Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘സയണിസം വംശീയത തന്നെ, ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി നിരോധിക്കണം’; ആന്റി-സയണിസ്റ്റ് പ്രമേയം പാസ്സാക്കി ബ്രിട്ടീഷ് ഗ്രീൻ പാർട്ടി

text_fields
bookmark_border
‘സയണിസം വംശീയത തന്നെ, ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി നിരോധിക്കണം’; ആന്റി-സയണിസ്റ്റ് പ്രമേയം പാസ്സാക്കി ബ്രിട്ടീഷ് ഗ്രീൻ പാർട്ടി
cancel

ലണ്ടൻ: ഫലസ്തീൻ മണ്ണിലെ ഇസ്രായേൽ അധിനിവേശത്തിനും അതിക്രമങ്ങൾക്കും കാരണം സയണിസ്റ്റ് പ്രത്യയശാസ്ത്രമാണെന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് ബ്രിട്ടനിലെ ഗ്രീൻ പാർട്ടി ചരിത്രപ്രധാനമായ തീരുമാനം കൈക്കൊണ്ടു. പാർട്ടി ഔദ്യോഗികമായി അംഗീകരിച്ച 'Motion A105' പ്രമേയത്തിലൂടെ ഗ്രീൻ പാർട്ടി ഇനിമുതൽ ഒരു ആന്റി-സയണിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനമായി പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി. ഒക്ടോബർ 4-ന് നടന്ന പാർട്ടി വാർഷിക സമ്മേളനത്തിൽ 813 പ്രതിനിധികൾ എതിർത്തപ്പോൾ 1022 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഈ നിർണ്ണായക പ്രമേയം പാസ്സായത്. മിതവാദപരമായ സമാധാന ചർച്ചകൾക്കപ്പുറം, പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം സയണിസമാണെന്ന് തുറന്നടിക്കുന്ന പ്രമേയം യുകെ രാഷ്ട്രീയത്തിലും ആഗോള നയതന്ത്ര മേഖലകളിലും വൻ ചർച്ചയായിരിക്കുകയാണ്.

പുതിയ രാഷ്ട്രീയ നിലപാടിലൂടെ കൃത്യമായ ആവശ്യങ്ങളാണ് ഗ്രീൻ പാർട്ടി മുന്നോട്ടുവെക്കുന്നത്. ഫലസ്തീൻ മണ്ണിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ജനതയുടെ തിരിച്ചുവരവിനുള്ള അവകാശത്തെയും (Right of Return), അവിടെ വംശീയ വേർതിരിവുകളില്ലാത്ത ഒരൊറ്റ ജനാധിപത്യ രാഷ്ട്രം സ്ഥാപിക്കുന്നതിനെയും പാർട്ടി പൂർണ്ണമായി പിന്തുണയ്ക്കുന്നു. കൂടാതെ, ഇസ്രായേലിനെതിരെ അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ബി.ഡി.എസ് (Boycott, Divestment, Sanctions) പ്രസ്ഥാനത്തോടുള്ള സഹകരണം ഉറപ്പിച്ചു. സയണിസ്റ്റ് വിരുദ്ധത എന്നത് യഹൂദ വിരുദ്ധതയല്ല എന്ന് വ്യക്തമായി വേർതിരിച്ചു കാണിച്ച പാർട്ടി, ഇസ്രായേലിലേക്ക് യുകെ നടത്തുന്ന എല്ലാവിധ ആയുധ കയറ്റുമതിയും ഉടനടി നിരോധിക്കണമെന്ന് ബ്രിട്ടീഷ് സർക്കാരിനോട് ശക്തമായി ആവശ്യപ്പെടുകയും ചെയ്തു.

