യുക്രെയ്ൻ നന്ദി കാണിച്ചില്ലെന്ന് ട്രംപ്; നന്ദിയുണ്ടേയെന്ന് സെലൻസ്കി, സമാധാന ചർച്ചകൾ ശുഭസൂചകമെന്ന് മാർക്കോ റൂബിയോ
text_fieldsവൊളോഡിമിർ സെലെൻസ്കി, ഡോണൾഡ് ട്രംപ്
വാഷിങ്ടൺ: റഷ്യക്കെതിരെ യുദ്ധത്തില്‍ പിന്തുണ നല്‍കിയിട്ടും യുക്രെയ്നിലെ നേതൃത്വം യു.എസിനോട് യാതൊരു നന്ദിയും കാണിച്ചില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പിന്നാലെ നന്ദിയുണ്ടേയെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. യുക്രെയ്ൻ ഒരിക്കലും യുദ്ധം ആഗ്രഹിച്ചിട്ടില്ലെന്നും സെലൻസ്കി പറഞ്ഞു.
‘എല്ലാവരും പിന്തുണ വാഗ്ദാനം ചെയ്യുന്നു, ഉപദേശം നൽകുന്നു. യുക്രെയ്നിന് സഹായം നൽകുന്ന ഓരോരുത്തരോടും നന്ദിയുള്ളവനാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ ഫലപ്രദമാണ്. എല്ലാം സാധ്യമാണെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. യുക്രെയ്ൻ ഒരിക്കലും യുദ്ധം ആഗ്രഹിച്ചിട്ടില്ല. ഞങ്ങൾ ഒരിക്കലും സമാധാനത്തിനു തടസമാകില്ല.
ശരിയായ നടപടികൾ സ്വീകരിക്കുന്നതിനാൽ ഫലം പ്രതീക്ഷിക്കുന്നു. വിശ്വസനീയമായ സമാധാനം, ഉറപ്പുള്ള സുരക്ഷ, നമ്മുടെ ജനങ്ങളോടുള്ള ബഹുമാനം, റഷ്യൻ ആക്രമണത്തിൽ നിന്ന് യുക്രെയ്നെ സംരക്ഷിക്കുന്നതിനായി ജീവൻ നൽകിയ എല്ലാവരോടും ഉള്ള ബഹുമാനം എന്നിവയാണ് പ്രഥമ പരിഗണന,’ എന്നായിരുന്നു ട്രംപിന്റെ പരാമർശങ്ങൾക്ക് സെലൻസ്കിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസമായിരുന്നു ട്രൂത്ത് സോഷ്യലിലൂടെ ട്രംപിന്റെ പരാമർശം. ‘യു.എസിലും യുക്രെയ്നിലും കരുത്തുറ്റതും കൃത്യതയുള്ളതുമായ നേതൃത്വം ഉണ്ടായിരുന്നെങ്കില്‍ ആ യുദ്ധം ഒരിക്കലും നടക്കില്ലായിരുന്നു. ഞാൻ വീണ്ടും പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിനു വളരെ മുന്‍പ്, ഉറക്കംതൂങ്ങിയായ ജോ ബൈഡന്റെ കാലത്താണ് റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചത്. 2020ലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കുകയും അത് തട്ടിയെടുക്കപ്പെടുകയും ചെയ്തില്ലായിരുന്നെങ്കില്‍ യുക്രെയ്ന്‍-റഷ്യ യുദ്ധം ഉണ്ടാകുമായിരുന്നില്ല. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത, അനാവശ്യമായി ദശലക്ഷക്കണക്കിനാളുകള്‍ മരിച്ച ഒരു യുദ്ധമാണ്. യുക്രെയ്ന്‍ നേതൃത്വം നമ്മുടെ പരിശ്രമങ്ങളോട് യാതൊരു നന്ദിയും കാണിച്ചില്ല. യൂറോപ്പ് റഷ്യയില്‍നിന്ന് എണ്ണവാങ്ങുന്നത് തുടരുന്നു. നാറ്റോയ്ക്ക് യുക്രെയ്നില്‍ വിതരണം ചെയ്യാന്‍ വലിയ അളവില്‍ യുഎസ്എ ആയുധങ്ങള്‍ വില്‍ക്കുന്നത് തുടരുന്നു (കൗശലക്കാരനായ ജോ ബൈഡന്‍ എല്ലാം സൗജന്യമായാണ് നല്‍കിയിരുന്നത്)’ – ട്രംപ് ഞായറാഴ്ച ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അതേസമയം, ജെനീവയിൽ നടക്കുന്ന സമാധാന ചർച്ചകൾ പ്രതീക്ഷാജനമകായ രീതിയിലാണ് പുരോഗമിക്കുന്നതെന്ന് യു.എസ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. സ്വന്തം പരമാധികാരം നിലനിർത്തിക്കൊണ്ടുള്ള യുക്രെയ്ന്റെ ആവശ്യങ്ങൾക്ക് ഒപ്പം ട്രംപിന്റെ നിർദേശങ്ങളിലും ചർച്ചകൾ പുരോഗമിക്കുകയാണെന്ന് മാർക്കോ റൂബിയോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

