ഓഫർ ക്ലിക്കായി; ഇന്ത്യക്കാർ വാങ്ങിയത് 4.70 ലക്ഷം കാറുകൾ
text_fieldsമുംബൈ: ഒക്ടോബറിൽ ദീപാവലി ആഘേഷിച്ച ഇന്ത്യക്കാർ കാർ വാങ്ങി ചരിത്രം കുറിച്ചു. 4.70 ലക്ഷം കാറുകളാണ് കഴിഞ്ഞ മാസം വാങ്ങിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 17 ശതമാനത്തിന്റെ വർധനവ് വിൽപനയിലുണ്ടായി. ജനുവരിയിൽ 4.05 ലക്ഷം കാറുകൾ വിറ്റുപോയിരുന്നു.
ജി.എസ്.ടി ഇളവും ഡിസ്കൗണ്ടുകളും ഓഫറുകളുമാണ് വാഹന പ്രേമികൾക്ക് ആവേശം പകർന്നത്. ഒപ്പം, വാഹന വായ്പകൾ എളുപ്പമായതും ഗുണം ചെയ്തു. മാരുതി സുസുകിക്കും ടാറ്റ മോട്ടോർസിനും മഹീന്ദ്രക്കും ഏറ്റവും നല്ല മാസമായിരുന്നു ഒക്ടോബർ. മാരുതി 1,76,318, ടാറ്റ 61134, മഹീന്ദ്ര 71,624 കാറുകളുമാണ് വിറ്റത്.
കണക്കുകൾ ഔദ്യോഗികമായി പുറത്തുവിട്ടില്ലെങ്കിലും ഒക്ടോബർ മാസത്തെ വിൽപനയിൽ റെക്കോഡ് നേട്ടം കൈവരിക്കാൻ കഴിഞ്ഞെന്ന് മാരുതി സുസുകിയുടെ മാർക്കറ്റിങ്, സെയിൽസ് വിഭാഗം മുതിർന്ന ഉദ്യോഗസ്ഥനായ പാർത്തോ ബാനർജി പറഞ്ഞു. 40 ദിവസത്തെ ഉത്സവ കാലയളവിൽ 500,000 ബുക്കിങ് ലഭിച്ചു, 410,000 യൂനിറ്റുകൾ വിൽപന നടത്തി. ഒക്ടോബറിൽ മാത്രം, വിൽപന 20 ശതമാനം ഉയർന്ന് 242,096 യൂനിറ്റിലെത്തി. ഇനി 19 ദിവസത്തെ (104,000 കാർ) സ്റ്റോക്ക് മാത്രമേ ബാക്കിയുള്ളൂ. ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് കാറുകൾ വിപണിയിലെത്തിക്കാർ ജീവനക്കാർ അധിക സമയം ജോലി ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരുചക്ര വാഹന യാത്രക്കാരെ കാറുകളിലേക്ക് ആകർഷിക്കാനുള്ള മാരുതിയുടെ ‘പ്രഗതി കാ ത്യോഹാർ’ കാമ്പയിൽ ഗുണം ചെയ്തെന്നാണ് റിപ്പോർട്ട് പറയുന്നത്. ചെറിയ കാറുകളുടെ വിൽപനയിൽ 20.5 ശതമാനത്തിന്റെ വർധനവാണ് കമ്പനി രേഖപ്പെടുത്തിയത്. ഇരുചക്ര വാഹന യാത്രക്കാർ കാറുകളിലേക്ക് മാറിയാൽ മാത്രമേ കാർ വിപണിക്ക് കൂടുതൽ വളർച്ച കൈവരിക്കാൻ കഴിയൂവെന്നാണ് മാരുതിയുടെ കണക്കുകൂട്ടൽ.
സ്പോട്സ് യൂട്ടിലിറ്റി വെഹിക്കിൾ (എസ്.യു.വി) വിഭാഗത്തിൽ മഹീന്ദ്രയാണ് ഏറ്റവും നേട്ടം കൊയ്തത്. 71,624 എസ്.യു.വി വിറ്റ മഹീന്ദ്ര 31 ശതമാനത്തിന്റെ സർവകാല റെക്കോഡ് കുറിച്ചെന്ന് വാഹന വിഭാഗം ചീഫ് എക്സികുട്ടിവായ നളിനികാന്ത് ഗൊല്ലഗുന്ത പറഞ്ഞു.
ഇലക്ട്രിക് വാഹന വിപണിയിലെ അതികായരായ ടാറ്റ മോട്ടോർസ് ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 6,873 ഇലക്ട്രിക് കാറുകളാണ് ടാറ്റ കഴിഞ്ഞ മാസം വിൽപന നടത്തിയത്. സെപ്റ്റംബറിനെക്കാൾ ഒമ്പത് ശതമാനത്തിന്റെ വർധനവാണിത്. അതുപോലെ രാജ്യത്തെ മൊത്തം ഇലക്ട്രിക് വാഹന റജിസ്ട്രേഷനിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒക്ടേബറിൽ 65 ശതമാനത്തിന്റെ വർധനവാണുണ്ടായത്. 10,528 ഇലക്ട്രിക് വാഹനങ്ങങ്ങളിൽനിന്ന് 17462 യൂനിറ്റുകളായാണ് വളർന്നത്. വിയറ്റ്നാം വാഹന നിർമാതാക്കളായ വിൻഫാസ്റ്റിന്റെ 131 കാറുകൾ റജിസ്റ്റർ ചെയ്തപ്പോൾ ഇലോൺ മസ്കിന്റെ ടെസ്‍ല 69 കാറുകൾ മാത്രമാണ് വിറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

