെ ഊഹക്കച്ചവടക്കാർ നശിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.
ഫോക്സ് ന്യൂസിന്റെ ‘സണ്ടെ മോണിങ് ഫ്യൂച്ചേർസ്’ എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ബെസന്റ് ചൈനക്കെതിരെ തുറന്നടിച്ചത്. ചൈനയിലെ ഊഹക്കച്ചവടക്കാർ സ്വർണം വാങ്ങിക്കൂട്ടിയതാണ് ഈയിലെ വിലയിൽ അനിയന്ത്രിത കുതിപ്പുണ്ടാക്കിയതെന്ന് ബെസന്റ് പറഞ്ഞു. ഊഹക്കച്ചവടം കുറക്കാൻ ഗോൾഡ് ഫ്യൂച്ചേഴ്സിൽ വ്യാപാരം നടത്തുന്നവരിൽനിന്ന് ചൈന കൂടുതൽ ഡിപോസിറ്റ് വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, സ്വർണ വിലയിലെ കുതിച്ചു ചാട്ടത്തിന് പിന്നിലെ പ്രബല ശക്തി ചൈനയാണെന്നാണ് ആഗോള സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടു. ഇത്തവണ സ്വർണ വിലക്കയറ്റത്തിന് മുഖ്യ കാരണം ചൈനയാണെന്ന് എം.കെ.എസ് പി.എ.എം.പിയിലെ ഗവേഷണ തലവനും മെറ്റൽസ് സ്ട്രാറ്റജിസ്റ്റുമായ നിക്കി ഷീൽസ് പറഞ്ഞു. ഊഹക്കച്ചവടവും എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇ.ടി.എഫ്), ഗോൾഡ് ബാർ, ഗോൾഡ് ഫ്യൂച്ചേഴ്സ് എന്നിവയിലൂടെയുള്ള ചെറുകിട, വൻകിട നിക്ഷേപവുമാണ് സ്വർണ വില റാലിയെ നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ജനുവരി മുതൽ ചൈനയിലെ ഗോൾഡ് ഇ.ടി.എഫുകളിലെ നിക്ഷേപം ഇരട്ടിയിലധികമായി വർധിച്ചിട്ടുണ്ടെന്ന് ക്യാപിറ്റൽ ഇക്കണോമിക്സ് നൽകിയ ഡാറ്റ വ്യക്തമാക്കുന്നു. ഗോൾഡ് ഫ്യൂച്ചേഴ്‌സ് വ്യാപാരത്തിലും വൻ കുതിപ്പുണ്ടായി. ഷാങ്ഹായ് ഫ്യൂച്ചേഴ്‌സ് എക്‌സ്‌ചേഞ്ചിലെ ശരാശരി പ്രതിദിന വ്യാപാരം ഈ വർഷം 540 ടണ്ണിനടുത്തെത്തിയതായി വേൾഡ് ഗോൾഡ് കൗൺസിൽ ഏഷ്യ പസഫിക് ഗവേഷണ മേധാവി റേ ജിയ പറഞ്ഞു. കഴിഞ്ഞ വർഷം ശരാശരി പ്രതിദിന വ്യാപാരം 457 ടണ്ണായിരുന്നു. വില കുതിച്ചുയരുന്നതിനാൽ സ്വർണത്തിൽ ഡെറിവേറ്റിവ് വ്യാപാരം നടത്തുന്നവരുടെ ഡിപോസിറ്റ് തുക ചൈനയിലെ റഗുലേറ്റർമാർ കഴിഞ്ഞ ആഴ്ചകളിൽ പല തവണ ഉയർത്തിയിട്ടുണ്ട്.
ചൈനയുടെ വിപണിയിൽ വ്യാപാരികൾ വായ്പയെടുത്ത് സ്വർണം വാങ്ങിക്കൂട്ടുന്നതിന്റെ സൂചനകളുണ്ടെന്നും ഇതാണ് വിലയിൽ ഗണ്യമായ ചാഞ്ചാട്ടത്തിന് കാരണമാകുന്നതെന്നും കാപിറ്റൽ ഇകണോമിക്സിലെ ഇകണോമിസ്റ്റ് ഹമദ് ഹുസൈൻ പറഞ്ഞു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വാങ്ങിക്കൂട്ടുന്നത് പോലെയല്ല ഗോൾഡ് ഫ്യൂച്ചേഴ്സ് വ്യാപാരവും പണം വയ്പയെടുത്ത് സ്വർണം വാങ്ങിക്കൂട്ടുന്നതും. ഊഹക്കച്ചവടത്തിലൂടെ സ്വർണ വില ഒരു കുമിളയായി മാറുന്നുണ്ടെന്നാണ് പുതിയ ട്രെൻഡ് നൽകുന്ന സൂചനയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

