ഗുട്ടെറസിന്റെ മോസ്കോ സന്ദർശനത്തിൽ വിമർശനവുമായി സെലൻസ്കി
text_fieldsകിയവ്: റഷ്യ സന്ദർശിക്കാനുള്ള യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. ആദ്യം റഷ്യയും പിന്നീട് യുക്രെയ്നും സന്ദർശിക്കാനുള്ള തീരുമാനം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. തീരുമാനത്തിൽ ന്യായവും യുക്തിയുമില്ലെന്നും സെലൻസ്കി കുറ്റപ്പെടുത്തി.
ചൊവ്വാഴ്ച മോസ്കോ സന്ദർശിക്കുന്ന ഗുട്ടെറസ്, വ്യാഴാഴ്ചയാണ് കിയവിലെത്തുന്നത്. 'യുദ്ധം യുക്രെയ്നിലാണ്. മോസ്കോയുടെ തെരുവുകളിൽ മൃതദേഹങ്ങളില്ല. ആദ്യം യുക്രെയ്നിലെത്തി ജനങ്ങളെയും അധിനിവേശത്തിന്റെ ദുരിതവും നേരിട്ടുകാണുന്നതിലാണ് യുക്തി' -സെലൻസ്കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്താൻ തയാറാണെന്നും സെലൻസ്കി വ്യക്തമാക്കി.
തിങ്കളാഴ്ച യുക്രെയ്ൻ-റഷ്യ സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന തുർക്കി സന്ദർശിച്ചതിനുശേഷമാണ് ഗുട്ടെറസ് ഇരുരാജ്യങ്ങളിലേക്കും പോകുന്നത്. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിൽ ഏഷ്യൻ രാജ്യങ്ങൾ നിലപാട് മാറ്റണം. യുക്രെയ്നിൽനിന്നുള്ള 90 മില്യൺ ടൗൺ ഭക്ഷ്യധാന്യങ്ങളുടെ കയറ്റുമതി തടസ്സപ്പെട്ടിരിക്കുകയാണെന്നും ഇത് ഏതാനും രാജ്യങ്ങളിൽ വിലക്കയറ്റത്തിനും ക്ഷാമത്തിനും കാരണമാകുമെന്നും സെലൻസ്കി കൂട്ടിച്ചേർത്തു. യുക്രെയ്ൻ ഉയിർത്തെഴുന്നേൽക്കുമെന്നും ശത്രുക്കൾ ശിക്ഷിക്കപ്പെടുമെന്നും കാലം കണക്കു പറയുമെന്ന പ്രത്യാശയും സെലൻസ്കി പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

