ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ബംഗ്ലാദേശിൽ, ഭൂപടം പാക് ജനറലിന് കൈമാറി മുഹമ്മദ് യൂനുസ്; വിവാദം
text_fieldsപാക് ജനറലിന് പുസ്തകം കൈമാറുന്ന മുഹമ്മദ് യൂനുസ് (എക്സിൽ പോസ്റ്റ് ചെയ്തത്)
ന്യൂഡൽഹി: ഇന്ത്യയുമായി നയതന്ത്രതലത്തിൽ അസ്വാരസ്യം തുടരുന്നതിനിടെ വീണ്ടും പ്രകോപനവുമായി ബംഗ്ലാദേശ് ഇടക്കാല സർക്കാർ. പാകിസ്താൻ ജനറലിന് ബംഗ്ലാദേശ് ഇടക്കാല സർക്കാറിന്‍റെ തലവൻ മുഹമ്മദ് യൂനുസ് നൽകിയ ഭൂപടമാണ് പുതിയ വിവാദത്തിന് ഇടയാക്കിയത്. അസം ഉൾപ്പെടെയുള്ള ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെടുത്തിയുള്ള ബംഗ്ലാദേശ് ഭൂപടമാണ് യൂനുസ് പാകിസ്താനി ജനറൽ സാഹിർ ശംശാദ് മിർസക്ക് കൈമാറിയത്. പാകിസ്താനും ബംഗ്ലാദേശും അടുക്കുന്നതിനിടെ, സഹകരണം ശക്തിപ്പെടുത്താനായി ധാക്കയിൽ കൂടിക്കാഴ്ചക്കെത്തിയതായിരുന്നു മിർസ.
പാക് ജനറലുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഞായറാഴ്ച എക്സിലൂടെ യൂനുസ് പുറത്തുവിട്ടിരുന്നു. ‘ആർട്ട് ഓഫ് ട്രയംഫ്’ എന്ന പുസ്തകം മിർസക്ക് കൈമാറുന്നതിന്‍റെ ചിത്രവും ഇക്കൂട്ടത്തിലുണ്ട്. ഇതിന്‍റെ പുറംചട്ടയിലുള്ള ഭൂപടമാണ് വിവാദത്തിലേക്ക് നയിച്ചത്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഒന്നാകെ ബംഗ്ലാദേശിൽ ഉൾപ്പെടുത്തിയ നിലയിലാണ് ഭൂപടം ചിത്രീകരിച്ചിരിക്കുന്നത്. ആ രാജ്യത്തെ ചില തീവ്രവിഭാഗങ്ങൾ ആവശ്യപ്പെടുന്ന ‘വിശാല ബംഗ്ലാദേശ്’ എന്ന ആശയത്തോടൊപ്പം നിൽക്കുന്ന ചിത്രമാണിതെന്ന് ചിത്രത്തിനു കീഴെ നിരവധിപ്പേർ കുറിച്ചു.
വിവാദത്തിൽ ഇന്ത്യ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. അതേസയമം 1971ലെ വിമോചന യുദ്ധത്തിനു ശേഷം ആദ്യമായാണ് ബംഗ്ലാദേശും പാകിസ്താനും അടുക്കുന്നതെന്നത് ശ്രദ്ധേയമാണ്. മുൻ പ്രധാനമന്ത്രി ശെയ്ഖ് ഹസീനയെ സ്ഥാനഭ്രഷ്ടയാക്കിയ വിദ്യാർഥി പ്രക്ഷോഭത്തിനു ശേഷം, നൊബേൽ ജേതാവായ മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിൽ 2024 ആഗസ്റ്റിലാണ് ഇടക്കാല സർക്കാർ അധികാരമേറ്റത്. നേരത്തെയുള്ള ബംഗ്ലാദേശ് നയങ്ങൾക്ക് വിരുദ്ധമായ നിലപാടാണ് യൂനുസ് സർക്കാർ സ്വീകരിച്ചുപോരുന്നത്.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് നേരത്തെയും യൂനുസ് വിവാദ പരാമർശമുന്നയിച്ചിരുന്നു. മേഖലയിലേക്കുള്ള ചരക്ക് ഗതാഗതത്തിന് ബംഗ്ലാദേശിനെ ആശ്രയിക്കണമെന്നും കടലുമായി നേരിട്ട് ബന്ധമില്ലെന്നും യൂനുസ് ചൈന സന്ദർശനത്തിനിടെ പറഞ്ഞു. അരുണാചൽ പ്രദേശിനുമേൽ ചൈന അവകാശവാദമുന്നയിക്കുന്നതിനിടെയായിരുന്നു യൂനുസിന്‍റെ പരാമർശം. പിന്നാലെ യൂനുസിനെ വിമർശിച്ച് ഇന്ത്യയും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

