Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യമനിലെ പുതിയ സംഘർഷം: പലായനം ചെയ്തത് 2.9 ലക്ഷത്തോളം ആളുകൾ; ഗർഭിണികൾ ഗുരുതര പ്രതിസന്ധിയിലെന്ന് യുഎൻ

text_fields
bookmark_border
യമനിലെ പുതിയ സംഘർഷം: പലായനം ചെയ്തത് 2.9 ലക്ഷത്തോളം ആളുകൾ; ഗർഭിണികൾ ഗുരുതര പ്രതിസന്ധിയിലെന്ന് യുഎൻ
cancel

സൻആ: യമനിൽ ആഗസ്റ്റിൽ വീണ്ടും പൊട്ടിപ്പുറപ്പെട്ട യുദ്ധത്തെ തുടർന്ന് കുറഞ്ഞത് 2,90,000 ആളുകൾ പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യ ഓഫിസ് (ഒ.സി.എ.എ) അറിയിച്ചു. പ്രത്യേകിച്ച് തൈസ് ഗവർണറേറ്റിലും തീരപ്രദേശങ്ങളിലും യമൻ സർക്കാരിന്റെ അംഗീകൃത സേനയും ഹൂതി വിമതരും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായതോടെ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

രാജ്യത്ത് നിലവിലുള്ള സംഘർഷത്തിൽ 65,000ത്തോളം അഭയാർഥികളും അഭയം തേടിയെത്തിയവരും കടുത്ത ദുരിതത്തിലാണ്. സേവനങ്ങൾ തടസ്സപ്പെട്ടതിനൊപ്പം ഭക്ഷണത്തിനും ഇന്ധനത്തിനും വില കുത്തനെ ഉയർന്നു.

പലായനം ചെയ്തവരിൽ 6,100 ഗർഭിണികളും ഉൾപ്പെടുന്നു. ഇതിൽ അടുത്ത രണ്ടാഴ്ചക്കുള്ളിൽ പ്രസവിക്കേണ്ട 600 പേരും ഉൾപ്പെടുന്നുണ്ട് എന്നത് സ്ഥിതിഗതികളുടെ ഗൗരവം വർധിപ്പിക്കുന്നു. ദുരിതബാധിത പ്രദേശങ്ങളിൽ യുഎൻ മൊബൈൽ ടീമുകളെയും മിഡ്‌വൈഫുകളെയും (പ്രസവചികിത്സ വിദഗ്ധർ) വിന്യസിച്ചിട്ടുണ്ട്. പലായനം ചെയ്തവരിൽ ഏകദേശം നാലിലൊന്ന് ഭാഗം വരുന്ന 2,49,000 ആളുകൾക്ക് ഭക്ഷണവും ശുചിത്വ വസ്തുക്കളും അടിയന്തര ധനസഹായവും എത്തിച്ചു നൽകാൻ സഹായ സംഘടനകൾക്ക് സാധിച്ചിട്ടുണ്ട്.

യമനിലെ യുദ്ധം അയൽരാജ്യമായ സൗദി അറേബ്യയിലേക്കും വ്യാപിച്ചിരിക്കുകയാണ്. ശനിയാഴ്ച റിയാദ് മേഖലക്ക് മുകളിലൂടെ വന്ന ഒരു ഡ്രോൺ സഖ്യസേന വെടിവെച്ച് വീഴ്ത്തി. റിയാദ് മേഖലയിൽ തുടർച്ചയായ രണ്ടാം ദിവസമാണ് ഇത്തരത്തിലുള്ള സംഭവം നടക്കുന്നത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സഖ്യസേന വക്താവ് തുർക്കി അൽ മാലകി എക്സിൽ കുറിച്ചു.

