അടിമുടി മാറ്റവുമായി ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ
text_fieldsഒറ്റപ്പാലം റെയിൽവേ സ്റ്റേഷന്റെ നവീകരണം പുരോഗമിക്കുന്ന പ്രവേശന കവാടം
ഒറ്റപ്പാലം: ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നവീകരണ പ്രവൃത്തികൾ അന്തിമഘട്ടത്തിൽ. അടിസ്ഥാന സൗകര്യ വികസനവും സൗന്ദര്യവത്കരണവും പൂർണതയിലെത്തുന്നതോടെ റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ മാറും. അമൃത് ഭാരത് പദ്ധതിയിൽ അനുവദിച്ച 10.76 കോടി രൂപ ചെലവിട്ടുള്ള പ്രവൃത്തികളാണ് നടക്കുന്നത്.
2023 നവംബറിൽ ആരംഭിച്ച് 2024 ഫെബ്രുവരിയിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതിയാണിത്. നിർമാണ പ്രവൃത്തികൾ എങ്ങുമെത്താത്തതിനെ തുടർന്ന് കാലാവധി നീട്ടിനൽകുകയായിരുന്നു.
പ്രവേശനകവാടം മോടിപിടിപ്പിക്കൽ, പ്ലാറ്റ്ഫോമുകളിലെ മേൽക്കൂര നിർമാണം, പാർക്കിങ് കേന്ദ്രങ്ങൾ യാഥാർഥ്യമാക്കൽ, റോഡ് നവീകരണം, ആധുനിക ശൗച്യാലയങ്ങളോടുകൂടിയ പുരുഷ-വനിത കാത്തിരിപ്പുമുറികൾ, മെച്ചപ്പെട്ട ലൈറ്റിങ് സംവിധാനം, യാത്രക്കാർക്ക് വിവരങ്ങൾ അറിയാനുള്ള സംവിധാനം, കുടിവെള്ള സംവിധാനം തുടങ്ങിയവ ഉൾപ്പെട്ടതാണ് പദ്ധതി. നേരത്തെയുണ്ടായിരുന്ന പാർക്കിങ് കേന്ദ്രം വിപുലീകരിക്കുകയും രണ്ട് പുതിയ കേന്ദ്രങ്ങൾ കൂടി നിർമിക്കുകയും ചെയ്തു. ഇവിടങ്ങളിൽ നിലം ഇന്റർലോക്ക് ചെയ്തും വിളക്കുകൾ സ്ഥാപിച്ചും മനോഹരമാക്കി.
ഒന്നാം നമ്പർ പ്ലാറ്റ് ഫോം നവീകരിക്കുകയും മേൽക്കൂര സ്ഥാപിക്കുകയും ചെയ്തു. ഇരിപ്പിടങ്ങളും ഫാനുകളും പുതിയവ സ്ഥാപിച്ചു. സ്റ്റേഷനിൽ ശീതികരിച്ച കാത്തിരിപ്പുകേന്ദ്രം സജ്ജീകരിച്ചു. ടിക്കറ്റ് കൗണ്ടറുകൾ നവീനരീതിയിലാക്കി.
സ്റ്റേഷൻ പ്രവേശന കവാടത്തിന് പുതിയ മുഖമായി. ഒറ്റപ്പാലം സ്റ്റേഷനോട് റെയിൽവേയുടെ അവഗണനകളെക്കുറിച്ച് നിരന്തരം പരാതികൾ പതിവാണ്. അടിസ്ഥാന സൗകര്യക്കുറവും ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാത്തതുമാണ് മുഖ്യ പരാതി. സ്റ്റേഷൻ നവീകരണത്തോടെ പരാതികൾക്ക് തൽക്കാലത്തേക്ക് അറുതിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

