പൂക്കൾ മാത്രമല്ല, ഇലയും തണ്ടും എല്ലാം ഔഷധം! ‘ശംഖുപുഷ്പം’ വീട്ടിൽ വളർത്താം
text_fieldsകേട്ടറിഞ്ഞതിനേക്കാൾ വളരെയധികം ഔഷധഗുണങ്ങളുള്ള ചെടിയാണ് ശംഖുപുഷ്പം. പൂക്കൾ മാത്രമല്ല, ഇലയും തണ്ടും എല്ലാം പലവിധത്തിൽ മരുന്നായി ഉപയോഗിക്കുന്നവ! സൗന്ദര്യം വർധിപ്പിക്കാനും ദഹനപക്രിയ സുഗമമാക്കാനും മറ്റും ശംഖുപുഷ്പം തിളപ്പിച്ചുണ്ടാക്കിയ വെള്ളമോ ചായയോ കഴിക്കാറുണ്ട്. ഇന്ന് വിവാഹ പരിപാടികളിലും മറ്റും ശംഖുപുഷ്പത്തിന്റെ ചായ പ്രസിദ്ധമാണ്. ഇത് സ്വന്തമായി പറിച്ച് കഴിക്കാമെന്ന് വെച്ചാൽ പലപ്പോഴും നമുക്ക് സാധിക്കാറില്ല. അതിനും ആയുർവേധ കടകളെയോ മറ്റോ ആശ്രയിക്കേണ്ടി വരാറുണ്ട്. എന്നാൽ, നമുക്കും വീട്ടുപടിയ്ക്കലോ ബാൽക്കണിയിലോ വളരെ എളുപ്പത്തിൽ വളർത്താൻ കഴിയുന്ന ഒരു മനോഹരമായ ഔഷധ സസ്യമാണ് ശംഖുപുഷ്പം അഥവാ അപരാജിത.
വിത്തിറക്കുമ്പോൾ
നീല, വെള്ള, വയലറ്റ് നിറങ്ങളിൽ ലഭ്യമായ ഈ വള്ളിച്ചെടി, കൃത്യമായ പരിചരണം നൽകിയാൽ വർഷം മുഴുവൻ ധാരാളം പൂക്കൾ തരും. ശംഖുപുഷ്പത്തിന്റെ ഉണങ്ങിയ കായകളിൽനിന്നുള്ള വിത്തുകൾ ഉപയോഗിച്ച് പുതിയ തൈകൾ ഉണ്ടാക്കാവുന്നതാണ്. വിത്തുകൾ വേഗത്തിൽ മുളയ്ക്കുന്നതിനായി നടുന്നതിന് മുമ്പ് നാല് മണിക്കൂറോ അല്ലെങ്കിൽ ഒരു രാത്രി മുഴുവനോ വെള്ളത്തിൽ കുതിർത്തു വെക്കുക. ഇത് വിത്തിന്റെ പുറംതോട് മൃദുവാക്കാനും രണ്ടു ആഴ്ചയ്ക്കുള്ളിൽ എളുപ്പം മുളയ്ക്കാനും സഹായിക്കും.
നല്ല നീർവാർച്ചയുള്ള വെള്ളം കെട്ടിനിൽക്കാത്ത മണ്ണാണ് ആവശ്യം. 40% സാധാരണ മണ്ണ്, 30% ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ്, 20% കൊക്കോപീറ്റ്, 10% മണൽ എന്നിവ ചേർത്ത് മിശ്രിതം തയ്യാറാക്കാം. ചട്ടിയിലാണ് നടുന്നതെങ്കിൽ അതിന് താഴെ വെള്ളം വാർന്നുപോകാൻ ആവശ്യത്തിന് ദ്വാരങ്ങൾ ഉണ്ടായിരിക്കണം. 8 മുതൽ 12 ഇഞ്ച് വരെ ആഴമുള്ള ചട്ടികൾ ഉപയോഗിക്കാം.
ദിവസവും 4 മുതൽ 6 മണിക്കൂർ വരെ നേരിട്ട് നല്ല വെയിൽ ലഭിക്കുന്ന സ്ഥലങ്ങളിൽ വേണം ചെടി വെക്കാൻ. വെയിൽ കുറഞ്ഞാൽ പൂക്കളുടെ എണ്ണം കുറയും. ശംഖുപുഷ്പത്തിന് അമിതമായി വെള്ളം ആവശ്യമില്ല. ചട്ടിയിലെ മണ്ണ് വരണ്ടതായി തോന്നുമ്പോൾ മാത്രം നനയ്ക്കുക. വെള്ളം കൂടിയാൽ വേരുകൾ ചീഞ്ഞുപോവാൻ സാധ്യതയുണ്ട്.
താങ്ങ് നൽകലും പ്രൂണിങ്ങും
വള്ളിച്ചെടിയായതിനാൽ മുകളിലേക്ക് കയറിപ്പിടിക്കാൻ ചെറിയ പന്തലോ, നെറ്റോ, കയറോ അല്ലെങ്കിൽ ബാൽക്കണിയിലെ ഗ്രില്ലോ നൽകണം. താങ്ങില്ലാതെ വളർന്നാൽ ചെടി കാണാൻ ഭംഗിയുണ്ടാകില്ല.
ചെടി വളർന്നു വരുമ്പോൾ അതിന്റെ പ്രധാന വള്ളിയുടെ തലപ്പ് ചെറുതായി നുള്ളി മാറ്റുക. അതുപോലെ, വാടിയ പൂക്കളും ഉണങ്ങിയ ഇലകളും ഇടയ്ക്കിടെ മുറിച്ചു മാറ്റുന്നത് അഥവാ പ്രൂണിങ് നല്ലതാണ്. വള്ളി ഒരുപാട് നീണ്ടുപോവുകയാണെങ്കിൽ അഗ്രഭാഗം ചെറുതായി കട്ട് ചെയ്യുന്നത് പുതിയ ശാഖകൾ ഉണ്ടാകാനും കൂടുതൽ മൊട്ടുകൾ വരാനും സഹായിക്കും.
പൂക്കൾ വിരിഞ്ഞു കൊഴിഞ്ഞു കഴിഞ്ഞാൽ അവിടെ കായകൾ ഉണ്ടാകാൻ തുടങ്ങും. ചെടി വിത്ത് ഉത്പാദിപ്പിക്കാൻ തുടങ്ങിയാൽ അതിന്റെ ഊർജം മുഴുവൻ അതിനായി ഉപയോഗിക്കും, ഇത് പുതിയ പൂക്കൾ ഉണ്ടാകുന്നത് കുറയ്ക്കും. അതിനാൽ, വിത്തിന് ആവശ്യമില്ലെങ്കിൽ പൂക്കൾ വിരിഞ്ഞു കഴിഞ്ഞ ഉടനെ ആ ഭാഗം നുള്ളിക്കളയുക. മാസത്തിലൊരിക്കൽ ചാണകപ്പൊടി, വേർമി കമ്പോസ്റ്റ് അല്ലെങ്കിൽ കടലപ്പിണ്ണാക്ക് പുളിപ്പിച്ച വെള്ളം എന്നിവ നൽകാം. നൈട്രജൻ അടങ്ങിയ വളങ്ങൾ അമിതമാകാതെ നോക്കുക, പകരം ഫോസ്ഫറസ് അടങ്ങിയ ജൈവവളങ്ങൾ നൽകാം. ഇങ്ങനോയൊക്കെ ചെയ്താൽ നിങ്ങളുടെ അപരാജിത ചെടിയിലും നല്ല രീതിയിൽ പുഷ്പങ്ങൾ നിറയും.

