‘അയാളുടെ വായിൽനിന്ന് വരുന്നതെല്ലാം പ്രശ്‌നം, എനിക്കത് ഇഷ്ടമല്ല’ -സെലൻസ്കിക്കെതിരെ ട്രംപ്
text_fieldsവാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ ഭ്രാന്തനെന്ന് വിശേഷിപ്പിച്ച യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്‌കിക്കെതിരെയും വിമർശനം ഉന്നയിച്ചു. സെലൻസ്കിയുടെ സംസാരരീതി ശരിയല്ലെന്നായിരുന്നു ട്രംപിന്റെ പരാമർശം. ‘‘അദ്ദേഹത്തിന്റെ വായിൽനിന്നു വരുന്നതെല്ലാം പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. എനിക്ക് അത് ഇഷ്ടമല്ല, അത് നിർത്തുന്നതാണ് നല്ലത്’’ -ട്രംപ് പറഞ്ഞു.
യുക്രെയ്നെതിരായ പുടിന്റെ നടപടിയിൽ സന്തുഷ്ടനല്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. റഷ്യക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്വന്തം സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലായിരുന്നു ട്രംപിന്റെ വിമർശനം. യുക്രെയ്നെ ലക്ഷ്യമിട്ട് മൂന്നു വർഷത്തിനിടെ ഏറ്റവും ശക്തമായ ആക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു പ്രതികരണം. യു.എസ്-റഷ്യ ബന്ധം വഷളാകുന്നു എന്നാണ് ട്രംപിന്റെ വിമർശനം നൽകുന്ന സൂചന.
പുടിനുമായി എനിക്ക് ഏറെക്കാലമായി വളരെ നല്ല ബന്ധമാണ്. പക്ഷേ, അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട്. അയാൾ ശരിക്കും ഭ്രാന്തനായിപ്പോയിട്ടുണ്ട്. അനാവശ്യമായി ഒരുപാട് ആളുകളെ അയാൾ കൊല്ലുകയാണ്. സൈനികരെക്കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്. ഒരു ഭാഗമല്ല, യുക്രെയ്ൻ മുഴുവൻ പിടിച്ചെടുക്കണമെന്നാണ് പുടിൻ ആഗ്രഹിക്കുന്നത്. അത് ശരിയാണെന്ന് തോന്നുന്നുണ്ടാകാം. പക്ഷേ, റഷ്യയുടെ പതനത്തിലേക്കാണ് അത് നയിക്കുക -ട്രംപ് കുറിച്ചു. പുടിനെ ഒരുപാട് കാലമായി അറിയാം. എന്താണ് അദ്ദേഹത്തിന് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ല. നഗരങ്ങളിലേക്ക് റോക്കറ്റുകൾ പ്രയോഗിച്ച് ആളുകളെ കൊല്ലുകയാണ് അയാൾ. അതൊന്നും തനിക്ക് ഇഷ്ടമല്ലെന്നും ഞായറാഴ്ച രാത്രി മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ ട്രംപ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

