‘ലോകകപ്പ് ഫുട്ബാളും സ്റ്റേഡിയങ്ങളുമല്ല വേണ്ടത്...’ -മൊറോക്കോയിലും തെരുവിലിറങ്ങി ജെൻ സി; പിന്തുണയുമായി ഫുട്ബാൾ താരങ്ങളും
text_fieldsമൊറോക്കോയിലെ ജെൻ സി പ്രക്ഷോഭം
റബാദ: നേപ്പാളിലെയും ബംഗ്ലാദേശിലെയും ഭരണകൂടങ്ങളെ അട്ടിമറിച്ച ജെൻ സി പ്രക്ഷോഭത്തിന്റെ കാറ്റും കോളും അടങ്ങും മുമ്പ് 2030 ഫിഫ ലോകകപ്പ് ഫുട്ബാളിനായി ഒരുങ്ങുന്ന മൊറോക്കോയിലും കൗമാരക്കാരും യുവാക്കളും തെരുവിലിറങ്ങി. അഞ്ചു വർഷത്തിനപ്പുറം നടക്കുന്ന ഫിഫ ലോകകപ്പിനായി വൻ സ്റ്റേഡിയങ്ങളും കളി മൈതാനങ്ങളുമായി മൊറോക്കോയുടെ ഒരുക്കം തകൃതിയായി നടക്കുന്നതിനിടെയാണ് ഭരണകൂടത്തെ ഞെട്ടിച്ച് ‘ജെൻ സി’ തലമുറ തെരുവിലിറങ്ങിയത്.
ജെൻ ഇസഡ് 212 എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ ആരംഭിച്ച കാമ്പയിനാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തെരുവ് പ്രക്ഷോഭങ്ങളായി മാറിയത്. വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റു മുട്ടലുണ്ടായി.
മികച്ച ആരോഗ്യവും വിദ്യഭ്യാസവും ജോലിയും ഉറപ്പാക്കുക എന്ന ആവശ്യവുമായാണ് നേതൃത്വമോ, ഭാരവാഹികളോ ഇല്ലാത്ത പ്രക്ഷോഭത്തിന് മൊറോക്കോ യുവാക്കൾക്കിടയിൽ തുടക്കം കുറിച്ചത്. ദശലക്ഷ കണക്കിന് ഡോളറുകൾ ലോകകപ്പ് ഫുട്ബാൾ ആതിഥേയത്വത്തിനുള്ള അടിസ്ഥാന സൗകര്യത്തിനായി സർക്കാർ ചിലവഴിക്കുമ്പോൾ മികച്ച ആരോഗ്യ സംവിധാനമോ, വിദ്യഭ്യാസ സൗകര്യങ്ങളോ തൊഴിൽ അവസരങ്ങളോ ലഭ്യമാക്കാൻ കഴിയുന്നില്ലെന്ന് പ്രക്ഷോഭകർ വ്യക്തമാക്കുന്നു.
അഭ്യസ്ത വിദ്യരായ യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ കുറഞ്ഞതും, ആശുപത്രികൾ അടിസ്ഥാന സൗകര്യങ്ങളോ മികച്ച ചികിത്സയോ ഇല്ലാത്തതും ഉന്നത നിലവാരമുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളുടെ അപര്യാപ്തതയും ചൂണ്ടികാട്ടിയാണ് മൊറോക്കോയെ ഞെട്ടിച്ച പ്രക്ഷോഭത്തിന് യുവാക്കൾ തുടക്കം കുറിച്ചത്.
‘ഫുട്ബാളിന് മുമ്പ് ആരോഗ്യം വേണം’ എന്ന പ്ലക്കാർഡുമായി പ്രതിഷേധക്കാർ തെരുവുകളിൽ പ്രത്യക്ഷപ്പെട്ടു.
