കാർ വിപണിയിൽ പുതിയ യുദ്ധം; മാരുതിക്കെതിരെ ടാറ്റയും മഹീന്ദ്രയും അടക്കം വമ്പന്മാർ
text_fieldsമുംബൈ: രാജ്യത്തെ കാർ വിപണിയിൽ പുതിയ യുദ്ധത്തിന് തുടക്കം കുറിച്ച് നിർമാതാക്കൾ. ഏറ്റവും വലിയ വാഹന നിർമാണ കമ്പനിയായ മാരുതി സുസുക്കിക്കെതിരെ ടാറ്റ മോട്ടോർസും മഹീന്ദ്രയും ഹ്യൂണ്ടായിയും എം.ജി മോട്ടോർ ഇന്ത്യയും രംഗത്ത് വന്നതോടെയാണ് തുറന്ന പോരിലേക്ക് നീങ്ങിയത്. കേന്ദ്ര സർക്കാർ നടപ്പാക്കാനിരിക്കുന്ന വായു മലിനീകരണ ചട്ടത്തിൽ (കോർപറേറ്റ് ആവറേജ് ഫുവൽ എഫിഷൻസി, കഫെ-3) ഭാരം കുറഞ്ഞ ചെറിയ കാറുകൾക്ക് ഇളവ് നൽകാനുള്ള നീക്കമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. രാജ്യത്ത് ഏറ്റവും അധികം ചെറിയ കാറുകൾ വിൽക്കുന്ന കമ്പനിയാണ് മാരുതി. എന്നാൽ, മലിനീകരണ നിയന്ത്രണ ചട്ടങ്ങളിൽ ചെറിയ കാറുകൾക്ക് ഇളവ് നൽകരുതെന്ന് ആവശ്യപ്പെട്ട് ടാറ്റയടക്കമുള്ള കമ്പനികൾ ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയത്തിന് കത്തയച്ചു.
രാജ്യത്തെ മൊത്തം വിൽപനയിൽ 15 ശതമാനം 909 കിലോ ഗ്രാമിൽ കുറഞ്ഞ ഭാരമുള്ള ചെറിയ കാറുകളാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 43 ലക്ഷം ചെറിയ കാറുകളാണ് വിൽപന നടത്തിയത്. ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതി കഴിഞ്ഞ സാമ്പത്തിക വർഷം 4.2 ശതമാനം വർധിച്ച് 242.2 ടണ്ണായി ഉയർന്നിട്ടുണ്ട്. അതായത് 161 ബില്ല്യൻ ഡോളറിന്റെ (1.43 ലക്ഷം കോടി രൂപ) എണ്ണ ഇറക്കുമതി. മലിനീകരണ നിയന്ത്രണ ചട്ടങ്ങളിൽ ഇളവ് നൽകുന്നത് ഇന്ധന ഇറക്കുമതി കുറക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾ ദുർബലപ്പെടുത്തുമെന്നും കമ്പനികൾ സംയുക്തമായി തയാറാക്കിയ കത്തിൽ ചൂണ്ടിക്കാട്ടി. ഒരോയൊരു കമ്പനിക്ക് മാത്രമാണ് 909 കിലോഗ്രാമിൽ കുറഞ്ഞ കാറുകളിൽ 95 ശതമാനത്തിലേറെ വിപണി പങ്കാളിത്തമുള്ളത്. ഭാരം അടിസ്ഥാനമാക്കി ചെറിയ കാറുകൾക്ക് ആനുകൂല്യം നൽകുന്നത് വലിയ ബാറ്ററിയുള്ളത് കാരണം ഭാരം കൂടിയ ഇലക്ട്രിക് വാഹനങ്ങളുടെ വളർച്ച തടയും. ഇത്തരം ഇളവുകൾ നിസ്സാരവും താൽകാലികവുമാണെന്ന് തോന്നാമെങ്കിലും രാജ്യത്തെ വാഹന നിർമാണ സാങ്കേതിക വിദ്യയുടെ വളർച്ചയിൽ വിപരീത ഫലമുണ്ടാക്കുമെന്നും ദീർഘകാല ആഘാതം ഗുരുതരമായിരിക്കുമെന്നും കത്ത് വ്യക്തമാക്കി.
കത്തിനെ കുറിച്ച് ടാറ്റ മോട്ടോർസും എം.ജി മോട്ടോർ ഇന്ത്യയും ഹെവി ഇൻഡസ്ട്രി മന്ത്രാലയവും പ്രതികരിച്ചിട്ടില്ല. അഭിപ്രായം പറയാൻ മഹീന്ദ്രയും തയാറായില്ല. എന്നാൽ, ഭാരം കുറഞ്ഞ വാഹങ്ങൾക്ക് ഇളവ് നൽകുന്നത് സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുമെന്നും ഉപഭോക്താക്കൾക്ക് മലിനീകരണം കുറഞ്ഞതും സുരക്ഷിതവുമായ കാറുകൾ ലഭ്യമാക്കുകയെന്ന വിശാലമായ കാഴ്ചപ്പാടിൽ വെള്ളം ചേർക്കുമെന്നും ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ വക്താവ് പറഞ്ഞു.
അതേസമയം, കത്തിനെതിരെ കടുത്ത വിമർശനവുമായി മാരുതി സുസുകി രംഗത്തെത്തി. ചെറുതും ഇന്ധന ക്ഷമതയുള്ളതും മലിനീകരണം കുറഞ്ഞതുമായ വാഹന നയത്തെ എതിർക്കുന്നത് ടാറ്റയുടെയും മഹീന്ദ്രയുടെയും കച്ചവട താൽപര്യമാണെന്ന് മാരുതി തുറന്നടിച്ചു. നിലപാട് ദേശീയ താൽപര്യത്തിന് വിരുദ്ധമാണെന്നും ആരോപിച്ചു. വലിയ വാഹനങ്ങളെ അപേക്ഷിച്ച് ചെറിയ കാറുകൾ വളരെ കുറച്ച് ഇന്ധനമേ ഉപയോഗിക്കുകയുള്ളൂവെന്നും വളരെ കുറച്ച് കാർബൺ ഡൈഓക്സൈഡ് മാത്രമേ പുറന്തള്ളുകയുള്ളൂവെന്നും മാരുതി സുസുകി വക്താവ് പറഞ്ഞു. കഫെ-3 ചട്ടം നിലവിൽ വരുന്നതോടെ 2.5 ടൺ ഭാരമുള്ള ആഢംബര കാറുകളുടെ കാർബൺ ഡൈഓക്സൈഡ് പുറന്തള്ളൽ 25 ശതമാനം വരെ കുറക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, കഫെ-2 നെ അപേക്ഷിച്ച് ആൾട്ടോ അടക്കമുള്ള ചെറിയ കാറുകളുടെ മലിനീകരണത്തിൽ 44 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

