ബ്രിട്ടനെ പ്രകോപിപ്പിച്ച് യായർ നെതന്യാഹു; ഫോക്‌ലൻഡിൽ അർജന്റീനക്ക് പരസ്യ പിന്തുണ
text_fieldsതെൽ അവീവ്: ഇസ്രായേലിന്‍റെ വിശ്വസ്ത പിന്തുണക്കാരായ ബ്രിട്ടീഷ് വലതുപക്ഷത്തെ ചൊടിപ്പിച്ച് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ മകൻ യായർ നെതന്യാഹു. ഫോക്‌ലൻഡ് ദ്വീപുകൾ അർജന്റീനയുടേതാണെന്ന യായറിന്‍റെ പരസ്യപ്രഖ്യാപനമാണ് ബ്രിട്ടനിലെ തീവ്രവലതുപക്ഷ രാഷ്ട്രീയ വൃത്തങ്ങളിൽ കടുത്ത പ്രതിഷേധത്തിന് വഴിവെച്ചത്. ഫലസ്തീനെ അംഗീകരിച്ച ബ്രിട്ടനെതിരെ രാഷ്ട്രീയ തിരിച്ചടിയെന്ന നിലയിൽ ഉയർത്തിയ വാദം, ഒടുവിൽ ഇസ്രായേലിന് അനുകൂലമായി നിലകൊണ്ടിരുന്ന വിഭാഗങ്ങളെപ്പോലും പ്രകോപിപ്പിച്ചിരിക്കുകയാണ്.
ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിലെ ഫോക്‌ലൻഡ് ദ്വീപുകളെച്ചൊല്ലിയുള്ള ദീർഘകാല തർക്കത്തിൽ കഴിഞ്ഞ ആഴ്ചയാണ് യായർ നെതന്യാഹു പ്രതികരിച്ചത്.“ഫോക്‌ലൻഡ് ദ്വീപുകൾ അർജന്റീനയുടേതാണ്” എന്നായിരുന്നു സ്പാനിഷ് ഭാഷയിൽ കുറിച്ച എക്സ് പോസ്റ്റിൽ യായർ അറിയിച്ചത്. 1982ൽ ഫോക്‌ലൻഡ് ദ്വീപുകളുടെ നിയന്ത്രണത്തെച്ചൊല്ലി ബ്രിട്ടനും അർജന്റീനയും യുദ്ധം നടത്തിയിരുന്നു. ഇന്നും ദ്വീപുകളുടെ പരമാധികാരത്തെക്കുറിച്ച് തർക്കം തുടരുകയാണ്.
നിലവിലെ അർജന്റീന സർക്കാർ ഇസ്രായേലിനോട് കൂടുതൽ സൗഹൃദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും അതിനാൽ ഫോക്‌ലൻഡ് വിഷയത്തിൽ ഇസ്രായേൽ അർജന്റീനയെ പിന്തുണക്കണമെന്നും യായർ അഭിപ്രായപ്പെട്ടു. തീവ്രവലതുപക്ഷ നേതാവായ ഹാവിയർ മിലേയാണ് നിലവിൽ അർജന്റീനയുടെ പ്രസിഡന്റ്. ഇസ്രായേലിനോടുള്ള ബ്രിട്ടന്റെ സമീപനം കപടവും ശത്രുതാപരവുമാണെന്നാണ് ഫലസ്തീനെ അംഗീകരിച്ച ബ്രിട്ടന്‍റെ തീരുമാനത്തെ ചൂണ്ടിക്കാട്ടി യായർ ആരോപിച്ചത്. ബ്രിട്ടനിൽ ജൂതവിരുദ്ധതയും ഇസ്രായേലിനെതിരായ അടിസ്ഥാനരഹിത ആരോപണങ്ങളും തുടരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യായർ നെതന്യാഹുവിന്റെ പ്രസ്താവന പുറത്തുവന്നതിന് ഏതാനും ദിവസങ്ങൾക്ക് ശേഷം അർജന്റീന പ്രസിഡന്റ് മിലേയുടെ അടുത്ത സഖ്യകക്ഷിയായ ഡോണാൾഡ് ട്രംപ്, ഫോക്‌ലൻഡ് വിഷയത്തിലെ അമേരിക്കയുടെ നിലപാട് പുനഃപരിശോധിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ബ്രിട്ടനിലെ ലേബർ സർക്കാറിനെ ലക്ഷ്യമിട്ടായിരുന്നു യായറിന്റെ പ്രസ്താവനയെന്നാണ് വിലയിരുത്തൽ. എന്നാൽ സാധാരണയായി ഇസ്രായേലിനെ പിന്തുണയ്ക്കുന്ന ബ്രിട്ടനിലെ വലതുപക്ഷ നേതാക്കളെയും ഇത് പ്രകോപിപ്പിച്ചിട്ടുണ്ട്.
എന്നാൽ തീവ്രവലതുപക്ഷ പാർട്ടിയായ റിസ്റ്റോർ ബ്രിട്ടന്റെ നേതാവ് റൂപ്പർട്ട് ലോ യായറിന് എക്സിലൂടെ തന്നെ നേരിട്ട് മറുപടി നൽകി. ഫോക്‌ലൻഡ് ദ്വീപുകൾ ബ്രിട്ടന്റെ ഭാഗമായിത്തന്നെ തുടരുമെന്നും തന്റെ പാർട്ടി അധികാരത്തിലെത്തിയാൽ ആവശ്യമെങ്കിൽ യുദ്ധത്തിനും തയാറാകുമെന്നും ലോ അറിയിച്ചു.
`ഇസ്രായേലിൽ തന്നെ നിങ്ങൾക്ക് ശ്രദ്ധിക്കാനുള്ള നിരവധി പ്രശ്നങ്ങളുണ്ട്' എന്നും അദ്ദേഹം പ്രതികരിച്ചു. ഫോക്‌ലൻഡ് വിഷയത്തിൽ ഇസ്രായേൽ സർക്കാർ ഔദ്യോഗിക നിലപാട് വ്യക്തമാക്കണമെന്നാണ് ലോ മുന്നോട്ടു വെച്ച ആവശ്യം. അതേ സമയം ഫോക്‌ലൻഡ് വിഷയത്തിൽ യായർ നെതന്യാഹുവിന്റെ നിലപാടിനെ പിന്തുണച്ച് ഇസ്രായേൽ ഇതുവരെ പരസ്യമായി രംഗത്തെത്തിയിട്ടില്ല. എന്നിരുന്നാലും അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കുടിയേറ്റങ്ങളെക്കുറിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ ഐക്യരാഷ്ട്രസഭ സുരക്ഷാകൗൺസിൽ യോഗത്തിൽ നടത്തിയ ചർച്ചക്കിടെ ഫോക്‌ലൻഡ് ദ്വീപുകളെപ്പറ്റി ഇസ്രായേൽ വിദേശ കാര്യമന്ത്രി ഗിഡിയോന്‍ സാർ പരാമർശിച്ചിട്ടുണ്ട്. വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കുടിയേറ്റങ്ങൾ തങ്ങളുടെ സ്വന്തം സംസ്കാരത്തിന്റെ ഉത്ഭവഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്നും അതിനെ ഫോക്‌ലൻഡ് ദ്വീപുകളുമായി താരതമ്യം ചെയ്യാനാവില്ലെന്നും അദ്ദേഹം വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

