കേരളത്തിന്റെ അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിന് പ്രശംസയുമായി ചൈനീസ് അംബാസിഡർ
text_fieldsഷു ഫെയ്ഹോങ്
തിരുവനന്തപുരം: കേരളത്തിന്റെ അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിന് പ്രശംസയുമായി ചൈനീസ് അംബാസിഡർ. ചരിത്രപരമായ നേട്ടത്തിൽ കേരളത്തെ അഭിനന്ദിക്കുന്നുവെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസിഡർ ഷു ഫെയ്ഹോങ് സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രമടക്കം പങ്കുവച്ചായിരുന്നു പ്രശംസ.
‘കടുത്ത ദാരിദ്ര്യം അവസാനിപ്പിക്കുന്നതിൽ ചരിത്രപരമായ നേട്ടം കൈവരിച്ച കേരളത്തിന് ഊഷ്മളമായ അഭിനന്ദനങ്ങൾ. ദാരിദ്ര്യം ഇല്ലാതാക്കുകയെന്നത് മാനവരാശിയുടെ പൊതു ദൗത്യമാണ്’- ഷു ഫെയ്ഹോങ് കുറിച്ചു.
ചരിത്രപുസ്തകത്തിലെ പുതിയ അധ്യായവും നവകേരള സാക്ഷാത്കാരത്തിലേക്കുള്ള ചവിട്ടുപടിയുമെന്ന് മുഖ്യമന്ത്രി
കേരളം അതിദാരിദ്ര്യമുക്തമായത് ചരിത്രപുസ്തകത്തിലെ പുതിയ അധ്യായവും നവകേരള സാക്ഷാത്കാരത്തിലേക്കുള്ള ചവിട്ടുപടിയുമാണെന്ന് ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അതിദാരിദ്ര്യമെന്ന ദുരവസ്ഥയെയാണ് നാം തോല്‍പ്പിച്ചത്. പുതിയ കേരളത്തിന്‍റെ ഉദയമാണിത് -അദ്ദേഹം പറഞ്ഞു. കേരളം അതിദാരിദ്ര്യമുക്തമായതിന്‍റെ പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
അതിദാരിദ്ര്യമില്ലാത്ത നാടായി ലോകത്തിനു മുന്നിൽ നാം ഇന്ന് ആത്മാഭിമാനത്തോടെ തല ഉയർത്തി നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐക്യ കേരളമെന്ന സ്വപ്നം യാഥാർത്ഥ്യമായിട്ട് 69 വർഷം തികയുന്ന മഹത്തായ ദിനമാണ് ഇന്ന്. അതിദാരിദ്ര്യത്തെ നാടിന്റെ ആകെ സഹകരണത്തോടെയാണ് ചെറുത്തുതോൽപ്പിച്ചത്. 64,006 കുടുംബങ്ങളിൽ വിവിധ ഘട്ടങ്ങളിലായി 64,005 കുടുംബങ്ങൾ അതിദാരിദ്ര്യമുക്തമായിരുന്നു. എന്നാൽ, ഒരു കുടുംബമാണ് ബാക്കിയുണ്ടായിരുന്നത്. അതിന് സാങ്കേതിക പ്രശ്നമുണ്ടായിരുന്നു. ആ സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിനായി മന്ത്രിസഭയുടെ മുമ്പിൽ വന്നു. ആ പ്രശ്നവും പരിഹരിച്ചു. അതോടെ തയാറാക്കിയ വെബ്സൈറ്റിൽ ബാക്കിയുണ്ടായിരുന്ന അതിദാരിദ്രരുടെ പട്ടികയിൽ ഒന്ന് എന്ന സ്ഥാനത്ത് പൂജ്യം എന്നായി. ഞങ്ങളെല്ലാം കണ്ടുനിൽക്കെ 64,006 കുടുംബങ്ങളും അതിദാരിദ്ര്യമുക്തമായി.
കേരളം ലോകത്തിനുമുന്നിൽ വെക്കുന്ന ജനപക്ഷ ബദലിന്‍റെ വിജയമാണിത്. നമ്മുടെ സഹോദരങ്ങളിലാരും പട്ടിണി കിടക്കുകയോ, കിടപ്പാടമില്ലാതെ അലയുകയോ, ചികിത്സ കിട്ടാതെ മരിക്കുകയോ ചെയ്യുന്ന അവസ്ഥ ഉണ്ടാകരുത് എന്ന നിശ്ചയദാര്‍ഢ്യത്തോടെ ഏറ്റെടുത്ത ദൗത്യമാണിത്. ചിലർ വിമർശിക്കുംപോലെ തട്ടിപ്പ് പദ്ധതിയല്ല. കേവലം ഒരു ക്ഷേമ പദ്ധതിയും ചാരിറ്റി പ്രവര്‍ത്തനവുമല്ല. ഭരണഘടന വിഭാവനം ചെയ്യുന്ന സാമ്പത്തിക സമത്വമെന്ന അടിസ്ഥാന മൂല്യത്തിന്റെ പ്രായോഗിക സാക്ഷാത്കാരവും പാവപ്പെട്ടവന്റെ അവകാശവുമാണിത്.
ഓരോ തെരഞ്ഞെടുപ്പിലും ഭരണകക്ഷികള്‍ മാറി വരുന്നതായിരുന്നു കേരളത്തിന്‍റെ ദുരിതം. അതിനാൽ വികസന, ക്ഷേമ പദ്ധതികള്‍ക്ക് തുടര്‍ച്ചയില്ലാതായി. മാവേലി സ്റ്റോറുകൾ ശോഷിപ്പിച്ചു, ജനകീയാസൂത്രണത്തിന്‍റെ ശോഭകെടുത്തി, കുടുംബശ്രീക്ക് പകരം ജനശ്രീ കൊണ്ടുവന്നു, ലൈഫ് അടക്കമുള്ള മിഷനുകള്‍ പിരിച്ചുവിടുമെന്ന പ്രഖ്യാപനം ഉണ്ടായി. ഈ അവസ്ഥക്ക് മാറ്റം വന്നത് 2021ല്‍ ഭരണത്തുടര്‍ച്ച ഉണ്ടായപ്പോഴാണ്. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന ജീവിതനിലവാരത്തിലേക്ക് കേരളത്തെ ഉയര്‍ത്തും എന്നതാണ് നവകേരള നിർമിതിയുടെ ലക്ഷ്യം. ആ ലക്ഷ്യം ഏറെ അകലെയല്ല. എല്ലാ നിലയിലും കേരളം മുന്നേറുകയാണ്. കേരളത്തിലെ ശിശു, മാതൃമരണനിരക്ക് അമേരിക്കയേക്കാൾ കുറവാണ്- അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

