വയോധികനെ ലിഫ്റ്റിൽ ഉപദ്രവിച്ചു; പുറത്തിറങ്ങിയ യുവാവിന് കിട്ടിയത് അടിയോടടി...വിഡിയോ
text_fieldsതായ്പേയ് സിറ്റി: അകാരണമായി ആരെയെങ്കിലും ഉപദ്രവിച്ചാൽ അവർക്കുള്ള പണി വേറെ കിട്ടുമെന്ന് പറയാറുണ്ട്. തായ്‍വാനിൽ നടന്ന സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടാൽ അത് അക്ഷരംപ്രതി ശരിയാണെന്ന് തോന്നിപ്പോകും. ഒരു കൈയബദ്ധത്തിന്റെ പേരിൽ ലിഫ്റ്റിനുള്ളിൽ വയോധികനെ ആക്രമിക്കുന്ന ചെറുപ്പക്കാരന് പിന്നീട് കനത്ത തിരിച്ചടി കിട്ടുന്ന ദൃശ്യങ്ങളാണ് സി.സി.ടി.വിയിലുള്ളത്. ക്ഷണത്തിൽ ഇത് വൈറലായി മാറി.
തായ്‍വാനിൽ തായ് ചുങ്ങിലുള്ള സ്പാ സെന്ററിൽ യുവാവും സുഹൃത്തുക്കളും ലിഫ്റ്റിലേക്ക് കയറുന്നതിനിടെ അബദ്ധത്തില്‍ വാതിലടയുകയായിരുന്നു. തുടർന്ന് ലിഫ്റ്റിനുള്ളിലെത്തിയ യുവാവ് വയോധികനോട് കയർക്കുകയും അപഹസിക്കുകയും ചെയ്തു. ഇതിനിടെ, അദ്ദേഹത്തെ ആക്രമിക്കാനും ചെറുപ്പക്കാരൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഹു എന്ന് പേരുള്ള ചെറുപ്പക്കാരനാണ് ഉപദ്രവിച്ചതെന്ന് പിന്നീട് തെളിഞ്ഞു. വയോധികൻ പല തവണ മാപ്പുചോദിച്ചെങ്കിലും യുവാവ് തർക്കം തുടരുകയും കൈയേറ്റത്തിനു ശ്രമിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇയാളുടെ ഒപ്പമുള്ളവർ ഇതെല്ലാം നോക്കി നിൽക്കുകയായിരുന്നു.
പിന്നാലെ ലിഫ്റ്റില്‍ താഴെയെത്തിയ ശേഷം യുവാവ് ലോബിയിൽ വച്ചും വയോധികനെ ഉപദ്രവിക്കാൻ ശ്രമിച്ചു. അദ്ദേഹത്തെ പോകാൻ അനുവദിക്കാതെ ഹുവും കൂട്ടുകാരും അന്യായം തുടരുന്നതു കണ്ടപ്പോൾ കറുപ്പ് സ്യൂട്ട് ധരിച്ച ഒരാള്‍ പ്രശ്നത്തില്‍ ഇടപെട്ടു. കാര്യമെന്താണെന്ന് അനുനയത്തിൽ ചോദിച്ച ഇയാൾക്കു നേരെയും യുവാവ് കൈയാങ്കളിക്കൊരുങ്ങി. ഇവര്‍ തമ്മിലുള്ള തർക്കം തുടരുന്നതിനിടെ ലിഫ്റ്റിൽനിന്നിറങ്ങിയെത്തിയ ഒരു കൂട്ടം ആളുകള്‍ യുവാവിനെയും അയാളുടെ സുഹൃത്തിനെയും ആക്രമിക്കുകയായിരുന്നു. സംഘം അടി തുടങ്ങിയതോടെ യുവാവിന്റെ കൂടെയുണ്ടായിരുന്നു പെൺസുഹൃത്ത് ഓടി രക്ഷപ്പെട്ടു.
യുവാവിനെ വലിച്ചിഴച്ച് മുഖത്ത് ചവിട്ടുകയും മർദിക്കുകയുമൊക്കെ ചെയ്ത സംഘം ഹെൽമറ്റ് കൊണ്ട് അയാളുടെ തലക്കടിക്കുകയും ചെയ്തു. പ്രശ്നത്തിൽ ഇടപെട്ട ആളുടെ സഹപ്രവര്‍ത്തകരാണു യുവാവിനെ മർദിച്ചത്. മുകള്‍ നിലയിലുണ്ടായിരുന്ന അവർ കൂട്ടുകാരന്റെ ഫോണിൽ വിളിച്ചപ്പോഴാണ് താഴെ പ്രശ്നം നടക്കുന്ന വിവരമറിഞ്ഞത്. അതോടെ ഇരച്ചെത്തിയ അവർ ഹൂവിനെ പഞ്ഞിക്കിടുകയായിരുന്നു. സാരമല്ലെങ്കിലും ദേഹമാസകലം ഇയാൾക്ക് പരുക്കേറ്റിട്ടുണ്ട്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വയോധികനെയും പ്രശ്നമുണ്ടാക്കിയ യുവാവിനെയും അയാളെ മർദിച്ചവരെയും സ്റ്റേഷനിലേക്ക് കൊണ്ടു പോയി. പരസ്പരം പരാതിയൊന്നുമില്ലാത്തതിനാൽ കേസ് എടുത്തിട്ടില്ല. അതേസമയം, ക്രമസമാധാനം ലംഘിക്കാന്‍ ശ്രമിച്ചതിന് ഹൂവിന്‍റെ പേരില്‍ കേസെടുക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്.