കടക്കെണിയിലായ കമ്പനികളെ രക്ഷിക്കാൻ കേന്ദ്രം; പക്ഷെ, രണ്ട് നിബന്ധനകൾ അംഗീകരിക്കണം
text_fieldsന്യൂഡൽഹി: കടക്കെണിയിലായ പൊതുമേഖല വൈദ്യുതി വിതരണ കമ്പനികളെ രക്ഷിക്കാൻ പദ്ധതി തയാറാക്കി കേന്ദ്ര സർക്കാർ. സംസ്ഥാന സർക്കാറിന് കീഴീലുള്ള വിതരണ കമ്പനികളെ ലക്ഷ്യമിട്ട് ഒരു ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് ഒരുക്കിയത്. എന്നാൽ, രണ്ട് നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ കമ്പനികളെ പദ്ധതിയിൽ ഉൾപ്പെടുത്തൂ. സ്വകാര്യവത്കരിക്കുകയോ അല്ലെങ്കിൽ ഓഹരി വിപണിയിൽ വ്യാപാരം നടത്തുകയോ വേണമെന്നാണ് സർക്കാർ മുന്നോട്ടുവെച്ച നിബന്ധന. ഗൗതം അദാനിയുടെ അദാനി പവർ, അനിൽ അംബാനിയുടെ റിലയൻസ് പവർ, ടാറ്റ ഗ്രൂപ്പിന്റെ ടാറ്റ പവർ, ടൊറന്റ് പവർ തുടങ്ങിയ രാജ്യത്തെ വൻകിട സ്വകാര്യ കമ്പനികൾക്ക് പൊതുമേഖല സ്ഥാപനങ്ങൾ സ്വന്തമാക്കാൻ സഹായിക്കുന്നതാണ് പുതിയ പദ്ധതി.
സാമ്പത്തിക പ്രതിസന്ധി മൂലം ഇഴഞ്ഞുനീങ്ങുന്ന സംസ്ഥാന പൊതുമേഖല വൈദ്യുതി വിതരണ കമ്പനികളെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യമിട്ട് വൈദ്യുതി മന്ത്രാലയമാണ് പദ്ധതി തയാറാക്കിയത്. പാക്കേജ് സംബന്ധിച്ച് വൈദ്യുതി മന്ത്രാലയവും ധനമന്ത്രാലയവും തമ്മിൽ അന്തിമ ചർച്ച നടക്കുകയാണ്. അടുത്ത ബജറ്റിൽ ഇതു സംബന്ധിച്ച് വ്യക്തമായ തീരുമാനം സർക്കാർ പ്രഖ്യാപിക്കുമെന്നാണ് സൂചന. അതേസമയം, റോയിട്ടേസ് പുറത്തുവിട്ട വാർത്തയോട് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല.
പുതിയ പദ്ധതി നിർദേശ പ്രകാരം, സംസ്ഥാനങ്ങൾക്ക് ആവശ്യമായ മൊത്തം വൈദ്യുതിയുടെ 20 ശതമാനം സ്വകാര്യ കമ്പനികളിൽനിന്ന് വാങ്ങണം. പൊതുമേഖല സ്ഥാപനങ്ങളുടെ സാമ്പത്തിക ബാധ്യതയിൽ ഒരു ഭാഗം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം. വൈദ്യുതി വിതരണ കമ്പനികൾ സ്വകാര്യവത്കരിച്ചാൽ നിലവിലുള്ള കടം തീർക്കാൻ ദീർഘകാല വായ്പ ലഭിക്കും. 50 വർഷത്തേക്കുള്ള പലിശ രഹിത വായ്പയായിരിക്കും ലഭിക്കുക. ഒപ്പം അഞ്ച് വർഷത്തേക്ക് കുറഞ്ഞ പലിശ നിരക്കിൽ മറ്റൊരു വായ്പകൂടി ലഭിക്കും.
പൊതുമേഖല വൈദ്യുതി വിതരണ കമ്പനികളുടെ 26 ശതമാനം ഓഹരികൾ സ്വകാര്യ കമ്പനികൾക്ക് നൽകിയാലും അഞ്ച് വർഷത്തേക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ അനുവദിക്കും. പക്ഷെ, പൂർണമായും സ്വകാര്യവത്കരിക്കാൻ തയാറല്ലെങ്കിൽ ഈ കമ്പനികൾ മൂന്ന് വർഷത്തിനകം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്നും നിർദേശത്തിൽ പറയുന്നു.
നിലവിൽ സംസ്ഥാന സർക്കാറിന് കീഴിലുള്ള വൈദ്യുതി വിതരണ കമ്പനികൾ 7.08 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നേരിടുന്നത്. മാത്രമല്ല, 7.42 ലക്ഷം കോടി രൂപയുടെ കടബാധ്യതയുമുണ്ട്. 20 വർഷത്തിനിടെ മൂന്ന് പാക്കേജുകൾ സർക്കാർ നടപ്പാക്കിയിട്ടും കമ്പനികളെ സാമ്പത്തിക ബാധ്യതയിൽനിന്ന് രക്ഷിക്കാൻ കഴിഞ്ഞിട്ടില്ല. തൊഴിലാളികളുടെയും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെയും എതിർപ്പ് കാരണം നിരവധി കാലമായി സ്വകാര്യവത്കരണ പദ്ധതികൾ സർക്കാർ മാറ്റിവെക്കുകയായിരുന്നു.
പൊതുമേഖ കമ്പനികളെ ശക്തിപ്പെടുത്താൻ സ്വകാര്യവത്കരണം അത്യാവശ്യമാണെന്നും എന്നാൽ, രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കിൽ മാത്രമേ പദ്ധതി നടപ്പാക്കാൻ കഴിയൂവെന്നും അറോറ എനർജിയുടെ തലവനായ ദേബബ്രത് ഘോഷ് പറഞ്ഞു. നിലവിൽ ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ പൊതുമേഖല കമ്പനികളെ മാത്രമേ സ്വകാര്യവത്കരിച്ചിട്ടുള്ളൂ. പൊതുമേഖല സ്ഥാപനങ്ങളുടെ വൈദ്യുതി വിതരണ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കാൻ സ്വകാര്യ കമ്പനികളെ അനുവദിക്കുന്ന പുതിയ നിയമം ഭേദഗതി അടുത്ത പാർലമെന്റ് സമ്മേളനത്തിൽ കൊണ്ടുവരാനുള്ള നീക്കത്തിലാണ് സർക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

