‘ഹമാസിനെ ഇങ്ങനെ ഇല്ലാതാക്കാനാവില്ല, യുദ്ധം നിർത്തൂ! എന്തിനാണ് ദിവസവും നമ്മുടെ സൈനികർ ഗസ്സയിൽ കൊല്ലപ്പെടുന്നത്?’ -ആഞ്ഞടിച്ച് ഇസ്രായേൽ പ്രതിപക്ഷ നേതാവ് യെയർ ലാപിഡ്
text_fieldsതെൽഅവീവ്: ഗസ്സ യുദ്ധം തുടരുന്നതിനെതിരെ ആഞ്ഞടിച്ച് ഇസ്രായേൽ പ്രതിപക്ഷ നേതാവ് യെയർ ലാപിഡ്. എല്ലാ ദിവസവും നമ്മുടെ സൈനികർ അവിടെ കൊല്ലപ്പെടുകയാണെന്നും എന്തിനാണതെന്നും അദ്ദേഹം ചോദിച്ചു. “ബന്ദി മോചന കരാർ ഉണ്ടാക്കി യുദ്ധം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. യുദ്ധം തുടരുന്നതിലൂടെ ഇനി ഒരു നേട്ടവും നേടാനാവില്ല. സുരക്ഷാ നാശനഷ്ടം, രാഷ്ട്രീയ നാശനഷ്ടം, സാമ്പത്തിക നാശനഷ്ടം മാത്രമാണ് നമുക്ക് ലഭിക്കുന്നത്. യാഥാർത്ഥ്യം മാറുന്നത് ഫാന്റസികൾ കൊണ്ടല്ല, മറിച്ച് സൈനിക, രാഷ്ട്രീയ ശ്രമങ്ങളുടെ ശരിയായ സംയോജനത്തിലൂടെയാണ്. എല്ലാ ദിവസവും നമ്മുടെ സൈനികർ കൊല്ലപ്പെടുന്നത് എന്തിനാണ്?” -ഇസ്രായേൽ പാർലമെന്റായ നെസെറ്റിൽ യെഷ് ആറ്റിഡ് പാർട്ടിയുടെ പ്രതിവാര യോഗത്തിന് മുന്നോടിയായി ലാപിഡ് ചോദിച്ചു.
യുദ്ധം അവസാനിപ്പിച്ച് ബന്ദികളെ തിരികെ കൊണ്ടുവരാനുള്ള സമയമാണിത്. ഇസ്രായേൽ ഇപ്പോഴും ഗസ്സയിൽ തുടരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. “ഹമാസിനെ ഇങ്ങനെയൊന്നും ഇല്ലാതാക്കാനാകില്ല. ഗസ്സയിൽ ഒരു ബദൽ സർക്കാർ ഇല്ലാത്തിടത്തോളം കാലം ഹമാസ് ഇല്ലാതാകില്ല. ഐ.ഡി.എഫിനെ പുനർവിന്യസിക്കണം. ഹമാസിനെ ഇല്ലാതാക്കുന്നതിനുള്ള ഒരു ദീർഘകാല പദ്ധതി രൂപപ്പെടുത്തുകയും സ്വമേധയാ ഉള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്യണം’ -അദ്ദേഹം പറഞ്ഞു.
‘ഹമാസിനെ ഇല്ലാതാക്കുന്നതിനെ ഞാൻ അനുകൂലിക്കുന്നു, പക്ഷേ, ഒരു ബദൽ സർക്കാർ ഗസ്സയിൽ ചുമതലയേൽക്കാത്തിടത്തോളം കാലം ഹമാസ് ഇല്ലാതാകില്ല. ഈജിപ്തിനെയും മറ്റ് അറബ് രാജ്യങ്ങളെയും ഗസ്സയുടെ നിയന്ത്രണം ഏൽപിക്കുന്നതിനുള്ള പ്രക്രിയ ഒരു വർഷം മുമ്പെങ്കിലും നമ്മൾ ആരംഭിക്കേണ്ടതായിരുന്നു’ -ലാപിഡ് പറഞ്ഞു.
‘ഗസ്സ പിടിച്ചടക്കി എന്നെന്നേക്കുമായി ഭരിക്കണമെന്നാണ് തീവ്ര വലതുപക്ഷ മന്ത്രിമാർ ആഗ്രഹിക്കുന്നതെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നാൽ, അങ്ങനെ ചെയ്യുന്നത് കൊണ്ട് സൈനികർ മരിക്കുന്നത് തുടരും. ഇപ്പോൾ തന്നെ കനത്ത പ്രഹരമേറ്റ് കിടക്കുന്ന ഇസ്രായേലി നികുതിദായകരായ മധ്യവർഗമാണ് അതിന്റെ സാമ്പത്തിക ബാധ്യത മുഴുവൻ പേറേണ്ടി വരിക. ഇത് അപകടകരമായ ഒരു ആശയമാണെന്നും യാഥാർത്ഥ്യവുമായി പുലബന്ധമില്ലെന്നും ഭൂരിഭാഗം ഇസ്രായേലി പൗരന്മാർക്കും നന്നായറിയാം. യഥാർത്ഥ്യം തിരിച്ചറിഞ്ഞ് നമ്മൾ ഒരു ബന്ദി മോചന കരാർ ഉണ്ടാക്കണം, യുദ്ധം അവസാനിപ്പിക്കണം’ -അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

