‘നിങ്ങളെല്ലാവരും ഹീറോകൾ’; മോചിതരായ ഇസ്രായേലി ബന്ദികൾക്ക് വൈറ്റ് ഹൗസിൽ സ്വീകരണമൊരുക്കി ട്രംപ്
text_fieldsവാഷിങ്ടൺ: ഗസ്സയിൽ നിന്നും ഹമാസ് മോചിപ്പിച്ച ബന്ദികൾക്ക് ഡോണൾഡ് ട്രംപിന്റെ വക വൈറ്റ്ഹൗസിൽ സ്വീകരണം. എല്ലാവരുമായും യു.എസ് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി. പരിപാടിയിൽ സംസാരിച്ച ട്രംപ് അവരെ ‘ഹീറോകൾ’ എന്നാണ് വിളിച്ചത്. മോചിതരായ ബന്ദികളെ കാണാൻ കഴിഞ്ഞത് അഭിമാനമായും ട്രംപ് വിശേഷിപ്പിച്ചു. ‘പ്രസിഡൻഷ്യൽ ചലഞ്ച് നാണയം’ ഓരോരുത്തർക്കും സമ്മാനമായി നൽകി അവരെ ആദരിക്കുകയും ചെയ്തു.
ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായി കഴിഞ്ഞ മാസം മോചിപ്പിക്കപ്പെട്ട 26 മുൻ തടവുകാരും സംഘത്തിൽ ഉൾപ്പെട്ടിരുന്നുവെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‘നിങ്ങളിപ്പോൾ ബന്ദികൾ അല്ല, ഇന്ന് നിങ്ങൾ ഹീറോകൾ ആണ്. ഞങ്ങൾ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു. ഞങ്ങളുടെ രാജ്യം നിങ്ങളെയെല്ലാം സ്നേഹിക്കുന്നു. നിങ്ങൾ അൽഭുതപ്പെടുത്തുന്ന ആളുകളാണ്’- എന്ന് ട്രംപ് സംഘത്തോട് പറഞ്ഞു.
വെടിനിർത്തൽ ആരംഭിച്ചതിനുശേഷം ഹമാസ് 20 ഇസ്രായേലി ബന്ദികളെ ജീവനോടെ വിട്ടയക്കുകയും 28 ബന്ദികളിൽ 27 പേരുടെ അവശിഷ്ടങ്ങൾ കൈമാറുകയും ചെയ്തിരുന്നു. എന്നാൽ, വെടിനിർത്തലിന്റെ പിറ്റേന്ന് ഒക്ടോബർ 11 മുതൽ ഇസ്രായേൽ സൈന്യം 280 ഫലസ്തീനികളെ കൊല്ലുകയും 672 പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തതായി ഗസ്സയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2023 ഒക്ടോബർ മുതൽ, ഇസ്രായേൽ സൈന്യം ഗസ്സയിൽ 70,000 ആളുകളെ കൊന്നിട്ടുണ്ട്. ഇതിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

