10 മിനിട്ട് ഡെലിവറിക്ക് ആമസോണും; സ്വിഗ്ഗിയും സൊമാറ്റോയും പൂട്ടുമോ?
text_fieldsമുംബൈ: രാജ്യത്ത് വൻ നിക്ഷേപത്തിനൊരുങ്ങി ബഹുരാഷ്ട്ര ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ. അതിവേഗ വിതരണ (ക്വിക്ക് കൊമേഴ്സ്) രംഗത്തടക്കം 35 ബില്ല്യൻ ഡോളർ അതായത് 3.14 ലക്ഷം കോടി രൂപ നിക്ഷേപിക്കാൻ ശതകോടീശ്വരനായ ജെഫ് ബെസോസിന്റെ കമ്പനി ഒരുങ്ങുന്നു. 10 മിനിട്ടിൽ ഉപഭോക്താക്കൾക്ക് പലചരക്ക് വസ്തുക്കൾ അടക്കം വിതരണം ചെയ്യുന്ന ബിസിനസ് കൂടുതൽ ശക്തമാക്കാനുള്ള പദ്ധതിയാണ് കമ്പനി തയാറാക്കിയത്.
ഈ രംഗത്ത് സൊമാറ്റോയുടെ ബ്ലിങ്കിറ്റ്, സ്വിഗ്ഗിയുടെ ഇൻസ്റ്റമാർട്ട്, സെപ്റ്റോ തുടങ്ങിയവരുമായാണ് ആമസോൺ മത്സരിക്കുക. ആമസോണിന്റെ ഇന്ത്യയിലെ സീനിയർ വൈസ് പ്രസിഡന്റ് അമിത് അഗർവാളാണ് പുതിയ നിക്ഷേപ പദ്ധതി സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ആമസോൺ 2013ൽ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത് മുതൽ ബിസിനസ് മേൽനോട്ടം വഹിക്കുന്നത് അഗർവാളാണ്.
നേരത്തെ രാജ്യത്ത് 20 ബില്ല്യൻ ഡോളർ നിക്ഷേപം നടത്താനാണ് ആമസോൺ തീരുമാനിച്ചിരുന്നതെങ്കിലും വളർച്ച സാധ്യത മുന്നിൽ കണ്ട് 35 ബില്ല്യൻ ഡോളറിലേക്ക് ഉയർത്തുകയായിരുന്നു. 2030 ഓടെയാണ് നിക്ഷേപം പൂർത്തിയാകുക. മൊത്തം നിക്ഷേപത്തിൽ 12.7 ബില്ല്യൻ ഡോളർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആമസോൺ വെബ് സർവിസുകളിലൂടെ ക്ലൗഡ് അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളിലായിരിക്കും. 2024 വരെയുള്ള കണക്കുപ്രകാരം 15 വർഷത്തിനിടെ 40 ബില്ല്യൻ ഡോളർ ഇതിനകം ആമസോൺ രാജ്യത്ത് നിക്ഷേപിച്ചിട്ടുണ്ട്.
അതിവേഗ ഡെലിവറിക്ക് വേണ്ടിയുള്ള ‘ആമസോൺ നൗ’ നിലവിൽ ബംഗളൂരു, ഡൽഹി, മുംബൈ, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ മാത്രമാണുള്ളത്. ഉപഭോക്താക്കളിൽനിന്ന് വൻ സ്വീകാര്യത ലഭിച്ചതോടെയാണ് കൂടുതൽ നിക്ഷേപം നടത്താൻ കമ്പനി ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