‘സ്റ്റേഡിയങ്ങൾ ഇവിടെ ഏറെയുണ്ട്. ഞങ്ങൾക്ക് ആവശ്യം ആശുപത്രികളാണ്’ -പ്രക്ഷോഭകരുടെ മുദ്രാവാക്യങ്ങളിൽ ഒന്ന് ഇങ്ങനെയായിരുന്നു.
തലസ്ഥാനമായ റബാത, മറകേഷ്, കസബ്ലാങ്ക, അഗാദിർ, തിതൗൻ തുടങ്ങി രാജ്യത്തെ പത്തിലേറെ നഗരങ്ങളിൽ കഴിഞ്ഞ ദിവസം പ്രക്ഷോഭകാരികൾ തെരുവിലിറങ്ങി. നൂറുകണക്കിന് യുവാക്കളും യുവതികളുമാള് സർക്കാറിനെതിരെ മുദ്രാവാക്യം വിളികളുമായി തെരുവിനെ പ്രതിഷേധ കേന്ദ്രമാക്കി മാറ്റുന്നതെന്ന് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
അഴിമതി അവസാനിപ്പിക്കാനും, ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കാനും നടപടി സ്വീകരിക്കണമെന്നും പ്രക്ഷോഭകർ ആവശ്യപ്പെടുന്നുണ്ട്. മൂന്നു ദിവസങ്ങളിലായി തുടരുന്നു പ്രതിഷേധത്തിനിടെ 300ഓളംപേരെ വിവിധ നഗരങ്ങളിലായി പൊലീസ് അറസ്റ്റു ചെയ്തുവെന്നാണ് റിപ്പോർട്ട്.
നേതൃത്വം വഹിക്കാൻ സംഘടനകളോ, നേതാക്കളോ ഇല്ലാതെ ആൾകൂട്ടമായി ആരംഭിച്ച പ്രക്ഷോഭം വിവിധ നഗരങ്ങളിലേക്ക് പടർന്നതോടെ പിന്തുണമായുമായി പ്രമുഖരും രംഗത്തെത്തുന്നതായാണ് റിപ്പോർട്ട്.
മൊറോക്കോ ദേശീയ ഫുട്ബാൾ താരവും, ഫ്രഞ്ച് ക്ലബ് ഒളിമ്പിക് മാഴ്സെ പ്രതിരോധനിരക്കാരനുമായ നായിഫുർ ജെൻ സി പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചു. ‘ഒരു മൊറോക്കോ പൗരൻ എന്ന നിലയിൽ എന്റെ ഹൃദയം അവർക്കൊപ്പമാണ്. ആരോഗ്യവും വിദ്യഭ്യാസവും വേണമെന്ന യുവാക്കളുടെ ആവശ്യം സൂക്ഷ്മമായി ശ്രദ്ധിക്കുന്നു. പ്രതിഷേധം സമാധാനപരമായിരിക്കണം. അക്രമത്തിൽ നിന്ന് അകന്നു നിൽക്കണം. ഈ ശബ്ദങ്ങൾ വേണ്ടപ്പെട്ടവർ ആത്മാർത്ഥതയോടെ കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു’ -നായിഫുർ പറഞ്ഞു.
മൊറോക്കോ ദേശീയ ടീം ഗോൾ കീപ്പറും കഴിഞ്ഞ ലോകകപ്പിൽ ടീമിന്റെ താരവുമായ യാസിൻ ബൗനൂവും പ്രക്ഷോഭകരുടെ ചിത്രം പങ്കുവെച്ചുകൊണ്ട് പിന്തുണ അറിയിച്ചു.
തെക്കൻ മൊറോക്കോയുടെ വിവിധ ഭാഗങ്ങളിൽ ഗർഭിണികൾ ഉൾപ്പെടെ മതിയായ ചികിത്സയില്ലാതെ മരണപ്പെട്ട വാർത്തകൾ പുറത്തുവന്നതോടെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ആശുപത്രിക്കും വിദ്യഭ്യാസത്തിനും വേണ്ടിയുള്ള ആവശ്യങ്ങൾ ശക്തമായത്.
