ഇന്ത്യൻ ജനസംഖ്യയുടെ 40 ശതമാനവും ആരോഗ്യകരമായ ഭക്ഷണം അപ്രാപ്യമായവരെന്ന്
text_fieldsന്യൂഡൽഹി: ഇന്ത്യൻ ജനസംഖ്യയുടെ 40 ശതമാനത്തിനും ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ പ്രാപ്തിയില്ലെന്ന് ഐക്യരാഷ്ട്ര സഭ ഭക്ഷ്യ-കാർഷിക സംഘടനയുടെ (എഫ്.എ.ഒ.) മുഖ്യ സാമ്പത്തിക വിദഗ്ധൻ മാക്സിമോ ടോറോറോ കുള്ളൻ. എല്ലാ പൗരന്മാർക്കും ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം ഉറപ്പാക്കാൻ ഇന്ത്യ അതിന്റെ ഭക്ഷ്യ ഉൽപാദന സമ്പ്രദായം അടിയന്തിരമായി പുനർവിചിന്തനം ചെയ്യണം. ധാന്യങ്ങളുടെ ആധിപത്യ മാതൃകയ്ക്ക് അപ്പുറത്തേക്ക് നീങ്ങണമെന്നും ടോറോറോ കുള്ളൻ അഭിപ്രായപ്പെട്ടു.
ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും വെല്ലുവിളി ഇപ്പോഴും വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ജനസംഖ്യയുടെ 40.4 ശതമാനം പേർക്ക്, ഏകദേശം 60 കോടി ആളുകൾക്ക് ഇപ്പോഴും ആരോഗ്യകരമായ ഭക്ഷണം താങ്ങാൻ കഴിയുന്നില്ല. 2021-ൽ 74.1 ശതമാനം ഇന്ത്യക്കാർക്കും ആരോഗ്യകരമായ ഭക്ഷണക്രമത്തിന് പ്രാപ്തിയില്ലെന്നായിരുന്നു എഫ്.എ.ഒയുടെ വിലയിരുത്തൽ. ഇതിൽനിന്ന് പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴും എണ്ണം വളരെ കൂടുതൽ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക ഉൽപ്പാദനം വൈവിധ്യവൽക്കരിക്കുന്നതിൽ രാജ്യം അടിയന്തര നിക്ഷേപം നടത്തണമെന്ന് കുള്ളൻ ആവശ്യപ്പെട്ടു. ഹരിത വിപ്ലവം അതിന്റെ ലക്ഷ്യം നേടി, പക്ഷേ ഇപ്പോൾ കൂടുതൽ മുന്നോട്ട് പോകേണ്ട സമയമായിരിക്കുന്നു. പയർവർഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയിലേക്ക് ഇന്ത്യ മാറണം. രാജ്യത്തിന്റെ സാംസ്കാരിക ഭക്ഷണശീലങ്ങളെ കൂടുതൽ പ്രതിഫലിപ്പിക്കുന്ന പോഷക സമ്പുഷ്ടവും പ്രോട്ടീൻ കൂടുതലുള്ളതുമായ ഭക്ഷണങ്ങൾ ലഭ്യമാകണം. പയർവർഗങ്ങൾ കൂടുതൽ പോഷകസമൃദ്ധവും പ്രോട്ടീനുകളുള്ളതുമായതിനാൽ അവ ഒരു ഓപ്ഷനായിരിക്കാം. എന്നാൽ പഴങ്ങളിലേക്കും പച്ചക്കറികളിലേക്കും ഇന്ത്യ കൂടുതൽ മാറണം. അതിന് പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ 2030ഓടെയുള്ള വിശപ്പ് തുടച്ചുനീക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ ഇന്ത്യയുടെ റോൾ നിർണായകമാണ്. രാജ്യത്തെ ജനങ്ങൾക്കെല്ലാം ഭക്ഷണം ഉറപ്പാക്കി വിശപ്പ് കുറയ്ക്കുക എന്ന ഇന്ത്യയുടെ പദ്ധതി ലോകത്തെയും ദക്ഷിണേഷ്യയെയും ഗുണകരമായി ബാധിക്കുന്നതാണ്. ഇന്ത്യ പുരോഗതി കൈവരിച്ചു, പക്ഷേ അടുത്ത ഘട്ടം പരിവർത്തനത്തിന്‍റേതാണ്. ഭക്ഷ്യസുരക്ഷ എന്നാൽ ഇനി കലോറി മാത്രമല്ല, എല്ലാവർക്കും വൈവിധ്യമാർന്നതും പോഷകസമൃദ്ധവുമായ ഭക്ഷണക്രമം ഉറപ്പാക്കുക എന്നത് കൂടിയാണ് -അദ്ദേഹം വ്യക്തമാക്കി.
ആഗോള വ്യാപാര സംഘർഷങ്ങൾ ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. താരിഫ് യുദ്ധങ്ങൾ വിപണികളുമായി ബന്ധപ്പെട്ടിരിക്കുന്ന ചെറുകിട കർഷകരെ ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

