Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൂതികളെ തുരത്താൻ യമനിൽ സർക്കാരിന്റെ വൻ സൈനിക നീക്കം, അന്താരാഷ്ട്ര പിന്തുണ തേടി

text_fields
bookmark_border
ഹൂതികളെ തുരത്താൻ യമനിൽ സർക്കാരിന്റെ വൻ സൈനിക നീക്കം, അന്താരാഷ്ട്ര പിന്തുണ തേടി
cancel

സൻആ: ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ തിരിച്ചുപിടിക്കുന്നതിനും രാജ്യവ്യാപകമായി സർക്കാർ അധികാരം വ്യാപിപ്പിക്കുന്നതിനുമായി യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ തലവൻ റഷാദ് അൽ അലിമി പുതിയ സൈനിക നടപടികൾ പ്രഖ്യാപിച്ചു.

സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. ഹൂതികൾ സൈനിക മുന്നേറ്റങ്ങൾ തുടരുന്നതും അക്രമങ്ങൾ വർധിപ്പിക്കുന്നതുമാണ് ഈ നീക്കത്തിന് കാരണം.

റിയാദിലെയും റാസ് തനൂറയിലെയും അരാംകോ എണ്ണ കേന്ദ്രങ്ങളിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടിരുന്നു.സൗദി അറേബ്യ യെമനിൽ നടത്തിയ 50ഓളം വ്യോമ-മിസൈൽ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ നടപടിയെന്നാണ് ഹൂതികളുടെ പക്ഷം. എന്നാൽ ഈ ആക്രമണവാർത്തയോട് സൗദി അറേബ്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

യമന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള തായ്‌സ് ഗവർണറേറ്റിൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള പോരാട്ടം കനത്തു. ചെങ്കടലിലെ ബാബുൽ മന്ദബ് കടലിടുക്ക് വരെയുള്ള തങ്ങളുടെ മുന്നേറ്റം സുരക്ഷിതമാക്കാനാണ് ഹൂതികളുടെ ശ്രമമെന്ന് മുതിർന്ന ഗവേഷകനായ ഇബ്രാഹിം ജലാൽ അൽ ജസീറയോട് വ്യക്തമാക്കി.

തയ്‌സിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ സർക്കാർ സേന ശക്തമായ വ്യോമാക്രമണങ്ങൾ നടത്തിവരുന്നുണ്ട്. അതേസമയം, കനത്ത പീരങ്കി-മോർട്ടാർ ആക്രമണങ്ങളുടെ അകമ്പടിയോടെ ഹൂതികളും മുന്നേറ്റത്തിന് ശ്രമിക്കുകയാണ്.

തയ്‌സ്, തുർ അൽ-ബഹ എന്നീ മുൻനിരകളിൽ യൻ സൈന്യം നടത്തിയ 97 ഓപ്പറേഷനുകളിൽ 260 ഹൂതി പോരാളികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ മാസം ചെങ്കടൽ തീരത്തുള്ള ബാബുൽ-മന്ദബ് കടലിടുക്കും 150 കിലോമീറ്ററോളം തീരപ്രദേശവും ഹൂതികൾ പിടിച്ചെടുത്തിരുന്നു.

ഇത് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിൽ ഹൂതികൾക്ക് പുതിയ സ്വാധീനം നൽകിയിട്ടുണ്ട്. സൗദി അറേബ്യയിലെ റിയാദ്, ഖുറൈസ് മേഖലകളിലെ അരാംകോ കേന്ദ്രങ്ങൾക്ക് നേരെയും ഹൂതികൾ ആക്രമണം അഴിച്ചുവിട്ടു.

ഇരുവിഭാങ്ങൾ തമ്മിലുള്ള പോരാട്ടം യമനിൽ വലിയ തോതിലുള്ള പലായനത്തിന് കാരണമായിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളുടെ സഹായ വിതരണം തടസ്സപ്പെട്ടതായും, യമന്റെ ചില ഭാഗങ്ങളിൽ മൂന്നിൽ രണ്ട് ഭാഗത്തോളം കുടുംബങ്ങളും കടുത്ത പട്ടിണിയിലാണെന്നും ‘ലോക ഭക്ഷ്യപദ്ധതി’ വ്യക്തമാക്കുന്നു.

സൻആയിലും സാദയിലും സർക്കാർ സേന വ്യോമാക്രമണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. സർക്കാർ തിരിച്ചുപിടിക്കുന്ന ഓരോ നഗരവും പുനർനിർമാണ ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് അൽ-അലിമി തന്റെ ടെലിവിഷൻ പ്രസംഗത്തിൽ വാഗ്ദാനം ചെയ്യുകയും അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ അഭ്യർഥിക്കുകയും ചെയ്തു.

അതേസമയം, ഹൂതികളെ പരാജയപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര സമൂഹത്തിന്റെ ശക്തമായ പിന്തുണ അഭ്യർഥിച്ച് യമന്റെ ഔദ്യോഗിക സർക്കാരിന്റെ വിദേശകാര്യ മന്ത്രി അഫ്രാ അൽ സൗബ. യമനിൽ സമാധാനം നിലനിൽക്കുന്നത് ലോകത്തിന്റെ തന്നെ താൽപര്യമാണെന്ന് അവർ വ്യക്തമാക്കി.

എക്സിലൂടെയാണ് അഫ്രാ അൽസൗബ ഇക്കാര്യം അറിയിച്ചത്. സമാധാനത്തിനുള്ള എല്ലാ അവസരങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും, യമൻ ജനതയെയും അവരുടെ ഭരണകൂടത്തെയും ദേശീയ സ്ഥാപനങ്ങളെയും സഹായിക്കാൻ സൗഹൃദ രാജ്യങ്ങളോടും അന്താരാഷ്ട്ര സമൂഹത്തോടും അഭ്യർഥിക്കുന്നതായും അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Yemen govt launches major offensive against Houthis
Next Story