Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പതിറ്റാണ്ടുകൾക്കിടയിലെ രൂക്ഷമായ പ്രതിഷേധം'; ഫ്രാൻസ് പ്രക്ഷോഭച്ചൂടിലേക്ക്, 1,200ഓളം പേർ അറസ്റ്റിൽ

text_fields
bookmark_border
പതിറ്റാണ്ടുകൾക്കിടയിലെ രൂക്ഷമായ പ്രതിഷേധം; ഫ്രാൻസ് പ്രക്ഷോഭച്ചൂടിലേക്ക്, 1,200ഓളം പേർ അറസ്റ്റിൽ
cancel

പാരീസ്: വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കും പൊതുസേവനങ്ങളിലെ തകർച്ചയ്ക്കുമെതിരെ ഫ്രാൻസിൽ നടക്കുന്ന ജനകീയ പ്രക്ഷോഭം വലിയ തോതിലുള്ള അക്രമങ്ങളിലും കലാപത്തിലേക്കും കടന്നു. സമീപകാല ചരിത്രത്തിൽ രാജ്യം കണ്ട ഏറ്റവും വലിയ അക്രമപരമ്പരകളിലൊന്നാണ് ശനിയാഴ്ച വിവിധ നഗരങ്ങളിൽ അരങ്ങേറിയത്. പ്രക്ഷോഭത്തെ തുടർന്നുണ്ടായ സംഘർഷങ്ങളിൽ ഇതുവരെ 1,200-ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും 150-ലധികം പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു.

രാജ്യത്തുടനീളം ലക്ഷക്കണക്കിന് ആളുകൾ സമാധാനപരമായ റാലികളിൽ പങ്കെടുത്തപ്പോൾ, അക്രമകാരികളായ ചില പ്രത്യേക സംഘങ്ങൾ പൊതുസ്ഥലങ്ങൾ തകർക്കുകയും ലക്ഷ്വറി ബൂട്ടീക്കുകളും സൂപ്പർമാർക്കറ്റുകളും കൊള്ളയടിക്കുകയും പൊലീസ് വാഹനങ്ങൾക്കും ചരിത്ര സ്മാരകങ്ങൾക്ക് തീയിടുകയും ചെയ്തു. ലിമോജസ് നഗരത്തിൽ സിറ്റി ഹാളിന് പ്രക്ഷോഭകർ തീയിട്ടു. ലിയോണിൽ നഗരത്തിന്റെ ടൂറിസം ഓഫീസ് അഗ്നിക്കിരയാക്കി. അടുത്ത വർഷം പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വലിയ പ്രക്ഷോഭം രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

അക്രമങ്ങളെ സർക്കാർ ഒരു കാരണവശാലും ഭയപ്പെടില്ലെന്നും ഇതിന് പിന്നിൽ 'അൾട്രാ-ലെഫ്റ്റ്' വിഭാഗങ്ങളും ക്രിമിനലുകളുമാണെന്നും ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരം അക്രമങ്ങളിലൂടെ തങ്ങളുടെ രാഷ്ട്രീയ അജണ്ട ആരെയും അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം എക്സ് (X) പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി. രാജ്യത്ത് ഏകദേശം 550,000 ആളുകൾ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതായി ആഭ്യന്തര മന്ത്രി ലോറന്റ് നൂനെസ് അറിയിച്ചു. എന്നാൽ തങ്ങളുടെ കണക്കുകൾ പ്രകാരം 805,000 പേർ പ്രതിഷേധത്തിൽ പങ്കെടുത്തതായി സി.ജി.ടി യൂണിയൻ വ്യക്തമാക്കി.

അക്രമങ്ങൾ അഴിച്ചുവിട്ടവരെയും രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി. ഉയർന്ന ഇന്ധനവിലയ്ക്കും ജീവിതച്ചെലവുകൾക്കുമെതിരെയാണ് തങ്ങൾ സമരം ചെയ്യുന്നതെന്ന് പ്രക്ഷോഭകർ വ്യക്തമാക്കി. പാരീസിൽ വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾക്കെതിരെയും മികച്ച പഠനാന്തരീക്ഷം ആവശ്യപ്പെട്ടും നിരവധി യുവതീ യുവാക്കൾ തെരുവിൽ ഇറങ്ങി. പ്രക്ഷോഭത്തിനിടെ സ്റ്റൺ ഗ്രനേഡ് പൊട്ടിത്തെറിച്ച് ഒരു കൗമാരക്കാരന് കൈ നഷ്ടപ്പെട്ടത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പൊലീസ് നടപടികൾക്കെതിരെയും വ്യാപകമായ വിമർശനങ്ങൾ ഉയരുന്നുണ്ട്. പാരീസിലെ തെരുവുകളിൽ സ്ഥിതി നിയന്ത്രിക്കാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

ഫ്രാൻസിന് പുറമെ ബെൽജിയം, പോർച്ചുഗൽ, ഇറ്റലി തുടങ്ങിയ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ജീവിതച്ചെലവ് വർദ്ധിച്ചതിനെതിരെ പ്രതിഷേധങ്ങൾ നടന്നു. ലിസ്ബണിൽ പടിപടിയായി ഉയർന്ന ഭവനവിലയ്ക്കെതിരെ പതിനായിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഇറ്റലിയിലെ മിലാൻ, ബോലോഗ്ന തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധങ്ങൾ സംഘർഷഭരിതമായി. പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചാണ് അവിടങ്ങളിൽ സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. അൽബേനിയയിൽ സർക്കാർ അഴിമതിക്കും തൊഴിലില്ലായ്മയ്ക്കുമെതിരെ തുടർച്ചയായ അഞ്ചാം ദിവസവും വിദ്യാർഥി പ്രക്ഷോഭം തുടർന്നു.

ഫ്രാൻസിൽ മാർച്ചോടെ ആരംഭിച്ച സമരങ്ങൾ പിന്നീട് രാജ്യവ്യാപകമായി പടരുകയായിരുന്നു. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഭരണകാലാവധി അവസാനിക്കാറാകുമ്പോൾ, സാമ്പത്തിക പ്രതിസന്ധിയും ഉയർന്ന പൊതുക്കടവും സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് രാജ്യത്ത് പുതിയ സമരമുഖങ്ങൾ തുറക്കപ്പെട്ടിരിക്കുന്നത്. പൊലീസുകാർക്ക് നേരെ കല്ലേറുകളും ആക്രമണങ്ങളും തുടർച്ചയായി ഉണ്ടാകുന്നത് സേനയെ കടുത്ത സമ്മർദ്ദത്തിലാക്കുന്നുണ്ടെന്ന് യു.എൻ.എസ്.എ (UNSA) പൊലീസ് യൂണിയൻ വ്യക്തമാക്കി. രാജ്യത്ത് ക്രമസമാധാനം നിലനിർത്താൻ സർക്കാർ കർശനമായ സുരക്ഷാ നടപടികൾ സ്വീകരിച്ചുവരികയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'പതിറ്റാണ്ടുകൾക്കിടയിലെ രൂക്ഷമായ പ്രതിഷേധം'; ഫ്രാൻസ് പ്രക്ഷോഭച്ചൂടിലേക്ക്, 1,200ഓളം പേർ അറസ്റ്റിൽ
Next Story