Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഊർജ്ജ വെടിനിർത്തൽ റഷ്യ പാലിച്ചില്ലെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്ന് സെലൻസ്കി

text_fields
bookmark_border
Volodymyr Zelensky
cancel
camera_alt

സെലൻസ്കി

കിയവ്: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിച്ച ഊർജ്ജ മേഖലയിലെ വെടിനിർത്തൽ റഷ്യ പാലിക്കാൻ തയാറായില്ലെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി മുന്നറിയിപ്പ് നൽകി. പോളണ്ടിൽ നടക്കുന്ന വാർസോ സെക്യൂരിറ്റി ഫോറത്തിൽ വിഡിയോ ലിങ്ക് വഴി സംസാരിക്കവെയാണ് സെലൻസ്‌കി നിലപാട് കടുപ്പിച്ചത്.

‘റഷ്യ ഊർജ്ജ വെടിനിർത്തലിന് സമ്മതിച്ചില്ലെങ്കിൽ ഞങ്ങൾ തിരിച്ചടിക്കും. ഞങ്ങളുടെ ജനങ്ങളെ ഇരുട്ടിലാക്കാനുള്ള ശ്രമം തുടർന്നാൽ അതേ നാണയത്തിൽ തിരിച്ചടിക്കാൻ ഞങ്ങൾ നിർബന്ധിതരാകും’ സെലൻസ്‌കി പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് ട്രംപ് യുക്രെയ്നും റഷ്യയും തമ്മിൽ ഊർജ്ജ മേഖലയിൽ വെടിനിർത്തലിന് ധാരണയായതായി ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപിച്ചത്.

എന്നാൽ ഇതുസംബന്ധിച്ച് യാതൊരു വിശദാംശങ്ങളും വൈറ്റ് ഹൗസോ ക്രെംലിനോ കിയവോ പുറത്തുവിട്ടിട്ടില്ല. കരാർ എപ്പോൾ മുതൽ പ്രാബല്യത്തിൽ വരും, എത്ര കാലത്തേക്കാണ്, ഏതൊക്കെ മേഖലകൾക്ക് ബാധകമാണ് എന്നതിൽ വ്യക്തതയില്ല. ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനം കിയവിൽ വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. മോസ്കോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം യുക്രെയ്നിന്‍റെ പാശ്ചാത്യ സഖ്യകക്ഷികൾ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു.

‘അമേരിക്കക്കാരും റഷ്യക്കാരും തമ്മിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്. അമേരിക്ക എന്ത് പ്രത്യേക നടപടികൾ സ്വീകരിക്കാൻ തയാറാണെന്ന് കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്’ സെലൻസ്‌കി വ്യക്തമാക്കി. റഷ്യൻ ഡീസലിന്മേലുള്ള യുഎസ് ഉപരോധം താൽക്കാലികമായി ലഘൂകരിച്ചതായി ട്രംപ് പ്രഖ്യാപിച്ച് വെറും രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ ഊർജ്ജ വെടിനിർത്തൽ പ്രഖ്യാപനം വന്നത്.

ഇത് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ കൂടുതൽ പ്രോത്സാഹിപ്പിക്കാനേ ഉപകരിക്കൂ എന്ന് ചൂണ്ടിക്കാട്ടി യൂറോപ്യൻ യൂണിയനും കിയവ് ഭരണകൂടവും രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഉപരോധം ലഘൂകരിക്കുന്നത് റഷ്യക്ക് സാമ്പത്തികമായി ഗുണം ചെയ്യുമെന്നും യുദ്ധം നീട്ടാൻ ഇടയാക്കുമെന്നുമാണ് വിമർശനം. കഴിഞ്ഞ മാസങ്ങളായി റഷ്യ യുക്രൈന്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം ശക്തമാക്കിയിരുന്നു.

ശൈത്യകാലം അടുക്കുന്ന സാഹചര്യത്തിൽ വൈദ്യുത നിലയങ്ങളും ഗ്രിഡുകളും തകർക്കുകയാണ് റഷ്യയുടെ ലക്ഷ്യം. ഇതിന് മറുപടിയായി യുക്രൈനും റഷ്യൻ എണ്ണ ശുദ്ധീകരണ ശാലകൾക്കും എണ്ണ കയറ്റുമതി ടെർമിനലുകൾക്കും നേരെ ഡ്രോൺ ആക്രമണം നടത്തുന്നുണ്ട്. ‘റഷ്യയുടെ എണ്ണ ശുദ്ധീകരണ ശാലകൾക്കും എണ്ണ കയറ്റുമതിക്കും നേരെയുള്ള ഞങ്ങളുടെ ദീർഘദൂര ആക്രമണങ്ങൾ നിർത്തണമെന്ന് റഷ്യ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങളുടെ ഊർജ്ജ സംവിധാനത്തിനും നിർണായക അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ റഷ്യ ആദ്യം നിർത്തണം. ഞങ്ങളുടെ ജനങ്ങളെ കൊല്ലുന്നത് അവസാനിപ്പിക്കണം’ സെലൻസ്‌കി ആവശ്യപ്പെട്ടു.

ഇതിന് മുമ്പും കിയവോ മോസ്കോയോ സ്ഥിരീകരിക്കുന്നതിന് മുമ്പ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ വെടിനിർത്തലോ മറ്റ് സമാധാന കരാറുകളോ പ്രഖ്യാപിച്ച് വിവാദം സൃഷ്ടിച്ചിട്ടുണ്ട്. വസ്തുതകൾക്ക് നിരക്കാത്ത പ്രഖ്യാപനങ്ങളാണ് ട്രംപ് നടത്തുന്നതെന്ന വിമർശനം ശക്തമാണ്. ‘ഊർജ്ജ വെടിനിർത്തലും സംഘർഷം കുറക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മറ്റ് നടപടികളും യാഥാർത്ഥ്യത്തിൽ തന്നെ ആവശ്യമാണ്. സെലൻസ്‌കി ട്രംപിനെ പരിഹസിച്ച് പറഞ്ഞു. യുദ്ധം മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോഴും സമാധാന ചർച്ചകൾക്ക് വഴി തെളിയാത്ത സാഹചര്യത്തിലാണ് പുതിയ സംഭവവികാസം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Zelensky Warns Russia Over Energy Truce
Next Story