കൈകാലുകളിൽ വിലങ്ങുമായി ഇന്ത്യക്കാർ; ദൃശ്യങ്ങൾ പുറത്തുവിട്ട് യു.എസ്
text_fieldsവാഷിങ്ടൺ: കൈകാലുകളിൽ വിലങ്ങുവെച്ച ഇന്ത്യക്കാരുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് യു.എസ്. യുണൈറ്റഡ് സ്റ്റേറ്റ്സ് കസ്റ്റംസ് ആൻഡ് ബോർഡ് പ്രൊട്ടക്ഷനാണ് വിഡിയോ പുറത്ത് വിട്ടത്. അനധികൃത കുടിയേറ്റക്കാർ കൈകാലുകളിൽ വിലങ്ങുമായി നടക്കുന്നതിന്റെ വിഡിയോയാണ് പുറത്ത് വന്നത്. ഏജൻസിയുടെ ചീഫ് മൈക്കിൾ ഡബ്യു ബാങ്ക്സാണ് എക്സിലൂടെ വിഡിോ പുറത്ത് വിട്ടത്.
ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ വിജയകരമായി കയറ്റി അയച്ചുവെന്നും കുടിയേറ്റ നിയമങ്ങൾ ശക്തമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു. അനധികൃത കുടിയേറ്റത്തിന്റെ പേരിൽ യു.എസിൽനിന്ന് നാടുകടത്തിയ ഇന്ത്യക്കാരുടെ കൈകാലുകൾ വിമാനയാത്രയിൽ ഉടനീളം ബന്ധിച്ചുവെന്ന് നേരത്തെ പഞ്ചാബ് സ്വദേശിയും വെളിപ്പെടുത്തിയിരുന്നു. 104 പേരുമായെത്തിയ സൈനിക വിമാനം അമൃത്‌സർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ശേഷമാണ് വിലങ്ങഴിച്ചതെന്നും ഗുർദാസ്പുരിലെ ഹാർദോർവാൽ ഗ്രാമത്തിൽനിന്നുള്ള ജസ്പാൽ സിങ് വ്യക്തമാക്കി. 36കാരനായ ജസ്പാലിനെ ജനുവരി 24നാണ് യു.എസ് ബോർഡർ പട്രോൾ പിടികൂടിയത്.
ബുധനാഴ്ച രാത്രിയോടെ സ്വന്തം നാട്ടിലെത്തിയ ജസ്പാൽ സിങ്, തന്നെ ഒരു ട്രാവൽ ഏജന്റ് പറ്റിച്ചതാണെന്ന് പറഞ്ഞു. നിയമപരമായ രീതിയിൽ യു.എസിൽ എത്തിക്കാമെന്ന് പറഞ്ഞ് വഞ്ചിക്കുകയായിരുന്നു. വിസാചട്ടങ്ങൾ പാലിച്ച് യു.എസിലേക്ക് എത്തിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. ഇതിനായി ഏജന്റിന് 30 ലക്ഷം രൂപ നൽകി. കഴിഞ്ഞ ജൂലൈയിൽ വിമാന മാർഗം ബ്രസീലിലെത്തി. അവിടെനിന്ന് മറ്റൊരു വിമാനത്തിൽ യു.എസിൽ എത്തിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ആറ് മാസത്തിനിപ്പുറവും ഏജന്റ് തുടർനടപടികൾക്ക് സഹായിക്കാതിരുന്നതോടെ അനധികൃതമായി അതിർത്തി കടക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ബോർഡർ പട്രോളിന്റെ പടിയിലായി.11 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞ ശേഷമാണ് മടക്കി അയക്കുന്നത്.
നാടുകടത്തപ്പെടുകയായിരുന്നു എന്ന കാര്യം പോലും താൻ അറിഞ്ഞില്ലെന്ന് ജസ്പാൽ പറയുന്നു. മറ്റൊരു ക്യാമ്പിലേക്ക് മാറ്റുകയാണെന്നായിരുന്നു ഞങ്ങളുടെ ധാരണ. എന്നാൽ പിന്നീടൊരു പൊലീസ് ഉദ്യോഗസ്ഥൻ ഇന്ത്യയിലേക്ക് അയക്കുകയാണെന്ന് വ്യക്തമാക്കി. കൈയിൽ വിലങ്ങ് അണിയിക്കുകയും കാലുകളിൽ ചങ്ങല കെട്ടി ബന്ധിക്കുകയും ചെയ്തു. അമൃത്‌സർ വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് ഇത് അഴിച്ചത്. കടം വാങ്ങിയ പണം കൊണ്ടാണ് നാട്ടിൽനിന്ന് പോയതെന്നും ഇനി എന്തു ചെയ്യണമെന്ന് അറിയില്ലെന്നും ജസ്പാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

