Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പുടിന്റെ കെണിയിൽ വീഴരുത്'; റഷ്യക്കായി യുദ്ധം ചെയ്യാൻ ഇന്ത്യയടക്കം 47 രാജ്യങ്ങളിലെ പൗരന്മാരെ കബളിപ്പിക്കുന്നുവെന്ന് സെലൻസ്കി

text_fields
bookmark_border
പുടിന്റെ കെണിയിൽ വീഴരുത്; റഷ്യക്കായി യുദ്ധം ചെയ്യാൻ ഇന്ത്യയടക്കം 47 രാജ്യങ്ങളിലെ പൗരന്മാരെ കബളിപ്പിക്കുന്നുവെന്ന് സെലൻസ്കി
cancel

കിയവ്: യുക്രെയ്നെതിരായ യുദ്ധത്തിലേക്ക് റഷ്യ ഇന്ത്യൻ പൗരന്മാരെ ചതിയിലൂടെയാണ് റിക്രൂട്ട് ചെയ്യുന്നതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്കി. യു.എൻ പൊതുസഭയുടെ 81-ാമത് സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ ഉൾപ്പെടെ 47 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ റഷ്യ യുദ്ധമുഖത്തേക്ക് തള്ളിയിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

റഷ്യൻ സൈന്യത്തിനായി യുദ്ധം ചെയ്യുന്ന വിവിധ രാജ്യങ്ങളിലെ പൗരന്മാർ യുദ്ധക്കളത്തിൽ ദാരുണമായി കൊല്ലപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഘാന, നേപ്പാൾ, താജിക്കിസ്താൻ, ഇന്ത്യ, യമൻ, കെനിയ, സിംബാബ്‌വെ, ക്യൂബ, ബെലാറസ്, സുഡാൻ, ദക്ഷിണാഫ്രിക്ക തുടങ്ങി 47 രാജ്യങ്ങളിൽ നിന്നുള്ളവരെ റഷ്യ ചതിയിലൂടെ യുദ്ധത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്ന് സെലൻസ്കി വ്യക്തമാക്കി.

അതുകൊണ്ട് തങ്ങളുടെ പൗരന്മാർ യുദ്ധത്തിൽ കബളിപ്പിക്കപ്പെട്ട് അകപ്പെടുന്നത് തടയാൻ അതത് രാജ്യങ്ങൾ മുൻകൈയെടുക്കണമെന്ന് സെലെൻസ്കി ആവശ്യപ്പെട്ടു. ഓരോ കിലോമീറ്റർ ഭൂമിക്കുവേണ്ടിയും കൂടുതൽ ആളുകളെ കൊന്നൊടുക്കാനും കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കാനുമാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ശ്രമിക്കുന്നത്. പുടിന്റെ ഈ കെണിയിൽ സ്വന്തം പൗരന്മാർ വീഴാതെ നോക്കാൻ രാജ്യങ്ങൾ ജാഗ്രത പാലിക്കണമെന്നും പുടിന്റെ സാമ്പത്തിക സ്രോതസ്സുകളും പ്രവർത്തനങ്ങളും നിയന്ത്രിക്കണമെന്നും സെലൻസ്കി അഭ്യർത്ഥിച്ചു.

അതേസമയം, റഷ്യൻ സായുധ സേന 227 ഇന്ത്യൻ പൗരന്മാരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ 139 പേരെ മോചിപ്പിച്ചെങ്കിലും 51 ഇന്ത്യൻ പൗരന്മാർ യുദ്ധത്തിൽ കൊല്ലപ്പെട്ടതായി വിദേശ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു. ബാക്കിയുള്ളവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നയതന്ത്ര ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

റഷ്യയുടെ യുദ്ധ ധനകാര്യ സ്രോതസ്സുകൾ തടയണമെന്നും സെലെൻസ്കി ആവശ്യപ്പെട്ടു. റഷ്യൻ എണ്ണയെ ആശ്രയിക്കുന്ന ഇന്ത്യ, ചൈന, തുർക്കിയ തുടങ്ങിയ രാജ്യങ്ങൾ വ്യാപാരം കുറക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ രാജ്യത്തെ ഉപഭോക്താക്കളുടെ താൽപര്യങ്ങളും ഊർജ സുരക്ഷയും മുൻനിർത്തി വിപണി സാഹചര്യങ്ങൾ അനുസരിച്ചാണ് ഇന്ത്യ എണ്ണ വാങ്ങുന്നതെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. അതിനിടയിൽ, ഉത്തരകൊറിയ റഷ്യക്ക് സൈനിക സഹായം നൽകുന്നുണ്ടെന്നും സെലെൻസ്കി ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Zelensky says Russia tricking Indians into joining war: ‘Don’t let Putin drag you in'
Next Story