മൈക്രോസോഫ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ സത്യനാദെല്ലെയുടെ മകൻ സെയ്ൻ നാദെല്ല തിങ്കളാഴ്ച രാവിലെ അന്തരിച്ചതായി മൈക്രോസോഫ്റ്റ് അറിയിച്ചു. 26 വയസായിരുന്നു പ്രായം.സെയ്നിന് ജനനം മുതലേ സെറിബ്രൽ പാൾസി രോഗമുണ്ടായിരുന്നു. സത്യ നാദെല്ലെ തന്നെയാണ് ഇമെയിലിൽ സന്ദേശത്തിലൂടെ വിവരം സഹപ്രവർത്തകരെ അറിയിച്ചത്. തന്‍റെ കുടുംബത്തെ പ്രാർഥനകളിൽ ഉൾപ്പെടുത്താനും സന്ദേശത്തിൽ അദ്ദേഹം അഭ്യർഥിച്ചു.
സത്യ നാദെല്ലെ 2014-ൽ സി.ഇ.ഒ പദവി ഏറ്റെടുത്തതു മുതൽ, മൈക്രോസോഫ്റ്റിന്‍റെ വികലാംഗരായ ഉപയോക്താക്കളെ കൂടി പരിഗണിക്കുന്ന രീതിയിൽ നിരവധി പരിപാടികൾക്ക് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. കഴിഞ്ഞ വർഷം സെയ്നിന്‍റെ ചികിത്സകൾ നടന്നിരുന്ന സിയാറ്റിൽ ചിൽഡ്രൻസ് സെന്റർ ഫോർ ഇന്റഗ്രേറ്റീവ് ബ്രെയിൻ റിസർച്ച് സെന്‍ററിൽ ന്യൂറോ സയൻസ് ഗവേഷണങ്ങൾക്കായി സെയ്ൻ നാദെല്ലയുടെ പേരിൽ ഒരു എൻഡോവ്ഡ് ചെയർ സ്ഥാപിച്ചിരുന്നു.
"സെയ്നിന്‍റെ സംഗീതത്തിലുള്ള അഭിരുചി, തിളങ്ങുന്ന പുഞ്ചിരി, കുടുംബത്തിനോടുള്ള സ്നേഹം, എന്നിവയിലൂടെ അദ്ദേഹമെന്നും ഓർമിക്കപ്പെടുമെന്ന്" ചിൽഡ്രൻസ് ഹോസ്പിറ്റൽ സി.ഇ.ഒ ജെഫ് സ്‌പെറിങ് അഭിപ്രായപ്പെട്ടു.