നയതന്ത്രത്തിന് തയ്യാർ; പ്രതിരോധത്തിന് ഇറാൻ പൂർണ സജ്ജമെന്നും അരാഗ്ചി: ഹൂതികൾക്കെതിരെ ആക്രമണം കടുപ്പിച്ച് യെമൻ
text_fieldsതെഹ്റാൻ/ സൻആ: രാജ്യത്തെ പ്രതിരോധിക്കാൻ ഇറാൻ പൂർണ്ണമായും സജ്ജമാണെന്നും, ശത്രുക്കൾ ഒരിക്കൽക്കൂടി സൈനിക മാർഗ്ഗം തിരഞ്ഞെടുക്കുകയാണെങ്കിൽ മുമ്പത്തെക്കാൾ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അതേസമയം, നീതിപൂർവ്വകവും മാന്യവുമായ പരിഹാരം നയതന്ത്രത്തിലൂടെ തേടാൻ ഇറാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രതിരോധിക്കുന്നതും നയതന്ത്രം മുന്നോട്ട് കൊണ്ടുപോകുന്നതും ഇറാൻ ഗൗരവമായാണ് കാണുന്നതെന്നും ഇക്കാര്യത്തിൽ തങ്ങൾക്ക് ദൃഢനിശ്ചയമുണ്ടെന്നും അരാഗ്ചി കൂട്ടിച്ചേർത്തു. ന്യൂയോർക്കിലെ ഇറാനിയൻ പ്രതിനിധി സംഘത്തിന്റെ സാന്നിധ്യം ശക്തവും ഫലപ്രദവുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സമാധാനത്തിനായി ഇറാൻ മുന്നോട്ടുവെച്ച ‘ഏഴ് ദിവസത്തെ പദ്ധതി’ അംഗീകരിക്കപ്പെടുകയാണെങ്കിൽ ഏഴ് ദിവസത്തിനുള്ളിൽ ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യെമനിൽ ഇറാൻ പിന്തുണയുള്ള ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രവിശ്യകൾ തിരിച്ചുപിടിക്കുന്നതിനായി സൈനിക നടപടിക്ക് യെമന്റെ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ തുടക്കം കുറിച്ചു. ഹൂതികളെ പരാജയപ്പെടുത്തുന്നതിന് യെമൻ അന്താരാഷ്ട്ര പിന്തുണയും തേടിയിട്ടുണ്ട്.
മറുഭാഗത്ത്, യു.എസ് സേന ഇറാൻ അതിർത്തികളിൽ നിന്ന് 1,000 കിലോമീറ്റർ ഉൾവലിഞ്ഞതായി ഐ.ആർ.ജി.സിയുടെ ഉന്നത കമാൻഡറായ റിയർ അഡ്മിറൽ അലി ഫദവി പറഞ്ഞു. "അമേരിക്കക്കാർ ഓടിപ്പോവുകയും ഞങ്ങളുടെ അതിർത്തികളിൽ നിന്ന് 1,000 കിലോമീറ്ററിലധികം അകത്തേക്ക് മാറിനിൽക്കുകയും ചെയ്തു. ഇത് അവരുടെ ഇഷ്ടപ്രകാരമുള്ളതായിരുന്നില്ല, മറിച്ച് ഇസ്ലാമിക റിപ്പബ്ലിക്കിന്റെയും ഐ.ആർ.ജി.സി ഗ്രൗണ്ട് ഫോഴ്സിന്റെയും സ്വാധീനം കൊണ്ടാണ്," ടെലിവിഷൻ അഭിമുഖത്തിൽ ഫദവി പറഞ്ഞു. ഇറാനിയൻ തുറമുഖങ്ങളിൽ യു.എസ് സൈന്യം കഠിനമായ നാവിക ഉപരോധം തുടരുന്നതിനിടയിലാണ് ഫദവിയുടെ ഈ അവകാശവാദം വരുന്നത്. “കർശനമായ അനുസരണം ഉറപ്പാക്കുന്നതിനായി” ജൂലൈ മുതൽ 125 വാണിജ്യ കപ്പലുകളെ വഴിതിരിച്ചുവിട്ടതായി യു.എസ് സെൻട്രൽ കമാൻഡ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

