ചിപ് കമ്പനി പിടിച്ചെടുത്ത ഡച്ച് സർക്കാറിനെ പൂട്ടി ചൈന; വാഹന നിർമാണം സ്തംഭിക്കും
text_fieldsലണ്ടൻ: ഒരു കുഞ്ഞു സെമികണ്ടക്ടർ കമ്പനിയുടെ നിയന്ത്രണം ഡച്ച് സർക്കാർ പിടിച്ചെടുത്തതോടെ ഫാക്ടറികൾ അടച്ചുപൂട്ടേണ്ട ഗതികേടിലായിരിക്കുകയാണ് ആഗോള വിപണിയിലെ വൻകിട വാഹന നിർമാതാക്കൾ. ചൈനയുടെ ചിപ് നിർമാണ കമ്പനിയായ നെക്സ്പീരിയയുടെ നിയന്ത്രണമാണ് കഴിഞ്ഞ മാസം പിടിച്ചെടുത്തത്. ചൈനയുടെ വിങ്ടെക് ടെക്നോളജി എന്ന കമ്പനിയുടെതായിരുന്നു നെക്സ്പീരിയ. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഡച്ച് സർക്കാർ നീക്കമെന്നാണ് റിപ്പോർട്ട്. യു.എസിന്റെ വ്യാപാര കരിമ്പട്ടികയിലുണ്ടായിരുന്ന കമ്പനിയാണിത്.
നെതർലൻഡ്സിൽ ഫാക്ടറിയുണ്ടെങ്കിൽ 80 ശതമാനം ചിപ്പുകളും അവസാന ഘട്ട പരിശോധ നടത്തി പാക്ക് ചെയ്ത് കയറ്റുമതി ചെയ്തിരുന്നത് ചൈനയിൽനിന്നാണ്. കമ്പനിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ ചൈനീസ് സർക്കാർ കയറ്റുമതി നിർത്തിവെക്കുകയായിരുന്നു. പാർട്സ് വിതരണം നിർത്തുകയാണെന്ന് കഴിഞ്ഞ ആഴ്ചയാണ് കമ്പനി ഉപഭോക്താക്കളെ അറിയിച്ചത്. എന്നാൽ, ബദൽ ചിപ് ലഭ്യമായില്ലെങ്കിൽ അടുത്ത ആഴ്ചയോടെ കാർ നിർമാണം നിർത്തേണ്ടി വരുമെന്നാണ് സൂചന.
ബി.എം.ഡബ്ല്യു, ടൊയോട്ട, മെഴ്സിഡസ് ബെൻസ്, ഫോക്സ് വാഗൺ, സ്റ്റെലന്റിസ്, ജനറൽ മോട്ടോർസ് തുടങ്ങിയ മുൻനിര വാഹന നിർമാണ കമ്പനികളാണ് ഉത്പാദനം നിർത്തേണ്ടി വരുമോയെന്ന ആശങ്കയിലായത്. കാർ മുതൽ ട്രക്ക് വരെയുള്ള വാഹനങ്ങൾക്ക് ട്രാൻസിസ്റ്ററുകളും ഡയോഡുകളും നൽകുന്ന കുഞ്ഞു കമ്പനിയാണെങ്കിലും 40 ശതമാനം വിപണി പങ്കാളിത്തമാണ് നെക്സ്പീരിയക്കുള്ളത്. ഇലക്ട്രോണിക് കൺട്രോൾ യൂനിറ്റ് അടക്കം വാഹനത്തിന്റെ പ്രധാന ഭാഗങ്ങളിൽ ഉപയോഗിക്കുന്ന ട്രാൻസിസ്റ്ററുകൾ നെക്സ്പീരിയയുടെതാണ്.
അപൂർവ ധാതുക്കളുടെ കയറ്റുമതി ചൈന നിയന്ത്രിച്ചത് വാഹന നിർമാണ മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു. ഇതിൽനിന്ന് കരകയറും മുമ്പാണ് പുതിയ നീക്കം. നിലവിൽ ഡച്ച് സർക്കാറിനെതിരെ കോടതി കയറിയിരിക്കുകയാണ് നെക്സ്പീരിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

