തൂക്കിലേറ്റിയ സുൽഫിക്കർ അലി ഭുട്ടോക്ക് ശരിയായ വിചാരണ ലഭിച്ചില്ലെന്ന് പാക് സുപ്രീംകോടതി
text_fieldsഇസ്‍ലാമാബാദ്: 44 വർഷം മുമ്പ് തൂക്കിലേറ്റിയ പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പ്രസിഡന്റുമായിരുന്ന സുൽഫിക്കർ അലി ഭുട്ടോക്ക് കുറ്റമറ്റ വിചാരണ ലഭിച്ചില്ലെന്ന് പാക് സുപ്രീംകോടതി. പാകിസ്താൻ പീപ്ൾസ് പാർട്ടി(പി.പി.പി)യുടെ സ്ഥാപകനാണ് സുൽഫിക്കർ അലി ഭുട്ടോ. 1979ലാണ് ഇദ്ദേഹത്തെ ജനറൽ സിയാവുൽ ഹഖിന്റെ ഭരണകാലത്ത് തൂക്കിലേറ്റിയത്. കൊലപാതകക്കുറ്റത്തിനാണ് ശിക്ഷിച്ചിരുന്നത്. 'എന്നാൽ അദ്ദേഹത്തിന് ന്യായമായ വിചാരണ ലഭിച്ചില്ല. അതിനു വേണ്ടിയുള്ള നടപടികളുമുണ്ടായില്ല.'-പാക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ക്വാസി ഫായിസ് ഈസ പറഞ്ഞു. അദ്ദേഹത്തെ തൂക്കിലേറ്റുക എന്നത് ഒമ്പതംഗ ബെഞ്ചിന്റെ ഏകകണ്ഠമായ തീരുമാനമായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
2011ൽ ബിലാവലിന്റെ പിതാവ് ആസിഫ് അലി സർദാരി പ്രസിഡന്റായിരുന്ന കാലത്ത് സമർപ്പിച്ച ജുഡീഷ്യൽ പരാമർശത്തിന് മറുപടിയായാണ് ഈ വിധി വന്നത്. പി.പി.പി സ്ഥാപകനേതാവിന്റെ വധശിക്ഷ പുനഃപരിശോധിക്കുന്നതിന്റെ സാധുതയെ കുറിച്ചും സുപ്രീംകോടതിയുെട അഭിപ്രായം തേടിയിരുന്നു.
ഞങ്ങളുടെ കുടുംബത്തിലെ മൂന്ന് തലമുറ ഈ വാർത്ത കേൾക്കാൻ കാത്തിരിക്കുകയായിരുന്നുവെന്ന് ബിലാവൽ ഭുട്ടോ എക്സിൽ കുറിച്ചു. വിധിയുടെ വിശദമായ വിവരങ്ങൾ സുപ്രീംകോടതി പിന്നീട് പുറത്തുവിടും.
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായിട്ടാണ് സിയാവുൽ ഹഖിന്റെ നിർദേശപ്രകാരം സുൽഫിക്കറിനെ തൂക്കിലേറ്റിയത്. സുൽഫിക്കറിനെ അട്ടിമറിയിലൂടെയാണ് സിയാവു ഹഖ് പുറത്താക്കിയത്. സുൽഫിക്കറിന്റെ മകൾ ബേനസീർ ഭുട്ടോ രണ്ടുതവണ പാക് പ്രധാനമന്ത്രിയായിട്ടുണ്ട്. സുൽഫിക്കറിന്റെ പേരക്കുട്ടിയാണ് ബിലാവൽ ഭുട്ടോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