ബ്രിട്ടീഷ് രാഷ്ട്രീയ പശ്ചാത്തലത്തിൽ ഈ തീരുമാനം വൻ വിപ്ലവകരമായെങ്കിലും, ചരിത്രപരമായി നോക്കുമ്പോൾ ഇതിന് ആഫ്രിക്കൻ വിമോചന പോരാട്ടങ്ങളോളം പഴക്കമുണ്ട്. 1948-ലെ നക്ബയ്ക്ക് മുൻപുതന്നെ ആരംഭിച്ച ഫലസ്തീനികളുടെ കൂട്ടപ്പലായനത്തിന്റെയും ആഫ്രിക്കയിലെ വംശീയവിരുദ്ധ പോരാട്ടങ്ങളുടെയും തുടർച്ചയായാണ് തീരുമാനത്തെ നിരീക്ഷകർ കാണുന്നത്. 1975-ൽ യുഗാണ്ടയിലെ കമ്പാലയിൽ സമ്മേളിച്ച ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റി ദക്ഷിണാഫ്രിക്കയിലെ അപാർതീഡ് ഭരണകൂടവും ഇസ്രായേലും സമാനമായ സാമ്രാജ്യത്വ അടിത്തറയിലാണ് പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. തുടർന്ന് 1975 നവംബർ 10-ന് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി 3379-ാം നമ്പർ പ്രമേയത്തിലൂടെ സയണിസം വംശീയ വിവേചനത്തിന്റെ രൂപമാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എന്നാൽ, അമേരിക്കയുടെയും ഇസ്രായേലിന്റെയും കടുത്ത നയതന്ത്ര-സാമ്പത്തിക സമ്മർദ്ദങ്ങൾക്ക് വഴങ്ങി 1991 ഡിസംബർ 16-ന് യു.എൻ ഈ പ്രമേയം പിൻവലിക്കുകയായിരുന്നു. പ്രമേയം റദ്ദാക്കിയെങ്കിലും ഫലസ്തീനികൾ നേരിടുന്ന വംശീയ വിവേചനപരമായ വ്യവസ്ഥിതിയിൽ മാറ്റമൊന്നും വന്നില്ല. ആ തീരുമാനത്തിലൂടെ സാധൂകരിക്കപ്പെട്ട രാഷ്ട്രീയ ഘടനയാണ് ഇന്ന് ഗസ്സയിലെ ദുരന്തങ്ങൾക്ക് വഴിവെച്ചതെന്ന ചരിത്രപരമായ ചർച്ചയ്ക്കാണ് ഗ്രീൻ പാർട്ടിയുടെ പുതിയ പ്രമേയം വീണ്ടും തുടക്കമിട്ടിരിക്കുന്നത്.

പാർട്ടി അണികൾ പ്രമേയത്തെ പിന്തുണച്ചെങ്കിലും ഉന്നത തലത്തിൽ വലിയ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തിട്ടുണ്ട്. പാർട്ടിയുടെ പാർലമെന്റിലെ അഞ്ച് എം.പിമാരിൽ നാല് പേരും ഈ പ്രമേയത്തെ എതിർക്കുകയാണുണ്ടായത്. കൂടാതെ, പ്രമേയം പാസ്സായതിൽ പ്രതിഷേധിച്ച് ആംനസ്റ്റി ഇന്റർനാഷണൽ യുകെ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സാണ്ടി റൂത്ത്വെൻ ഗ്രീൻ പാർട്ടി അംഗത്വം രാജിവെച്ചു. പാർട്ടി തീവ്ര ഇടതുപക്ഷ വോട്ടുകൾ നേടാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

എന്നാൽ, 2022-ൽ ഇസ്രായേലിന്റേത് ഒരു വംശീയ അധിനിവേശ ഭരണകൂടമാണെന്ന് റിപ്പോർട്ട് പുറത്തുവിട്ട ആംനസ്റ്റി ഇന്റർനാഷണലിന്റെ നേതാവ് തന്നെ പ്രമേയത്തെ എതിർത്ത് രാജിവെച്ചതിലെ വൈരുദ്ധ്യം രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. വംശീയ അധിനിവേശത്തെ എതിർക്കുമ്പോഴും അതിന് പിന്നിലെ സയണിസ്റ്റ് പ്രത്യയശാസ്ത്രത്തെ ചോദ്യം ചെയ്യാൻ ഭയക്കുന്ന പരമ്പരാഗത രാഷ്ട്രീയ ശൈലിയുടെ പ്രതിഫലനമാണിത്.

ഗസ്സയിൽ തുടരുന്ന വംശഹത്യയുടെ പശ്ചാത്തലത്തിൽ, കൃത്യമായ നിലപാടെടുക്കാൻ ഗ്രീൻ പാർട്ടി കാണിച്ച ധൈര്യം യുകെയിലെ ലേബർ പാർട്ടി ഉൾപ്പെടെയുള്ള മറ്റു പുരോഗമന പ്രസ്ഥാനങ്ങൾക്കും ആഗോള രാഷ്ട്രീയ പാർട്ടികൾക്കും വലിയ പ്രചോദനമാകും. സയണിസ്റ്റ് വ്യവസ്ഥിതി നിലനിൽക്കുന്നിടത്തോളം കാലം ഫലസ്തീനിൽ സമാധാനപരമായ പരിഹാരം സാധ്യമല്ലെന്ന കൃത്യമായ സന്ദേശമാണ് ഗ്രീൻ പാർട്ടി നൽകുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘സയണിസം വംശീയത തന്നെ, ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി നിരോധിക്കണം’; ആന്റി-സയണിസ്റ്റ് പ്രമേയം പാസ്സാക്കി ബ്രിട്ടീഷ് ഗ്രീൻ പാർട്ടി
Next Story