കല്ലേറും കൈയാങ്കളിയും നടന്നുവെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെല്ലാം പ്രക്ഷോഭം പൊതുവെ സമാധാനപരമായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഏറ്റവും ഒടുവിൽ നേപ്പാളിൽ നടന്ന ജെൻസി പ്രക്ഷോഭങ്ങളിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് യുവാക്കൾ തെരുവിലിറങ്ങിയതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. 1995നും 2010നും ഇടയിൽ പിറന്നവരാണ് രാജ്യത്തെ ജനസംഖ്യയിൽ ഏറെയും. തൊഴിലില്ലായ്മ രൂക്ഷമാവുന്നതിനൊപ്പം അഴിമതിയും വർധിക്കുന്നതായും പ്രക്ഷോഭകാരികൾ വ്യക്തമാക്കി.
അതേസമയം, പൊതുജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിഷേധിച്ചുകൊണ്ട് ലോകകപ്പ് നിർമാണങ്ങൾക്കായി അമിതമായ തുക നീക്കിവെക്കുന്നില്ലെന്നാണ് അധികൃതരുടെ അവകാശവാദം.
ജെൻ സി പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു
ആരോഗ്യ മേഖലയിൽ രാജ്യം മികച്ച നിലയിലാണെന്നായിരുന്നു പ്രധാനമന്ത്രി അസീസ് അഖന്നൗച്ച് അടുത്തിടെ വ്യക്തമാക്കിയത്.
രാജ്യത്തിന്റെ എല്ലാ മേഖലകളിലും ആശുപത്രികൾ നിർമിക്കുന്നതായും, 1962 മുതൽ നേരിടുന്ന ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ ഇപ്പോൾ പരിഹരിക്കപ്പെട്ടതായും ശതകോടീശ്വരൻ കൂടിയായ പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതിഷേധക്കാരുമായി ചർച്ചകൾ നടത്തി പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് പ്രതിപക്ഷ കക്ഷികളും മനുഷ്യവകാശ സംഘടനകളും സർക്കാറിനോട് ആവശ്യമുന്നയിച്ചു.
ലോകകപ്പിനൊരുങ്ങുന്ന മൊറോക്കോ
2022 ഖത്തർ ലോകകപ്പ് സെമിഫൈനലിലെത്തി ഫുട്ബാൾ ആരാധകരെ ഞെട്ടിച്ചതിനു പിന്നാലെയാണ് വടക്കൻ ആഫ്രിക്കയിലെ അറബ് രാജ്യമായ മൊറോക്കോക്ക് 2030ലോകകപ്പ് ആതിഥേയത്വ അവസരമെത്തുന്നത്. മൂന്ന് വൻകരകളിലായി നടക്കുന്ന ലോകകപ്പിൽ പോർചുഗൽ, സ്പെയിൻ, അർജന്റീന, പരഗ്വേ, ഉറുഗ്വായ് എന്നിവരാണ് സഹആതിഥേയർ. ആദ്യമായെത്തുന്ന വിശ്വമേളക്കായി മൂന്ന് പുതിയ സ്റ്റേഡിയങ്ങൾ മൊറോക്കോയിൽ നിർമിക്കുന്നുണ്ട്. ഇതോടൊപ്പം ആറ് സ്റ്റേഡിയങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾക്കായും വൻതുകയാണ് അധികൃതർ നീക്കിവെച്ചത്. ലോകകപ്പിന് മുമ്പായി അടുത്തവർഷം ആഫ്രിക്കൻ നേഷൻസ് കപ്പിനും രാജ്യം വേദിയൊരുക്കുന്നുണ്ട്.
ലോകകപ്പ് നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി 30 ലക്ഷത്തോളം തെരുവ് നായകളെ കൊലപ്പെടുത്തിയതും മൊറോക്കോയിൽ വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

