"ഞങ്ങൾക്ക് ഒരു ആഗ്രഹമുണ്ട്..." -ക്രിസ്മസ് ആശംസാ വിഡിയോയിൽ പുടിന്റെ മരണം ആഗ്രഹിച്ച് സെലൻസ്‌കി
text_fieldsവൊളോദിമർ സെലൻസ്കി, വ്ളാദിമിർ പുടിൻ
കിയവ്: റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ മരണം ആഗ്രഹിക്കുന്നുവെന്ന് പരോക്ഷമായി വെളിപ്പെടുത്തി യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമർ സെലൻസ്കി. ക്രിസ്മസ് രാവിൽ എക്സിൽ പങ്കുവെച്ച ആശംസാ വിഡിയോയിലാണ് "അയാളുടെ മരണം ആഗ്രഹിക്കുന്നു"വെന്ന് സെലൻസ്കി പറഞ്ഞത്.
ചൊവ്വാഴ്ച്ച യുക്രെയ്നിലുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വീഡിയോ പങ്കുവെച്ചത്. റഷ്യ ഇത്രയധികം കഷ്ടപ്പാടുകൾ വരുത്തിവെച്ചിട്ടും, ഏറ്റവും പ്രധാനപ്പെട്ട കാര്യം കൈവശപ്പെടുത്താനോ ബോംബിട്ട് തകർക്കാനോ അവർക്ക് കഴിയില്ല. അതാണ് ഞങ്ങളുടെ യുക്രേനിയൻ ഹൃദയം, പരസ്പര വിശ്വാസം, ഞങ്ങളുടെ ഐക്യം- സെലൻസ്കി വിഡിയോയിൽ പറഞ്ഞു.
"എല്ലാവർക്കും വേണ്ടി നമുക്ക് ഒരു ആഗ്രഹമുണ്ട്. എല്ലാവരും സ്വയം പറയുന്നതുപോലെ അയാൾ മരിക്കട്ടെ" എന്നും പുടിന്‍റെ പേരെടുത്ത് പറയാതെ അദ്ദേഹം പറഞ്ഞു. യുക്രെയ്‌നിന്‍റെ സമാധാനത്തിനായി ഞങ്ങൾ ദൈവത്തോട് അപേക്ഷിക്കുന്നു. അതിനായി പോരാടുന്നു. അതിനായി പ്രാർഥിക്കുന്നു. ഞങ്ങൾ അത് അർഹിക്കുന്നു -സെലൻസ്കി കൂട്ടിച്ചേർത്തു. റഷ്യയുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ രാജ്യമെമ്പാടും വൈദ്യുതി വിതരണം തടസപ്പെട്ടു. ക്രിസ്മസ് തലേന്ന് റഷ്യക്കാർ വീണ്ടും തങ്ങൾ ആരാണെന്ന് കാണിച്ച് തന്നിരിക്കുകയാണെന്നും വൻതോതിലുള്ള ഷെല്ലാക്രമണം, നൂറുകണക്കിന് ഷാഹെദ് ഡ്രോണുകൾ, ബാലിസ്റ്റിക് മിസൈലുകൾ തുടങ്ങിയവയെല്ലാം ഉപയോഗിച്ചുവെന്നും ഇത് ദൈവത്തെ മറന്നുള്ള ആക്രമണമാണെന്നും സെലൻസ്കി വിമർശിച്ചു.
വിഡിയോയുടെ അവസാനം ഇരു രാജ്യങ്ങൾക്കിടയിൽ സമാധാനം പുനഃസ്ഥാപിക്കാനായി യുക്രെയ്നിന്‍റെ കിഴക്കൻ വ്യാവയായിക മേഖലകളിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ തയാറാണെന്നും പക്ഷെ റഷ്യയും മേഖലയിൽനിന്ന് സൈന്യത്തെ പിൻവലിക്കണമെന്നും സെലൻസ്കി അറിയിച്ചു. കഴിഞ്ഞ മാസം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന നിർദേശത്തെത്തുടർന്ന് യു.എസ് പ്രതിനിധികൾ യുക്രെയ്നുമായും റഷ്യയുമായും വെവ്വേറെ ചർച്ചകൾ നടത്തിയിരുന്നു. യു.എസ് പദ്ധതി റഷ്യക്ക് അനുകൂലമാണെന്ന വിമർശനവും പിന്നാലെയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

