‘ഷീ എന്നെ കെട്ടിപ്പിടിച്ച് സ്വീകരിക്കും’; ഇറാനുമായുള്ള ആയുധ ഇടപാടിൽനിന്ന് ചൈന പിന്മാറിയെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: ഇറാന് ആയുധങ്ങളും സൈനികസഹായങ്ങളും നൽകരുതെന്ന കാര്യത്തിൽ ചൈനയുമായി ധാരണയായെന്ന് അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലേക്ക് ആയുധങ്ങൾ അയക്കില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് തനിക്ക് ഉറപ്പുനൽകിയതായും ട്രംപ് വെളിപ്പെടുത്തി. തന്റെ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. വരാനിരിക്കുന്ന ചൈന സന്ദർശനത്തിൽ ഷീ ജിൻപിങ് തന്നെ ഊഷ്മളമായി സ്വീകരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഇറാനിലേക്കുള്ള ആയുധ കൈമാറ്റം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് താൻ ഷീ ജിൻപിങ്ങിന് നേരിട്ട് കത്തയച്ചിരുന്നതായി ട്രംപ് പറഞ്ഞിരുന്നു. നിലവിൽ ഇറാനിലേക്ക് ആയുധങ്ങൾ വിതരണം ചെയ്യുന്നില്ലെന്ന് വ്യക്തമാക്കി ഷീ മറുപടി നൽകിയതായും അദ്ദേഹം അവകാശം ഉന്നയിച്ചു. ആഗോള എണ്ണ വ്യാപാരത്തിന്റെ സുപ്രധാന പാതയായ ഹുർമുസ് കടലിടുക്ക് തുറന്നിടാനുള്ള അമേരിക്കൻ നീക്കങ്ങൾക്ക് ചൈന പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. സമാധാനപരമായ നയതന്ത്ര നീക്കങ്ങളാണ് അഭികാമ്യമെന്നും എന്നാൽ ആവശ്യമെങ്കിൽ ശക്തമായ സൈനിക നടപടിക്ക് അമേരിക്ക മുതിരുമെന്നും അദ്ദേഹം ഭീഷണി സ്വരം ഉയർത്തി.
ഇറാനെ സൈനികമായി സഹായിക്കുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ആയുധങ്ങൾ കൈമാറുന്ന രാജ്യങ്ങളിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് 50 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാനുമായുള്ള വ്യാപാര ബന്ധങ്ങളിൽനിന്ന് മറ്റ് രാജ്യങ്ങളെ പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപിന്റെ ഈ നടപടി.
ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക അടുത്തിടെ നടത്തിയ ആക്രമണങ്ങളെ ട്രംപ് ന്യായീകരിച്ചു. വരാനിരിക്കുന്ന ഏതാനും ആഴ്ചകൾക്കുള്ളിൽ ആണവായുധം നിർമിക്കാനുള്ള ഇറാന്റെ നീക്കത്തെ ഈ ആക്രമണത്തിലൂടെ തടയാനായെന്ന് അദ്ദേഹം ആവർത്തിച്ചു. ഇറാന്റെ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തിന് മറ്റു വൻശക്തികളിൽനിന്ന് കാര്യമായ എതിർപ്പുണ്ടായില്ലെന്നും ഗൾഫ് രാജ്യങ്ങൾ നിലവിൽ സുരക്ഷിതമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

