ഇടുക്കിയിൽ യുവാവിന് കുത്തേറ്റു; യുവതിയടക്കം നാലുപേർ പിടിയിൽ
text_fieldsഇടുക്കി: മറ്റൊരു യുവതിയുമായി അടുപ്പം സ്ഥാപിച്ചതിനെ തുടർന്ന് പെൺസുഹൃത്ത് നൽകിയ ബൈക്ക് തിരികെ ചോദിച്ചുണ്ടായ തർക്കം ഇടുക്കി ചെറുതോണിയിൽ കത്തിക്കുത്തിൽ കലാശിച്ചു. ആക്രമണത്തിൽ ഭൂമിയാംകുളം സ്വദേശിയായ കണിയാംകുന്നേൽ ജിൻസ് ഷാജി (21) നാണ് പരിക്കേറ്റത്. സംഭവത്തിന് ശേഷം എറണാകുളത്തേക്ക് കടന്ന ജിൻസിന്റെ പെൺസുഹൃത്തായ അനു മോഹനൻ (22), സുഹൃത്തുക്കളായ അതുൽകുമാർ സാബു (24), അഭിജിത്ത് ജോഷി (25), യദുകൃഷ്ണൻ വിജയൻ (24) എന്നിവരെ ചെറുതോണി പൊലീസ് എറണാകുളത്തുനിന്ന് പിടികൂടി.
പ്രതികളും ജിൻസും എറണാകുളത്ത് ഒരുമിച്ച് താമസിച്ച് ജോലി ചെയ്യുന്നവരാണ്. ജിൻസും അനുവും തമ്മിലുള്ള പ്രണയബന്ധത്തിനിടയിൽ അനു ഇയാൾക്ക് ഒരു ബൈക്ക് വാങ്ങി നൽകിയിരുന്നു. എന്നാൽ ജിൻസ് മറ്റൊരു യുവതിയുമായി അടുപ്പത്തിലായതോടെ ഇവർ തമ്മിൽ തെറ്റുകയും ബൈക്ക് തിരികെ ആവശ്യപ്പെടുകയും ചെയ്തു. ബൈക്ക് നൽകാൻ ജിൻസ് തയാറാകാത്തതിനെത്തുടർന്ന്, ബൈക്കോ അല്ലെങ്കിൽ അത് വാങ്ങാൻ നൽകിയ 60,000 രൂപയോ തിരികെ വാങ്ങാനുറച്ചാണ് അനുവും സുഹൃത്തുക്കളും ടാക്സി കാറിൽ ചൊവ്വാഴ്ച പുലർച്ചെ ചെറുതോണിയിൽ എത്തിയത്. പ്രശ്നം സംസാരിച്ച് തീർക്കാനായി ജിൻസിനെ പാലത്തിന് സമീപത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
സംസാരത്തിനിടയിൽ ഉണ്ടായ വാക്കുതർക്കത്തിനൊടുവിൽ സംഘത്തിലുണ്ടായിരുന്ന അതുൽ കുമാർ ജിൻസിനെ കത്തികൊണ്ട് കുത്തി. ഇടതുതോളിൽ പരിക്കേറ്റ ജിൻസ് ഓടി രക്ഷപ്പെട്ടതോടെ പ്രതികൾ കാറിലും ബൈക്കിലുമായി എറണാകുളത്തേക്ക് കടന്നു. പരിക്കേറ്റ ജിൻസിനെ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അറസ്റ്റിലായ പ്രതികളിൽ പലരും നേരത്തെയും വിവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് അറിയിച്ചു. ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ ദേവികുളം കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

