പഠനം കഴിഞ്ഞ് കൂൺ കൃഷിയിലേക്ക്; ചെറുപ്രായത്തിൽ തന്നെ ലക്ഷങ്ങൾ കൊയ്ത് യുവ സംരംഭകർ
text_fieldsജീവിതത്തിലെ നിർണായക ഘട്ടം കഴിഞ്ഞ് തികച്ചും വ്യത്യസ്തമായ പരീക്ഷണം നടത്തി വിജയിച്ചിരിക്കുകയാണ് സുഹൃത്തുക്കളായ ഒരുപറ്റം യുവ സംരംഭകർ. വിപണിയിൽ നിലവിൽ വളരെയധികം ഡിമാന്റായിട്ടുള്ള കൂൺ കൃഷിയിലൂടെ ലക്ഷങ്ങൾ വരുമാനമാണ് യുവ സംരംഭകർ നിലവിൽ നേടുന്നത്. വെളുത്ത ചിപ്പി കൂൺ കൃഷിയിൽ വൈദഗ്ദ്ധ്യം നേടിയ ഇവർ, കഠിനാധ്വാനത്തിലൂടെയും ആധുനിക സാങ്കേതികവിദ്യയിലൂടെയും തങ്ങളുടെ സ്വപ്നങ്ങളെ യാഥാർഥ്യമാക്കുകയായിരുന്നു.
'ന്യൂട്രിന്റ് മഷ്റൂം' എന്ന പേരിലാണ് ഹൈടെക് കൂൺ ഫാമുകൾ നടത്തി ഈ യുവാക്കൾ കാർഷിക രംഗത്ത് പുതിയൊരു മാതൃകയാകുന്നത്. എറണാകുളത്തും കോഴിക്കോടുമായി വിവിധയിടങ്ങളിൽ ഇതിനകം തന്നെ ഇവരുടെ സംരംഭം വ്യാപിച്ചുകഴിഞ്ഞു.
സ്വന്തം ഫാം നടത്തിപ്പിനൊപ്പം മറ്റുള്ളവരെയും കൃഷിയിലേക്ക് ആകർഷിക്കാനായി മികച്ചൊരു ആശയവും നടപ്പിലാക്കുന്നുണ്ട് ഇവർ. വീട്ടിൽ രണ്ട് കൂൺ ബെഡുകൾ തയാറാക്കാൻ ആവശ്യമായ എല്ലാ സാമഗ്രികളും അടങ്ങിയ ഒരു കെയർ കിറ്റ് വെറും 599 രൂപയ്ക്ക് കേരളത്തിലുടനീളം സൗജന്യ ഹോം ഡെലിവറിയായി ഇവർ നൽകുന്നുണ്ട്.
തികച്ചും ആധുനികവും ശുചിത്വമുള്ളതുമായ ഹൈടെക് രീതിയാണ് ഫാമുകളിൽ തയാറാക്കിയിട്ടുള്ളത്. റബർ തടിയുടെ പൊടി കൊണ്ട് നിർമിച്ച പെല്ലറ്റുകളാണ് കൂൺ വളർത്താൻ ഉപയോഗിക്കുന്നത്. ഇത് രോഗബാധകളും ഫംഗസ് പ്രശ്നങ്ങളും പരമാവധി കുറയ്ക്കാനും ഉത്പാദനം കൂടുതൽ എളുപ്പമാക്കാനും സഹായിക്കുമെന്ന് യുവാക്കൾ വ്യക്തമാക്കുന്നു.
കൂൺ ഉത്പാദനം ദിവസേന നൂറുകണക്കിന് കിലോഗ്രാമായി ഉയർത്താനുള്ള തയാറെടുപ്പിലാണ് ഈ യുവ കർഷകർ. ഒപ്പം പുതിയതായി രംഗത്തേക്ക് വരുന്ന കർഷകർക്ക് കൃത്യമായ പരിശീലനങ്ങളും മാർഗനിർദേശങ്ങളും നൽകാനും ഇവർ മുൻപന്തിയിൽ തന്നെയുണ്ട്.
കൂൺ വളർത്തുന്നത് എങ്ങനെ?
കൂൺ വീടുകളിൽ വിജയകരമായി വളർത്താൻ സാധിക്കുന്ന ഒന്നാണ്. കേരളത്തിൽ സാധാരണയായി ചിപ്പി കൂൺ, പാൽക്കൂൺ എന്നിവയാണ് കൂടുതൽ വളർത്തുന്നത്. ഇതിനായി പ്രത്യേക നടീൽ മിശ്രിതം ഫിൽ ചെയ്ത ബെഡുകൾ ഇന്ന് നഴ്സറികളിൽ സുലഭമാണ്. ഈ ബെഡുകൾ കാറ്റും വെളിച്ചവും കുറഞ്ഞ, ചൂടുള്ള ഒരു ഇരുട്ടുമുറിയിൽ ഉറിപോലെയോ വരിവരിയായോ തൂക്കിയിടുന്നതാണ് രീതി. 15-20 ദിവസത്തിനകം കൂൺ വിത്തുകൾ വളർന്ന് വൈക്കോൽ മുഴുവൻ വെള്ളനിറത്തിലുള്ള പൂപ്പൽ കൊണ്ട് മൂടും.
ബെഡ് പൂർണമായി വെള്ള നിറമായാൽ പ്ലാസ്റ്റിക് കവർ ബ്ലേഡ് ഉപയോഗിച്ച് ശ്രദ്ധയോടെ കീറി മാറ്റുക. ശേഷം ഈ ബെഡുകൾ വായുസഞ്ചാരവും നേരിയ വെളിച്ചവുമുള്ള മറ്റൊരു മുറിയിലേക്ക് മാറ്റുന്നതാണ് പതിവ്. ബെഡുകളിൽ ദിവസവും 2-3 തവണ സ്പ്രേയർ ഉപയോഗിച്ച് വെള്ളം തളിച്ചു കൊടുക്കുകയാണ് ചെയ്യാറ്. കവർ മാറ്റിയാൽ 3-5 ദിവസത്തിനകം കൂണുകൾ വിരിഞ്ഞുവരും. ഇവയുടെ വശങ്ങൾ മുകളിലേക്ക് വളയുന്നതിന് തൊട്ടുമുമ്പ് ചുവടോടെ തിരിച്ച് വിളവെടുക്കാം. ഒരു ബെഡിൽ നിന്ന് 2-3 ആഴ്ച ഇടവേളകളിൽ 3-4 തവണ വരെ കൂൺ ലഭിക്കും.

