വെള്ളാപ്പള്ളിയെ പ്രതിരോധിച്ചപ്പോൾ ഊക്കുണ്ടായില്ല, അയ്യപ്പസംഗമത്തിൽ യോഗിയുടെ പ്രസ്താവന വായിക്കാൻ പാടില്ലായിരുന്നു -തോൽവിയുടെ കാരണങ്ങൾ എണ്ണിപ്പറഞ്ഞ് ഷംസീർ
text_fieldsമലപ്പുറം: വെള്ളാപ്പള്ളിയെ കൂടെക്കൊണ്ടുനടന്നതടക്കം അധികാരത്തിലിരിക്കെ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ച നിലപാടുകൾ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് പരാജയം സമ്മാനിച്ചുവെന്ന് തുറന്നടിച്ച് മുൻ സ്പീക്കർ എ.എൻ. ഷംസീർ. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പാർട്ടി നടത്തിയ സ്വയംവിമർശനത്തെ കുറിച്ച് കാളികാവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"വെള്ളാപ്പള്ളി നടേശൻ മലപ്പുറത്തെ ശക്തമായി ആക്ഷേപിച്ചപ്പോൾ അതിനെ പാർട്ടി പ്രതിരോധിച്ചു. പക്ഷേ, പ്രതിരോധ പ്രസ്താവനയിൽ ഒരു ഊക്കുണ്ടായിരുന്നില്ല. ഞങ്ങൾ സ്വയംവിമർശനം നടത്തി. അയ്യപ്പസംഗമം ഞങ്ങളുടേതല്ല, പക്ഷേ സർക്കാർ നടത്തിയതാണെന്ന് പറഞ്ഞ് പ്രചരിപ്പിച്ചു. അയ്യപ്പസംഗമത്തിൽ ഒരു കാരണവശാലും യോഗി ആദിത്യനാഥിന്റെ പ്രസ്താവന വായിക്കാൻ പാടില്ലായിരുന്നുവെന്നും സ്വയംവിമർശനം ഉയർന്നു."
പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്നും പാർട്ടി സ്വയംവിമർശനം നടത്തിയിട്ടുണ്ടെന്നും ഷംസീർ വ്യക്തമാക്കി. ഇങ്ങനെ വിമർശനം നടത്താൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കല്ലാതെ മറ്റാർക്കാണ് സാധിക്കുക എന്നും ഷംസീർ ചോദിച്ചു.
"ഞങ്ങൾ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവരാണ്. രാഷ്ട്രീയത്തിൽ ജനങ്ങളാണ് യജമാനന്മാർ. ജനങ്ങളാണ് 'സഖാക്കളെ, നിങ്ങൾക്ക് തെറ്റ് പറ്റിയിരിക്കുന്നു' എന്ന് പറയുന്നത്. ആ തെറ്റ് ഉൾക്കൊണ്ട് തിരുത്തും, തിരിച്ച് വരികയും ചെയ്യും," ഷംസീർ പറഞ്ഞു.
"യു.ഡി.എഫിന് ഇപ്പോൾ മധുവിധു കാലമാണ്, ഞങ്ങൾ ഒന്നും മിണ്ടില്ല. മൂന്ന് പേരല്ലേ മുഖ്യമന്ത്രിക്കായി മത്സരിച്ചത്? അവസാനം ചെന്നിത്തലയെ തൂഫാനാക്കി വിട്ടു. അദ്ദേഹം അതുംകൊണ്ട് പോയെന്നും ഷംസീർ പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

