നാറ്റോയിൽ അംഗത്വം നേടാൻ പ്രസിഡന്റ് പദവി ഒഴിയാനും തയാറെന്ന് സെലൻസ്കി
text_fieldsനാറ്റോയിൽ അംഗത്വം ലഭിക്കാൻ തൻറെ പ്രസിഡന്റ് സ്ഥാനം ഒഴിയാനും തയാറെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമർ സെലൻസ്കി. റഷ്യൻ അധിനിവേശത്തിൻറെ മൂന്നാം വാർഷികത്തിൽ ഞായറാഴ്ചയാണ് സെലൻസ്കി പ്രസ്താവന നടത്തിയത്. യു.എസ് ഗവൺമെന്റിന്റെ രൂക്ഷമായ വിമർശനം നേരിടുന്ന സെലൻസ്കി തങ്ങളുടെ എതിരാളിയായ വ്ലാദിമർ പുതിനുമായി ചർച്ച നടത്തുന്നതിന് മുൻപ് ഡോണൾഡ് ട്രംപുമായി കൂടികാഴ്ചയ്ക്ക് താൽപര്യപ്പെടുന്നുവെന്നും കൂട്ടിച്ചേർത്തു.
നാറ്റോയിൽ അംഗത്വത്തിന് വേണ്ടി സെലൻസ്കി പല തവണ വാദിച്ചപ്പോഴെല്ലാം അമേരിക്ക അതിനെ പ്രതിരോധിക്കുകയാണുണ്ടായത്. താൻ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാൽ യുക്രെയ്നിന് സമാധാനം തിരികെ ലഭിക്കുമെങ്കിൽ അതിന് തയാറാണെന്നാണ് കീവിൽ നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞിരിക്കുന്നത്.
അമേരിക്കയും റഷ്യൻ ഉദ്യോഗസ്ഥരും കഴിഞ്ഞ ആഴ്ച സൗദി അറേബ്യയിൽ കൂടികാഴ്ച നടത്തിയതു മുതൽ സെലൻസ്കിയും ട്രംപും തമ്മിൽ വാക്പോര് നടക്കുന്നുണ്ട്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് വർഷത്തിനിടെ നടന്ന ആദ്യ ഉന്നത തല യോഗമായിരുന്നു അത്. റഷ്യയെ ഒറ്റപ്പെടുത്താനുള്ള യുറോപ്യൻ യുക്രേനിയൻ നീക്കങ്ങൾക്ക് തുരങ്കം വയ്ക്കുന്നതായിരുന്നു ഈ കൂടി കാഴ്ച.
സെനൽസ്കി ഒരു സേഛാധിപതിയാണെന്നും യുദ്ധം തുടങ്ങിയത് യുക്രെയ്നാണെന്നും യുക്രെയ്ൻ ജനസമ്മതി സെലൻസിക്ക് കുറഞ്ഞു വരികയാണെന്നും അടുത്തിടെ ട്രംപ് ആരോപിച്ചിരുന്നു. ട്രംപിന്റെ ആരോപണങ്ങൾ തന്നെ വിഷമിപ്പിക്കുന്നില്ലെന്നും പട്ടാള നിയമം പിൻവലിച്ചാലുടൻ തിരഞ്ഞെടുപ്പിന് തയാറാണെന്നുമാണ് സെലൻസകി ഇതിനോട് പ്രതികരിച്ചത്. നിലവിൽ റഷ്യക്കും യുക്രെയ്നിനും ഇടയിൽ ഒരു മധ്യസ്ഥൻ എന്നതിനപ്പുറം സുരക്ഷാ ഉറപ്പും അമേരിക്കയിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നാണ് സെലൻസ്കിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന് മാധ്യമങ്ങൾ മനസിലാക്കുന്നത്.
നേതാക്കൻമാരുമായി നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ യുക്രെയ്ൻ പ്രതീക്ഷയർപ്പിക്കുന്നതായി അൽ അറേബ്യ റിപ്പോർട്ട് ചെയ്തു. സുരക്ഷാ സഹായത്തിന് പകരമായി യുക്രേനിയൻ പ്രകൃതിവിഭവങ്ങൾ അമേരിക്കയ്ക്ക് ലഭ്യമാക്കുന്നത് സംബന്ധിച്ച് യു.എസുമായി ചർച്ച ചെയ്യാനും അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചു. യുദ്ധകാല സഹായമായി 500 ബില്യൺ ഡോളർ യുക്രെയ്ന് കടം നൽകിയെന്ന ട്രംപിൻറെ വാദത്തിനെതിരെ സഹായത്തെ വായ്പയായി കാണരുതെന്നും സെലൻസ്കി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

