Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightഗുണങ്ങളേറിയ കുഞ്ഞൻ...

ഗുണങ്ങളേറിയ കുഞ്ഞൻ പഴം, മൾബറി എവിടെയും വളരും; നടുന്നത് ഏങ്ങനെ?

text_fields
bookmark_border
ഗുണങ്ങളേറിയ കുഞ്ഞൻ പഴം, മൾബറി എവിടെയും വളരും; നടുന്നത് ഏങ്ങനെ?
cancel

കാഴ്ചയിൽ കുഞ്ഞൻ പഴങ്ങളാണെങ്കിലും ആരോഗ്യ ഗുണങ്ങൾ ഏറെയാണ് ഈ പഴത്തിന്. നിരവധി ഔഷധഗുണങ്ങൾ നിറഞ്ഞ ഈ പഴവർഗം പരിസരത്തെവിടെയും വിളയുന്നതുകൊണ്ടുതന്നെ നാം വേണ്ടത്ര പരിഗണിക്കാറില്ല. പറഞ്ഞുവരുന്നത് ഇത്തിരിക്കുഞ്ഞൻ രുചിക്കാരൻ ‘മൾബറി’ പഴത്തെക്കുറിച്ചാണ്. പോഷകഗുണമേറിയ പഴങ്ങൾക്ക് വേണ്ടി മാത്രമല്ല ഇന്ന് മൾബറി കൃഷി ചെയ്യുന്നത്, പട്ടുനൂൽ പുഴുക്കൾക്ക് ഭക്ഷണം നൽകാനായും വിപണിയിലേക്കായും നിരവധി പേർ അത് നട്ടുപിടിപ്പിക്കാറുണ്ട്. പട്ടുനൂൽ പുഴുവിന്റെ പ്രധാന ഭക്ഷണം മൾബറി ചെടിയുടെ ഇലകളായതിനാൽ ഇവയെ പട്ടുനൂൽ ചെടി എന്നും വിളിക്കാറുണ്ട്. വെള്ള, ചുമപ്പ്, കറുപ്പ് എന്നിങ്ങനെ മൂന്നുതരം മൾബറികളാണ് പ്രധാനമായും കാണപ്പെടുന്നത്. ഒരു അത്ഭുത സസ്യമായ മൾബറി എങ്ങനെ നമ്മുടെ വിളയിടത്തിൽ എങ്ങനെ നട്ടുപിടിപ്പിക്കാം.

നടീൽ രീതി പരിചയപ്പെടാം

കേരളത്തിലെ കാലാവസ്ഥയ്ക്ക് തികച്ചും അനുയോജ്യമായ ഒന്നാണ് മൾബറിച്ചെടി. എല്ലാത്തരം മണ്ണിലും വളരാൻ കഴിയുന്നവ ആയതുകൊണ്ടുതന്നെ നമ്മുടെ സംസ്ഥാനത്ത് എല്ലാ പ്രദേശങ്ങളിലും മൾബറി വളരും. ഈർപ്പം നിലനിൽക്കുന്ന മണ്ണിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാം. വലിയ പരിചരണമില്ലാതെ തന്നെ നമ്മുടെ വീട്ടുമുറ്റത്തോ തോട്ടങ്ങളിലോ ഇത് വളർത്തിയെടുക്കാം.

മൾബറി സാധാരണയായി കമ്പുകൾ മുറിച്ചാണ് പൊതുവെ നടാറുള്ളത്. നല്ല രീതിയിൽ തഴച്ചുവളരുന്ന ചെടിയിൽനിന്ന് പറിച്ചെടുത്തതോ വിശ്വാസ യോഗ്യരായ നഴ്സറികളിൽനിന്ന് വാങ്ങിയ തൈകളോ നടാൻ തെരഞ്ഞെടുക്കാം. നന്നായി വിളഞ്ഞ, രോഗമില്ലാത്ത കമ്പുകളിൽ നിന്ന് 15-20 സെ.മീ നീളമുള്ള കഷ്ണങ്ങളാണ് മുറിച്ചെടുക്കേണ്ടത്. ഓരോ കമ്പിലും 3-4 മുകുളങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം.

ഇവ നേരിട്ട് നിലത്തോ അല്ലെങ്കിൽ ചെറിയ ഗ്രോബാഗുകളിൽ നട്ടുപിടിപ്പിച്ച ശേഷമോ തോട്ടത്തിലേക്ക് മാറ്റാം. പൂർണമായും ചെടിച്ചട്ടികളിലോ, ഗ്രോ ബാഗുകളിലോ മൾബറി കൃഷി ചെയ്യുന്നത് അത്രയ്ക്ക് ഉത്തമമല്ല.

സ്ഥലവും മണ്ണും ഒരുക്കലും

മൾബറി നടുമ്പോൾ നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം വേണം തെരഞ്ഞെടുക്കാൻ. വെള്ളക്കെട്ടില്ലാത്ത, നല്ല നീർവാർച്ചയുള്ള ഏത് മണ്ണിലും മൾബറി വളരും. അസിഡിക് അംശം കുറഞ്ഞ കളിമണ്ണ് കലർന്ന മണ്ണിൽ തൈക‍ൾ നടാം. കമ്പ് മുറിച്ചെടുത്ത് മണൽ, മേൽമണ്ണ്, ചകിരിച്ചോർ എന്നിവ ചേർത്തുള്ള മിശ്രിതം കൂടയിലാക്കി വെച്ചതിലേക്ക് കുഴിച്ചു വെക്കുക. കമ്പിൽ തളിരിലയും വേരോട്ടവും വരുമ്പോൾ പറമ്പിലേക്ക് മാറ്റി നടാം.

