മദുറോയെ തടവിലാക്കിയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം; ഏകപക്ഷീയ നടപടി യുദ്ധസമാനമെന്ന് സൊഹ്റാൻ മംദാനി
text_fieldsസൊഹ്റാൻ മംദാനി
ന്യൂയോർക്ക്: വെനിസ്വേലൻ പ്രസിഡന്‍റ് നികളസ് മദുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും തടവിലാക്കിയ ട്രംപ് ഭരണകൂടത്തിന്‍റെ നടപടിയെ വിമർശിച്ച് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി രംഗത്ത്. പരമാധികാര രാഷ്ട്രത്തിനു നേരെ ഏകപക്ഷീയ സൈനിക നടപടിയുണ്ടായത് യുദ്ധത്തിനു സമാനമാണെന്നും യു.എസിലെ നിയമത്തിന്‍റെയും അന്താരാഷ്ട്ര നിയമത്തിന്‍റെയും ലംഘനമാണിതെന്നും മംദാനി എക്സിൽ കുറിച്ചു. ഭരണമാറ്റത്തിനുള്ള ശ്രമമാണ് ട്രംപിന്‍റെ നടപടിയെന്ന് വിശേഷിപ്പിച്ച മംദാനി, ഇതിന്റെ അനന്തരഫലങ്ങൾ വെനിസ്വേലയുടെ അതിർത്തിക്കപ്പുറത്തേക്ക് വ്യാപിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
“ഈ നടപടി വിദേശത്തുള്ളവരെ മാത്രമല്ല ബാധിക്കുന്നത്. ഈ നഗരത്തെ സ്വന്തം നാട് എന്ന് വിളിക്കുന്ന പതിനായിരക്കണക്കിന് വെനിസ്വേലക്കാർ ഉൾപ്പെടെ ന്യൂയോർക്ക് നിവാസികളെ ഇത് നേരിട്ട് ബാധിക്കുന്നു.” അമേരിക്കയിലെ ഏറ്റവും വലിയ വെനിസ്വേലൻ സമൂഹങ്ങളിലൊന്നാണ് ന്യൂയോർക്കിലേത്, അവരിൽ പലരും സ്വന്തം രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക തകർച്ചയും മൂലം പലായനം ചെയ്തവരാണ്. മഡുറോയെ യു.എസ് സൈന്യം പിടികൂടിയത് കുടിയേറ്റ സമൂഹങ്ങൾക്കിടയിൽ, പ്രത്യേകിച്ച് വെനിസ്വേലയിൽ നിന്നുള്ളവർക്കിടയിൽ ഭയവും അനിശ്ചിതത്വവും വർധിപ്പിക്കുമെന്ന് മംദാനി വിശ്വസിക്കുന്നു.
തന്റെ ഭരണകൂടത്തിന്റെ പ്രാഥമിക പരിഗണന പൊതുജന സുരക്ഷയാണെന്ന് മംദാനി ഊന്നിപ്പറഞ്ഞു. നഗരത്തിലെ സുരക്ഷ ഏജൻസികൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യാനുസരണം മാർഗനിർദ്ദേശങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. സൈന്യം പിടികൂടിയ മഡുറോയേയും ഭാര്യയേയും ന്യൂയോർക്കിൽ എത്തിച്ചിട്ടുണ്ട്. ഇരുവർക്കുമെതിരെ മയക്കുമരുന്ന്-ഭീകര ഗൂഢാലോചന, കൊക്കെയ്ൻ ഇറക്കുമതി ഗൂഢാലോചന, ആയുധ കുറ്റകൃത്യങ്ങൾ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഡെൽറ്റ ഫോഴ്‌സ് ശനിയാഴ്ച പുലർച്ചെ നടത്തിയ വൻ സൈനിക ആക്രമണത്തിലാണ് മഡുറോയെയും ഭാര്യയെയും ബന്ദികളാക്കിയത്.
മാസങ്ങളായി തുടരുന്ന സമ്മർദങ്ങൾക്കും ഭീഷണികൾക്കുമൊടുവിലാണ് വെനിസ്വേലയിൽ യു.എസ് സേന കടന്നുകയറിയത്. തലസ്ഥാനമായ കറാക്കസിൽ ആക്രമണം നടത്തിയ യു.എസ്, വെനിസ്വേല പ്രസിഡന്റ് നികളസ് മദുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും ബന്ദിയാക്കി കൊണ്ടുപോയി. ഇരുവരെയും കാണാനില്ലെന്നും ജീവനോടെയുണ്ടെന്ന് തെളിയിക്കണമെന്നും വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗ്വസ് പറഞ്ഞു. സാമ്രാജ്യത്വത്തിന്റെ ആക്രമണമാണിതെന്ന് വിശേഷിപ്പിച്ച വെനിസ്വേല സർക്കാർ, ജനങ്ങൾ തെരുവിലിറങ്ങണമെന്ന് ആഹ്വാനം ചെയ്തു. തുടക്കത്തിൽ വ്യോമാക്രമണം നടത്തിയ യു.എസ് സേന, പിന്നീട് പകൽ വെളിച്ചത്തിൽ കരയാക്രമണം നടത്തി.
വെനസ്വേലയിൽ ശരിയായ അധികാരകൈമാറ്റം യാഥാർഥ്യമാകുന്നത് വരെ രാജ്യം യു.എസ് ഭരിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. വെനസ്വേലൻ അധിനിവേശത്തിന് പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നികളസ് മദുറോയുടെ ഏറ്റവും പുതിയ ചിത്രവും ട്രംപ് പുറത്ത് വിട്ടിരുന്നു. മദുറോ രണ്ട് കേസുകളിൽ വിചാരണ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ വെനസ്വേലയെ ഇനിയും ആക്രമിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