വെള്ളിയാഴ്ച മക്ക, മദീന, റിയാദ് എന്നിവക്ക് സമീപം ഡ്രോണുകൾ വെടിവെച്ചിട്ടതായി സൗദി അറേബ്യ അറിയിച്ചിരുന്നു. രാജ്യത്തിന്റെ തെക്ക് ഭാഗത്തേക്ക് ഹൂതികൾ തൊടുത്തുവിട്ട മിസൈലും തടഞ്ഞിരുന്നു. എന്നാൽ സൗദി അതിർത്തിയിലേക്ക് ഡ്രോണുകൾ അയച്ചിട്ടില്ലെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സാരീ പ്രതികരിച്ചു.

ഇസ്‌ലാമിന്റെ രണ്ട് വിശുദ്ധ നഗരങ്ങളെ ലക്ഷ്യമിട്ടിട്ടില്ലെന്ന് ഹൂതികൾ ആവർത്തിച്ച് വ്യക്തമാക്കുമ്പോഴും, സൗദി തലസ്ഥാനം, വിമാനത്താവളങ്ങൾ, എണ്ണക്കമ്പനികൾ എന്നിവക്ക് നേരെ ആക്രമണങ്ങൾ നടത്തിയതായി അവർ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ 10ന് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഹൂതി ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും 300ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

യമന്റെ താൽക്കാലിക തലസ്ഥാനമായ ഏഡനിലെ സർക്കാർ ആസ്ഥാനമായ മാഷിഖ് പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ ഹൂതികൾ കുറഞ്ഞത് മൂന്ന് ബാലസ്റ്റിക് മിസൈലുകളെങ്കിലും തൊടുത്തതായി വെള്ളിയാഴ്ച യമൻ സർക്കാർ അറിയിച്ചു. നേരത്തെ ഹൂതി ആക്രമണത്തെ തുടർന്ന് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന ഏഡൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും അവർ മിസൈലാക്രമണം നടത്തി.

തൈസ് ഗവർണറേറ്റിൽ ഹൂതി ആക്രമണത്തിൽ ഒരു സിവിലിയൻ കൊല്ലപ്പെടുകയും ഒരു കുട്ടി ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആഗസ്റ്റ് മുതൽ യുഎൻ പരിശോധിച്ച കണക്കുകൾ പ്രകാരം 68 കുട്ടികൾ ഉൾപ്പെടെ 270 സിവിലിയൻ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.

സെപ്റ്റംബർ ഒന്നിനും ഒക്ടോബർ 29നും ഇടയിൽ തൈസ് പ്രവിശ്യയിൽ 38 കുട്ടികളും 27 സ്ത്രീകളും അടക്കം കുറഞ്ഞത് 189 സിവിലിയന്മാർ ഹൂതികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി യമൻ നെറ്റ്‌വർക്ക് ഫോർ റൈറ്റ്സ് ആൻഡ് ഫ്രീഡംസ് അറിയിച്ചു. 23 പേരെ വിചാരണ കൂടാതെ വധിച്ചതായും 300ലധികം പേരെ കാണാതായതായും അവർ വ്യക്തമാക്കി.

പോരാട്ടത്തെ തുടർന്ന് റോഡുകൾ തടസ്സപ്പെട്ടത് മൂലം രണ്ട് ദശലക്ഷത്തോളം ആളുകളിലേക്ക് ഭക്ഷണവും മരുന്നും ഇന്ധനവും വെള്ളവും എത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. 2014 സെപ്റ്റംബറിൽ ഹൂതികൾ തലസ്ഥാനമായ സൻആ പിടിച്ചെടുത്തതോടെയാണ് യമനിൽ യുദ്ധം ആരംഭിച്ചത്. 2015 മാർച്ചിൽ സഖ്യസേന കൂടി ഇടപെട്ടതോടെ സംഘർഷം അതീവ ഗുരുതരമായി മാറി. നിലവിൽ ഹൂതികളിൽ നിന്നും പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ സർക്കാർ പുതിയ സൈനിക നീക്കം പ്രഖ്യാപിച്ചിരിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Yemen conflict: 2.9 lakh displaced, UN warns of crisis for pregnant women
Next Story