Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യമനിൽ പോരാട്ടം രൂക്ഷം; തുർക്കിയയോടും പാകിസ്താനോടും ഹൂതികളുടെ മുന്നറിയിപ്പ്, സൗദിക്കൊപ്പം സൈനിക നീക്കത്തിന് ഇറങ്ങരുത്

text_fields
bookmark_border
യമനിൽ പോരാട്ടം രൂക്ഷം; തുർക്കിയയോടും പാകിസ്താനോടും ഹൂതികളുടെ മുന്നറിയിപ്പ്, സൗദിക്കൊപ്പം സൈനിക നീക്കത്തിന് ഇറങ്ങരുത്
cancel

സൻആ: യമനെതിരായ സൗദി അറേബ്യയുടെ സൈനിക നീക്കങ്ങളിൽ പങ്കുചേരുന്നതിൽനിന്ന് പാകിസ്താനും തുർക്കിയയും വിട്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹൂതികൾ. പതിനൊന്ന് വർഷമായി തുടരുന്ന സൗദിയുടെ ആക്രമണങ്ങളിലും ഉപരോധത്തിലും ഈ രാജ്യങ്ങൾ പങ്കാളികളാകരുതെന്നും ഹൂതി രാഷ്ട്രീയ കാര്യ സമിതി അംഗം ഹിസാം അൽ-അസദ് അഭ്യർഥിച്ചു.

‘പതിനായിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത സൗദിയുടെ ആക്രമണങ്ങളിലും നമ്മുടെ രാജ്യത്തിന് മേൽ ഏർപ്പെടുത്തിയ ഉപരോധത്തിലും പാകിസ്താനും തുർക്കിയും പങ്കുചേരില്ലെന്നാണ് ഞങ്ങളുടെ പ്രതീക്ഷ’-ഹിസാം അൽ അസദ് റഷ്യൻ വാർത്ത ഏജൻസിയായ ആർഐഎ നൊവോസ്തിയോട് പറഞ്ഞു.

‘മക്ക പ്രതിരോധ കരാറിന്റെ' അടിസ്ഥാനത്തിൽ സൗദി അറേബ്യക്ക് സൈനിക പിന്തുണ നൽകാനും സേനയെയും ആയുധങ്ങളെയും രാജ്യത്ത് വേഗത്തിൽ വിന്യസിക്കാനും തിങ്കളാഴ്ച തുർക്കിയും പാകിസ്താനും തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൂതികളുടെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.

അതേസമയം, ‘ഡോൺ ഓഫ് യമൻ’എന്ന പുതിയ സൈനിക നീക്കത്തിലൂടെ യമനിൽ വീണ്ടും പോരാട്ടം രൂക്ഷമായത് മേഖലയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. നിലവിലുണ്ടായിരുന്ന സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്ന ഈ നീക്കം പശ്ചിമേഷ്യയെ കൂടുതൽ അപകടകരമായ സാഹചര്യങ്ങളിലേക്കാണ് നയിക്കുന്നത്.

തുർക്കിയയുടെയും പാകിസ്താന്റെയും പിന്തുണയോടെ സൗദി അറേബ്യ പ്രതിരോധം ശക്തമാക്കുന്ന മക്ക കരാർ പ്രായോഗിക തലത്തിൽ നടപ്പിലാക്കാൻ തുടങ്ങിയതോടെ ഹൂതികളും പ്രത്യാക്രമണം ശക്തമാക്കിയിട്ടുണ്ട്. സൗദിയുടെ ആഭ്യന്തര മേഖലകളെയും തന്ത്രപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമാക്കി മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങൾ ഹൂതികൾ ഇപ്പോൾ കടുപ്പിച്ചിരിക്കുകയാണ്.

യമനിലെ ഹൂതികളുടെ നിരന്തരമായ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനും സൗദി അറേബ്യയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി തുർക്കിയയും പാകിസ്താനും സൗദി അറേബ്യയിലേക്ക് സൈന്യത്തെ അയക്കാൻ ദിവസങ്ങൾക്ക് മുമ്പാണ് തീരുമാനിച്ചത്. കഴിഞ്ഞ ആഗസ്റ്റിൽ ഒപ്പുവെച്ച മക്ക സംയുക്ത പ്രതിരോധ കരാർ പ്രകാരമാണ് ഈ നടപടി. പുതിയ പരസ്പര പ്രതിരോധ സഖ്യത്തിന്റെ ഭാഗമായി ഈ രാജ്യങ്ങൾ സംയുക്തമായാണ് ‘വേഗത്തിലുള്ള സൈന്യവിന്യാസത്തിന്’ തീരുമാനിച്ചിരിക്കുന്നത്.

ആക്രമണമുണ്ടായാൽ പരസ്പരം സഹായിക്കാൻ പ്രതിജ്ഞാബദ്ധമാക്കുന്നതാണ് ഈ കരാർ. നാറ്റോയിലെ രണ്ടാമത്തെ വലിയ സൈന്യമുള്ള തുർക്കിയയും, ഇസ്‍ലാമിക ലോകത്തെ ഏക അണുശക്തിയായ പാകിസ്താനും, ഗൾഫിലെ മുൻനിര ശക്തിയായ സൗദി അറേബ്യയും ഈ പുതിയ സഖ്യത്തിലൂടെ ഒന്നിക്കുകയാണ്.

തിങ്കളാഴ്ച റിയാദിൽ നടന്ന അടിയന്തര യോഗത്തിന് ശേഷമാണ് മൂന്ന് രാജ്യങ്ങളും ചേർന്ന് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.

രാജ്യത്തിന്റെ സുരക്ഷക്കും അഖണ്ഡതക്കും എതിരെയുള്ള ഏതൊരു ആക്രമണത്തെയോ ഭീഷണിയെയോ പൂർണമായും തള്ളിക്കളയുന്നതായി മൂന്ന് രാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ ആവർത്തിച്ചു വ്യക്തമാക്കി. കൂട്ടായ പ്രതിരോധ പ്രതിബദ്ധതകൾ ഉടൻ നടപ്പിലാക്കാനും, ആവശ്യമായ സൈനിക ശേഷി ഉറപ്പാക്കാനും, സൗദി അറേബ്യയിൽ സൈന്യത്തെ അതിവേഗം വിന്യസിക്കാനുള്ള നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. എങ്കിലും, സൗദിയിലെത്തുന്ന സൈന്യം ഏതുതരം ചുമതലകളാണ് നിർവഹിക്കുകയെന്ന കാര്യം പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല.

യമനിലെ ആഭ്യന്തര യുദ്ധം ജൂലൈയിൽ വീണ്ടും തീവ്രമായതോടെയാണ് സൗദി നഗരങ്ങളും എണ്ണക്കമ്പനികളും കപ്പലുകളും ലക്ഷ്യമിട്ട് ഹൂതികളുടെ ഭാഗത്തുനിന്ന് തുടർച്ചയായ ആക്രമണങ്ങളുണ്ടായത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Yemen Conflict Escalates; Houthis Warn Turkey And Pakistan
Next Story