കോവിഡ് വ്യാപനം: ചൈനയുടെ വീഴ്ചകളും നുണകളും വെളിപ്പെടുത്തി 'വുഹാൻ ഫയൽസ്'
text_fieldsബെയ്ജിങ്: കോവിഡ് വ്യാപനം തടയുന്നതിൽ ചൈന മനഃപൂർവം വീഴ്ച വരുത്തിയെന്നും ലോകത്തോട് നുണകൾ വിളിച്ചുപറഞ്ഞെന്നും തെളിയിക്കുന്ന രേഖകൾ പുറത്ത്. കോവിഡ് നേരിടുന്നതിൽ ജാഗ്രതയും സുതാര്യതയും കാട്ടിയെന്ന ചൈനയുടെ വാദങ്ങൾ പൊളിക്കുന്ന രേഖകളടങ്ങിയ 'വുഹാൻ ഫയൽസ്' ആണ് പുറത്തുവന്നിരിക്കുന്നത്. നിരവധി തവണ പ്രതിദിന രോഗബാധിതരുടെ എണ്ണം സംബന്ധിച്ചും മരണസംഖ്യ സംബന്ധിച്ചും ചൈന ലോകത്തോട് നുണ പറഞ്ഞെന്ന് രേഖകളിലുണ്ട്. കോവിഡ് രോഗത്തിെൻറ യഥാർഥ പ്രത്യാഘാതങ്ങൾ സംബന്ധിച്ചും ചൈന ലോകത്തെ കബളിപ്പിച്ചെന്നും സി.എൻ.എൻ പുറത്തുവിട്ട 117 പേജുള്ള 'വുഹാൻ ഫയൽസി'ൽ പറയുന്നു.
ചൈനീസ് ആരോഗ്യപരിരക്ഷ മേഖലയുമായി അടുത്ത വൃത്തങ്ങളിൽ നിന്ന് ചോർന്ന രേഖകളുടെ ആധികാരികത ആറ് സ്വതന്ത്ര വിദഗ്ധരെ കൊണ്ട് പരിശോധിപ്പിച്ച ശേഷമാണ് സി.എൻ.എൻ പുറത്തുവിട്ടത്. ഈ 'വുഹാൻ ലീക്ക്സ്' സംബന്ധിച്ച് ചൈന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വുഹാന് മുമ്പ് ഹ്യുബെ പ്രവിശ്യയിലെ യിചാങിലും ഷിയാന്നിങിലും ഫ്ലു പടർന്നു പിടിച്ചത് ചൈന മറച്ചുവെച്ചുവെന്നാണ് രേഖകളിലുള്ളത്. വുഹാനിൽ നിന്ന് 198 മൈൽ പടിഞ്ഞാറുള്ള യിചാങിലാണ് ഏറ്റവും മോശമായി രോഗം പടർന്നത്. ഫ്ലു ബാധിച്ച രോഗികളെ പരിശോധിച്ചപ്പോൾ നിരവധി പേരുടെ ഫലങ്ങളിൽ അവ്യക്തത ഉണ്ടായിരുന്നു. ഇതെല്ലാം കോവിഡ് 19 കേസുകളായിരുന്നു എന്നാണ് രേഖകൾ പറയുന്നത്.
കഴിഞ്ഞ ഡിസംബറിൽ 200 പേർക്കെങ്കിലും കോവിഡ് ബാധിച്ചിരുന്നെന്നാണ് രേഖകളിലുള്ളത്. എന്നാൽ, ചൈന 'കാരണമറിയാത്ത ന്യുമോണിയ' എന്ന പേരിൽ 44 കേസുകൾ മാത്രമാണ് അന്ന് റിപ്പോർട്ട് ചെയ്തത്. ഹ്യൂബെ പ്രവിശ്യയിൽ ഫെബ്രുവരി 10നകം 5918 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഔദ്യോഗിക കണക്കുപ്രകാരം ഇതിെൻറ പകുതിയിൽ താഴെ മാത്രമാണ് ചൈന റിപ്പോർട്ട് ചെയ്തത്.
ആദ്യഘട്ടത്തിൽ പരിശോധനയുടെ കൃത്യത ഉറപ്പാക്കാൻ ചൈന ബുദ്ധിമുട്ടിയിരുന്നു. കോവിഡ് 19െൻറ ലക്ഷണങ്ങൾ കണ്ടെത്തുന്നതിന് 23 ദിവസം വരെയെടുത്തു. ആദ്യം ഉപയോഗിച്ച പരിശോധന കിറ്റുകൾ അധികവും തെറ്റായ ഫലം നൽകുന്നവയായിരുന്നെന്ന് 'വുഹാൻ ഫയൽസി'ലുള്ള ജനുവരിയിലെ ഒരു രേഖയിൽ പറയുന്നു.
മാർച്ച് ഏഴ് ആയപ്പോൾ ചൈനയുടെ ഔദ്യോഗിക കണക്കുപ്രകാരം 2986 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. എന്നാൽ യഥാർഥത്തിൽ ഇത് 3456 പേരായിരുന്നെന്ന് ഹ്യൂബെ പ്രൊവിൻഷ്യൽ സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്ന് ചോർന്ന രേഖയിൽ നിന്ന് വ്യക്തമാണ്. മാർച്ച് ഏഴിന് 83 കേസുകളാണ് ചൈന ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പക്ഷേ, അന്ന് 115 പേരിലാണ് രോഗം സ്ഥിരീകരിച്ചത്.
കൊറോണ വൈറസിെൻറ ഉദ്ഭവത്തെക്കുറിച്ച് ചൈന നൽകിയ പല വിവരങ്ങളിലും പൊരുത്തകേടുള്ളതായി ആദ്യം മുതൽക്കേ വിമർശനമുണ്ട്. ചൈനയിലെ ഹ്യൂബെ പ്രവിശ്യയിൽ 2019 നവംബർ 17ന് ആദ്യത്തെ കേസ് കണ്ടെത്തിയെന്നാണ് വിവരം. എന്നാൽ, രോഗബാധയെക്കുറിച്ച് ലോകാരോഗ്യസംഘടനയിൽ ചൈന റിപ്പോർട്ട് ചെയ്യുന്നത് ഡിസംബർ 31നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

