യുദ്ധം തുടരാൻ പുടിന് വ്യക്തിപരമായ താൽപര്യമെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്‌കി
text_fieldsകിയവ്: അഞ്ചാം വർഷത്തിലേക്ക് കടന്ന യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് വ്യക്തിപരമായി താൽപ്പര്യമില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്‌കി ആരോപിച്ചു. റഷ്യൻ സമൂഹത്തിലെ ഭൂരിപക്ഷം ആളുകളും നിലവിലെ അതിർത്തിയിൽ വെച്ച് യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും, റഷ്യൻ ഭരണാധികാരി മാത്രം യുദ്ധം തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് സെലെൻസ്‌കി വ്യക്തമാക്കി.
തങ്ങളുടെയും സഖ്യകക്ഷികളുടെയും പക്കലുള്ള വിവരങ്ങളും റഷ്യയിൽ നിന്നുള്ള സൂചനകളും വ്യക്തമാക്കുന്നത് റഷ്യൻ നേതാവിന് കൂടുതൽ യുദ്ധമാണ് വേണ്ടതെന്നാണ്. യുദ്ധം അവസാനിപ്പിക്കാൻ പുടിന്റെ ഭാഗത്തുനിന്നും ആത്മാർത്ഥമായ മനോഭാവം ഉണ്ടാകേണ്ടതുണ്ട്. യുദ്ധം നീട്ടിക്കൊണ്ടുപോകാനല്ല, മറിച്ച് അത് അവസാനിപ്പിക്കാനുള്ള ചിന്തയാണ് മോസ്കോയിൽ ഉണ്ടാകേണ്ടതെന്നും സെലെൻസ്‌കി കൂട്ടിച്ചേർത്തു.
റഷ്യയെ സമാധാനപാതയിലേക്ക് നയിക്കാൻ എന്ത് ചെയ്യാനാകുമെന്നത് സംബന്ധിച്ച് യു.എസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമായും ഡോണൾഡ് ട്രംപിന്റെ മരുമകൻ ജാരെദ് കുഷ്‌നറുമായും താൻ ഫോണിൽ സംസാരിച്ചതായി സെലെൻസ്‌കി വെളിപ്പെടുത്തി. റഷ്യൻ പക്ഷവുമായുള്ള ചർച്ചകളുടെ തയാറെടുപ്പുകളെക്കുറിച്ചും, അമേരിക്കൻ പ്രതിനിധികൾ യുക്രെയ്ൻ സന്ദർശിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചും അവർ ചർച്ച ചെയ്തു. അമേരിക്കൻ പ്രസിഡന്റിന്റെ പ്രതിനിധികൾക്ക് ഈ വിഷയത്തിൽ എന്തൊക്കെ നേടാനാകുമെന്ന് വരും ദിവസങ്ങളിൽ അറിയാം. സെപ്റ്റംബർ മാസം കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നേക്കാമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഇതിനിടെ കിർഗിസ്ഥാനിൽ വെച്ച് നടന്ന ഷാങ്ഹായ് ഉച്ചകോടിയിൽ യുക്രെയ്നുമായുള്ള യുദ്ധം എത്രയും പെട്ടന്ന് അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. സമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും മോദി പുടിന് ഉറപ്പുനൽകി. യുദ്ധം നീണ്ടുപോകുന്ന ഓരോ ദിവസവും മനുഷ്യരാശി ഓരോ പടി പിന്നോട്ട് നടക്കുകയാണെന്നും, സമാധാനത്തിലേക്കുള്ള ഓരോ ചുവടുവെപ്പും വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും മോദി പറഞ്ഞു. മോദിയുടെ പ്രസ്താവനക്ക് മറുപടിയായി, സമാധാനപരമായ പാതയിലൂടെയാണ് തങ്ങളും മുന്നോട്ട് പോകുന്നതെന്ന് പുടിൻ പ്രതികരിച്ചതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

