ഷോപ്പിങ് ട്രെൻഡ് മാറി; വിൽപനയിൽ ഏറ്റവും വളർന്നത് മുടി കറുപ്പിക്കുന്ന ക്രീം
text_fieldsമുംബൈ: കാലത്തിനനുസരിച്ച് രാജ്യത്തെ കുടുംബങ്ങളുടെ ഷോപ്പിങ് ട്രെൻഡ് മാറുന്നു. വേറിട്ട ഉത്പന്നങ്ങളാണ് കുടുംബങ്ങളുടെ ഷോപ്പിങ് ബാസ്കറ്റിൽ ഇടംപിടിക്കുന്നത്. മൊത്തം ഉപഭോക്താക്കളിൽ മൂന്നിലൊന്നുപേരും ഹെയർ ക്രീമുകൾ വാങ്ങിക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ് (എഫ്.എം.സി.ജി) വിഭാഗത്തിലെ വിൽപനയിൽ ഏറ്റവും വളർച്ച രേഖപ്പെടുത്തിയ ഉത്പന്നവും ഹെയർ ക്രീമാണ്. രണ്ട് വർഷത്തിനിടെ വിൽപന 21 ശതമാനത്തിൽനിന്ന് 31 ശതമാനത്തിലേക്കാണ് വളർന്നത്. അതായത് 10.4 ശതമാനത്തിന്റെ വർധനവ്. വിപണി ഗവേഷണ സ്ഥാപനമായ ന്യമറേറ്റർ തയാറാക്കിയ റിപ്പോർട്ടിലാണ് പുതിയ ഉപഭോക്തൃ ട്രെൻഡുകളെ കുറിച്ച് പറയുന്നത്.
ജനപ്രിയ ഉത്പന്നങ്ങളിൽ ന്യൂഡിൽസാണ് രണ്ടാം സ്ഥാനത്ത്. വിൽപനയിൽ കനത്ത ഇടിവ് നേരിട്ട ശേഷമാണ് ന്യൂഡിൽസിന്റെ തിരിച്ചുവരവ്. ന്യൂഡിൽസ് വിൽപന ഒമ്പത് ശതമാനത്തിന്റെ വളർച്ച കൈവരിച്ചതായി റിപ്പോർട്ട് പറയുന്നു. അതായത് നൂറിൽ 77 കുടുംബങ്ങളും ന്യൂഡിൽസ് ഉപഭോക്താക്കളാണ്. ന്യൂഡിൽസ് വിഭാഗത്തിൽ ഉൾപ്പെടുന്ന വെർമിസെല്ലിയാണ് വിൽപന വളർച്ചയിൽ മൂന്നാം സ്ഥാനത്ത്. വെർമിസെല്ലി വിൽപനയിൽ 6.8 ശതമാനം വർധന രേഖപ്പെടുത്തി. അതുപോലെ, വാഷിങ് ലിക്വിഡ് വിൽപനയിൽ 6.5 ശതമാനവും ഗാർഹിക കീടനാശിനി വിൽപനയിൽ 7.6 ശതമാനവും വളർച്ചയുണ്ടയി.
എളുപ്പം ഉപയോഗിക്കാമെന്നതാണ് ഈ മൂന്ന് ഉത്പന്നങ്ങളുടെയും വിൽപനയിൽ കുതിച്ചുചാട്ടമുണ്ടാകാനുള്ള കാരണമെന്ന് ന്യൂമറേറ്ററിന്റെ സൗത് ഏഷ്യ വേൾഡ്പാനലിന്റെ മാനേജിങ് ഡയറക്ടർ കെ. രാമകൃഷ്ണൻ പറഞ്ഞു. മുടിക്ക് നിറം നൽകാൻ ഏറ്റവും എളുപ്പം ഉപയോഗിക്കാൻ കഴിയുന്ന ഉത്പന്നമാണ് ഹെയർ ക്രീം. വളരെ വേഗത്തിലും പാചകം ചെയ്യാമെന്നതാണ് ന്യൂഡിൽസിനെയും വെർമിസെല്ലിയെയും ജനപ്രിയമാക്കിയത്. അതേസമയം, ജനങ്ങളിൽ ആരോഗ്യ, ശുചിത്വ ബോധം വളരുന്നുവെന്നാണ് കീടനാശിനിയുടെ വിൽപനയിലുണ്ടായ വർധനവ് നൽകുന്ന സൂചനയെന്നും അദ്ദേഹം പറഞ്ഞു.
ഹെയർ ക്രീം, ഗാർഹിക കീടനാശിനികൾ എന്നിവയുടെ വിൽപന ഉയർന്നതായി ഗോദ്‌റെജ് കൺസ്യൂമർ കമ്പനിയും നൂഡിൽസ് വിൽപന വർധിച്ചതായി നെസ്‌ലെ ഇന്ത്യയും നിക്ഷേപകർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗോദ്റെജ് ഹെയർ ക്രീം വിൽപന വരുമാനത്തിൽ 2024 സാമ്പത്തിക വർഷം 24 ശതമാനം വർധനവുണ്ടായി. 2018-23 സാമ്പത്തിക വർഷങ്ങളിൽ 16 ശതമാനമായിരുന്നു വാർഷിക വളർച്ച നിരക്ക്.
അതേസമയം, നെസ്‌ലെ ഇന്ത്യയുടെ മാഗി ന്യൂഡിൽസിന്റെ ഏറ്റവും വലിയ വിപണിയായി ഇന്ത്യ മാറിയെന്നാണ് കമ്പനിയുടെ വാർഷിക റിപ്പോർട്ട് പറയുന്നത്. 2023-24 കാലയളവിൽ ആറ് ബില്ല്യൻ അതായത് 600 കോടി ന്യൂഡിൽസാണ് വിറ്റുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

