നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാനുള്ള നിയമസാധ്യത പരിശോധിച്ച് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി
text_fieldsന്യൂയോർക്ക്: ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാനുള്ള നിയമസാധ്യത ന്യൂയോർക്ക് നഗര ഭരണകൂടം പരിശോധിക്കുന്നു. സെപ്റ്റംബറിൽ നടക്കുന്ന യു.എൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ നെതന്യാഹു ന്യൂയോർക്കിൽ എത്തിയാൽ അറസ്റ്റ് ചെയ്യാനാണ് നീക്കം. ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി ശനിയാഴ്ചയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'ദി ന്യൂയോർക്ക് ടൈംസിന്' നൽകിയ അഭിമുഖത്തിലാണ് ഈ വിവരം പങ്കുവെച്ചത്.
നെതന്യാഹു യുദ്ധക്കുറ്റവാളിയാണെന്നും അദ്ദേഹത്തെ വിചാരണ ചെയ്യണമെന്നും സൊഹ്റാൻ മംദാനി അഭിമുഖത്തിൽ തുറന്നടിച്ചു. ഒരു വിദേശ നേതാവിനെ തടങ്കലിൽ വെക്കാൻ ന്യൂയോർക്ക് പൊലീസിന് നിർദ്ദേശം നൽകാൻ മേയർക്ക് അധികാരമുണ്ടോ എന്ന കാര്യത്തിൽ നഗരത്തിലെ നിയമവകുപ്പുമായി സജീവമായ ചർച്ചകൾ നടക്കുകയാണ്. നിയമം അനുവദിക്കുന്നതെന്തും ന്യൂയോർക്കിൽ നടപ്പാക്കുമെന്നും എന്നാൽ അതിനായി സ്വന്തം നിലയിൽ നിയമങ്ങൾ നിർമ്മിക്കില്ലെന്നും മംദാനി പറഞ്ഞു. നേരത്തെ തന്റെ മേയർ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും നെതന്യാഹു ന്യൂയോർക്കിലെത്തിയാൽ അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറന്റ് നടപ്പാക്കാൻ ശ്രമിക്കുമെന്ന് മംദാനി പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, ഈ നീക്കങ്ങളെ തള്ളിയ ബെന്യാമിൻ നെതന്യാഹു, മംദാനി ഹമാസിനെ പിന്തുണക്കുകയാണെന്ന് ആരോപിച്ചു. മംദാനി ആരെയാണ് അപലപിക്കുന്നതെന്നും ആരെയാണ് പുകഴ്ത്തുന്നതെന്നും സ്വയം പരിശോധിക്കണമെന്ന് നെതന്യാഹു ഒരു റേഡിയോ അഭിമുഖത്തിൽ പ്രതികരിച്ചു. അമേരിക്കൻ മൂല്യങ്ങൾക്കൊപ്പം തോളോട് തോൾ ചേർന്നുനിൽക്കുന്ന ഏക ജനാധിപത്യ രാജ്യമായ ഇസ്രായേലിനെയാണ് മേയർ കുറ്റപ്പെടുത്തുന്നതെന്നും നെതന്യാഹു പറഞ്ഞു.
ഗസ്സയിലെ ഇസ്രായേൽ സൈനിക നടപടികളെ മംദാനി നിരന്തരം അപലപിക്കാറുണ്ട്. അതോടൊപ്പം തന്നെ 2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തെയും അദ്ദേഹം തള്ളപ്പറഞ്ഞിട്ടുണ്ട്. ഗസ്സ വിഷയത്തിലെ യു.എസ് നയങ്ങളെ കടുത്ത ഭാഷയിലാണ് മേയർ വിമർശിച്ചത്. ഇതിലും പരാജയപ്പെട്ട ഒരു വിദേശനയം വേറെയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

