ബെൻ ഗ്വിറിന് നേരെ ഇസ്രായേലിൽ ജനരോഷം: 'ഭീകരവാദ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവർക്ക് ഇവിടെ നിൽക്കാൻ അർഹതയില്ല, നിങ്ങൾ കോമാളിയും ഭീകരവാദിയുമാണ്'
text_fieldsജെറുസലേം: വടക്കൻ ഇസ്രായേലിലെ ഗ്രാമ സന്ദർശനത്തിനിടയിൽ കനത്ത പ്രതിഷേധവും രൂക്ഷമായ വാക്കാക്രമണവും നേരിട്ട് ഇസ്രായേൽ നാഷണൽ സെക്യൂരിറ്റി മന്ത്രി ഇറ്റമാർ ബെൻ-ഗ്വിർ. ബസ്മത് തബൂൺ (Basmat Tabun) ഗ്രാമത്തിൽ കനത്ത സുരക്ഷയോടെയെത്തിയ മന്ത്രിക്ക് നേരെ നാട്ടുകാർ രൂക്ഷമായ അധിക്ഷേപങ്ങളും കൂവലുകളുമാണ് ഉയർത്തിയത്. ഗ്രാമവാസികളുടെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്.
"നിങ്ങൾ സ്വയം ഒരു കോമാളിയായി മാറുകയാണ്, എല്ലാവരും നിങ്ങളെ കണ്ട് ചിരിക്കുന്നു; പരാജയങ്ങളുടെ ചാമ്പ്യനാണ് നിങ്ങൾ," എന്നിങ്ങനെയായിരുന്നു ഗ്രാമവാസികൾ മന്ത്രിക്ക് നേരെ വിളിച്ചുപറഞ്ഞത്. മന്ത്രിക്ക് അമേരിക്കൻ വിസ പോലും ലഭിച്ചിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാണിച്ചും ജനങ്ങൾ അദ്ദേഹത്തെ പരിഹസിച്ചു. ഒരു മന്ത്രിയെ കണ്ട് 'ഭീകരവാദി' എന്ന് വിളിച്ച് ആക്രോശിച്ച നാട്ടുകാർ, "ഭീകരവാദ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട നിങ്ങൾ ഇവിടെ നിൽക്കാൻ അർഹരല്ല, മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് പോകൂ" എന്നും രോഷത്തോടെ തുറന്നടിച്ചു.
രാജ്യത്തെ അറബ് ജനവിഭാഗങ്ങൾക്കിടയിൽ ബെൻ-ഗ്വിറിനും ഇസ്രായേൽ പൊലീസിനുമെതിരെ വർധിച്ചുവരുന്ന ശക്തമായ എതിർപ്പുകളുടെ പശ്ചാത്തലത്തിലാണ് പുതിയ സംഭവവികാസങ്ങൾ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞദിവസം ഉമ്മു അൽ-ഫഹം നഗരത്തിൽ നടന്ന ഒരു വിവാഹച്ചടങ്ങിനിടയിൽ പൊലീസ് നടത്തിയ റെയ്ഡും കനത്ത വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. വിവാഹ വേളയിൽ അതിഥികളെ മുഴുവൻ തോക്കുചൂണ്ടി തറയിൽ കമിഴ്ത്തിക്കിടത്തിയ പൊലീസുകാരുടെ മനുഷ്യത്വരഹിതമായ നടപടിയെ ദൃശ്യങ്ങൾ സഹിതമാണ് ജനങ്ങൾ ചോദ്യം ചെയ്തത്.
ആയുധങ്ങൾ ഉപയോഗിക്കുന്നുവെന്ന സംശയത്തെ തുടർന്നാണ് പരിശോധന നടത്തിയതെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ ഇത്തരം നടപടികൾ വിവാഹച്ചടങ്ങുകൾ തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള 'രാഷ്ട്രീയ നാടകങ്ങൾ' മാത്രമാണെന്ന് മുൻ ഹദാഷ് ചെയർമാനും ഉമ്മു അൽ-ഫഹംവാസിയുമായ ഡോ. യൂസഫ് ജബ്ബാരീൻ കുറ്റപ്പെടുത്തി. അറബ് ജനതയെ വേട്ടയാടാനും രാഷ്ട്രീയ നേട്ടങ്ങൾക്കായി പീഡിപ്പിക്കാനുമാണ് ബെൻ-ഗ്വിർ തന്റെ അധികാരം ദുരുപയോഗം ചെയ്യുന്നതെന്നും അദ്ദേഹം ശക്തമായി ആരോപിച്ചു.
മറ്റൊരു സംഭവത്തിൽ, ഗതാഗത തടസ്സമുണ്ടാക്കിയെന്നാരോപിച്ച് തെക്കൻ മേഖലയിൽ വിവാഹഘോഷയാത്രയെ പൊലീസ് തടഞ്ഞുവെക്കുകയും വധൂവരന്മാരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഈ നടപടി കാരണം തങ്ങൾക്ക് സമയബന്ധിതമായി വിവാഹവേദിയിൽ എത്താൻ കഴിഞ്ഞില്ലെന്നും പല അതിഥികളും മടങ്ങിപ്പോയെന്നും വധൂവരന്മാരും കുടുംബവും മാധ്യമങ്ങളോട് പറഞ്ഞു. ഇതിനു പിന്നിലും ബെൻ-ഗ്വിറിന്റെ രാഷ്ട്രീയ തന്ത്രങ്ങളാണെന്നാണ് അവർ ആരോപിക്കുന്നത്.
എന്നാൽ, ഈ വിമർശനങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് ബെൻ-ഗ്വിർ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണുണ്ടായത്. നെഗേവ് മേഖലയിലെ അപകടകരമായ വിവാഹഘോഷയാത്രകളും ആകാശത്തേക്ക് വെടിയുതിർക്കുന്ന പ്രവണതകളും കർശനമായി അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. "അവർ എന്തും വിളിച്ചുപറഞ്ഞോട്ടെ, ഞാൻ എന്റെ ജോലി തുടർന്നുകൊണ്ടേയിരിക്കും," എന്നായിരുന്നു ബെൻ-ഗ്വിറിന്റെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