അമ്ലത്വം കൂടുതലുള്ള മണ്ണാണെങ്കിൽ അൽപം കുമ്മായം അല്ലെങ്കിൽ ഡോളോമൈറ്റ് ചേർക്കുന്നത് നല്ലതാണ്. വിപണനത്തിനായി നടുകയാണെങ്കിൽ ചെടികൾ തമ്മിൽ 3x3 അടിയോ അല്ലെങ്കിൽ വലിയ തോട്ടമാണെങ്കിൽ 5x5 അടി അകലത്തിലോ നടുന്നതാണ് ഉത്തമം. കുഴികളിൽ അടിവളമായി ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേർക്കണം. വർഷത്തിൽ രണ്ടുതവണ ജൈവവളങ്ങൾ (ചാണകം, കോഴിവളം, വേപ്പിൻപിണ്ണാക്ക്) നൽകുന്നത് ചെടിയുടെ വളർച്ച വേഗത്തിലാക്കും.

മൾബറിയിൽ നിന്ന് നല്ല രീതിയിൽ പഴങ്ങളോ ഇലകളോ ലഭിക്കാൻ പ്രൂണിങ് അഥവാ കൊമ്പുകോതൽ നിർബന്ധമാണ്. ചെടി 5-6 അടി ഉയരത്തിൽ എത്തുമ്പോൾ അതിന്റെ തലപ്പ് നുള്ളി വിടുക. ഇത് കൂടുതൽ ശാഖകൾ വരാൻ സഹായിക്കും. വർഷത്തിലൊരിക്കൽ കട്ടി കൂടിയ ശാഖകൾ മുറിച്ചു മാറ്റുക. പ്രൂൺ ചെയ്ത ശേഷമാണ് മൾബറിയിൽ പുതിയ തളിരിലകളും ധാരാളം പൂക്കളും ഉണ്ടാകുന്നത്.

നട്ട് 6-8 മാസങ്ങൾക്കുള്ളിൽ ഇലകൾ പറിക്കാൻ പാകമാകും. പഴങ്ങൾ പച്ച നിറത്തിൽനിന്ന് ചുവപ്പായി, പിന്നീട് കടും കറുപ്പ് അല്ലെങ്കിൽ ഇരുണ്ട തവിട്ട് നിറമാകുമ്പോൾ വിളവെടുക്കാം. ഈ സമയത്താണ് ഇവയ്ക്ക് ഏറ്റവും കൂടുതൽ മധുരമുണ്ടാകുക.

അനുയോജ്യമായ ഇനങ്ങൾ

പഴങ്ങൾക്ക് വേണ്ടിയാണോ അതോ പട്ടുനൂൽ പുഴു വളർത്തലിന് വേണ്ടിയാണോ കൃഷി ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചാണ് ഇനങ്ങൾ തിരഞ്ഞെടുക്കുന്നത്. പഴങ്ങൾക്ക് വേണ്ടിയാണെങ്കിൽ S-36, വിക്ടോറിയ, തായ്‌ലൻഡ് ലോങ് തുടങ്ങിയ ഇനങ്ങൾ മധുരമുള്ളതും വലിയ പഴങ്ങൾ തരുന്നതുമാണ്. പട്ടുനൂൽ കൃഷി ആവശ്യാർഥം ഇലകൾക്ക് വേണ്ടിയാണെങ്കിൽ V-1, S-36, S-1635 തുടങ്ങിയവയാണ് കേരളത്തിന്റെ കാലാവസ്ഥയിൽ ഏറ്റവും അനുയോജ്യം.

ഒരു ബിസിനസ്സ് സാധ്യത

മൾബറി പഴങ്ങൾ പെട്ടെന്ന് കേടാകുന്നവയായതിനാൽ, ഇവ നേരിട്ട് വിൽക്കുന്നതിനൊപ്പം ജാം, സിറപ്പ്, സ്ക്വാഷ്, വൈൻ എന്നിവയുണ്ടാക്കി മൂല്യവർധിത ഉൽപന്നങ്ങളായി മാറ്റിയാൽ മികച്ച വരുമാനം നേടാൻ സാധിക്കും. കൂടാതെ പട്ടുനൂൽ വകുപ്പിന്റെ സഹായത്തോടെ ഇലകൾ വിറ്റും കർഷകർക്ക് ലാഭമുണ്ടാക്കാം. വീട്ടിലെ ഒരൽപം സ്ഥലത്ത് മനസ്സ് വെച്ചാൽ ആർക്കും വിജയിപ്പിക്കാൻ കഴിയുന്ന ഒന്നാണ് മൾബറി കൃഷി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agriculture Newshealth benefitscultivationMulberry TreeLatest News
News Summary - Mulberry, a small fruit with many benefits, can grow anywhere; how to plant it?
Next Story