ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര ചെയ്താൽ ഇനി പണികിട്ടും; പിഴ ഇരട്ടിയാക്കി ഇന്ത്യൻ റെയിൽവേ, പുതിയ നിയമം പ്രാബല്യത്തിൽ
text_fieldsന്യൂഡൽഹി: ട്രെയിനുകളിൽ ടിക്കറ്റില്ലാതെയും അനധികൃതമായും യാത്ര ചെയ്യുന്നവർക്ക് കനത്ത തിരിച്ചടിയുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റില്ലാ യാത്രക്കാർക്കുള്ള കുറഞ്ഞ പിഴ തുക റെയിൽവേ ഇരട്ടിയായി വർധിപ്പിച്ചു. 2026 ജൂൺ 20 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നതായി റെയിൽവേ മന്ത്രാലയം അറിയിച്ചു.
2026ലെ ജനവിശ്വാസ് ആക്ട് വ്യവസ്ഥകൾ പ്രകാരം, 1989ലെ റെയിൽവേ ആക്ടിലെ 137, 138 വകുപ്പുകൾക്ക് കീഴിലുള്ള കുറഞ്ഞ പിഴ തുകയാണ് വർധിപ്പിച്ചത്. ഇതുവരെ 250 രൂപയായിരുന്ന കുറഞ്ഞ പിഴ ഇനി മുതൽ 500 രൂപയായി ഉയരും. യാത്രക്കാർ റെയിൽവേ നിയമങ്ങൾ പാലിച്ച് കൃത്യമായ ടിക്കറ്റെടുത്ത് മാത്രം യാത്ര ചെയ്യണമെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്. ജൂൺ 19നാണ് റെയിൽവേ മന്ത്രാലയം ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
പുതിയ ഭേദഗതി പ്രകാരം ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയോ, പഴയ ടിക്കറ്റുകൾ വീണ്ടും ഉപയോഗിക്കാൻ ശ്രമിക്കുകയോ ചെയ്താൽ യാത്ര ചെയ്ത ദൂരത്തിന്റെ യഥാർത്ഥ ടിക്കറ്റ് നിരക്കിനൊപ്പം 500 രൂപയിൽ കുറയാത്ത അധിക പിഴയും ഈടാക്കും. ട്രെയിൻ യാത്ര തുടങ്ങിയ സ്റ്റേഷൻ ഏതെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിൽ, സർവീസ് ആരംഭിച്ച സ്റ്റേഷൻ മുതലുള്ള നിരക്ക് ഈടാക്കാനും റെയിൽവേക്ക് നിയമപരമായ അധികാരമുണ്ട്.
ടിക്കറ്റ് പരിശോധകർ ആവശ്യപ്പെടുന്ന പിഴയോ യാത്രാക്കൂലിയോ നൽകാൻ വിസമ്മതിക്കുകയോ പരാജയപ്പെടുകയോ ചെയ്താൽ ശക്തമായ നിയമനടപടികൾ നേരിടേണ്ടി വരും. റെയിൽവേ അധികൃതർക്ക് ഇത് സംബന്ധിച്ച് കോടതിയെ സമീപിക്കാം. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ തുക ഈടാക്കുന്നതിനൊപ്പം 6 മാസം വരെ തടവോ, 500 രൂപ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.
അനധികൃത യാത്രകൾ തടഞ്ഞ് ട്രെയിൻ സർവീസുകൾ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. കഴിഞ്ഞ മെയ് മാസത്തിൽ മാത്രം സെൻട്രൽ റെയിൽവേ സോണിൽ നിന്ന് ടിക്കറ്റില്ലാതെ യാത്ര ചെയ്ത 4.96 ലക്ഷം പേരിൽ നിന്നായി 40.85 കോടി രൂപയാണ് റെയിൽവേ പിഴയായി ഈടാക്കിയത്. ഈ സാഹചര്യത്തിലാണ് കർശന നടപടികളിലേക്ക് കടക്കാൻ റെയിൽവേ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

